തിരുവനന്തപുരം: വിദേശയാത്ര സംബന്ധിച്ച് മുഖ്യമന്ത്രി നടത്തിയ അവകാശവാദം അടിസ്ഥാനരഹിതമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രവർത്തിക്കാത്ത സർക്കാറാണിതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്തുന്നതിൽ തെറ്റില്ല.
എന്നാൽ, യാത്രയുടെ നേട്ടം സംബന്ധിച്ച റിപ്പോർട്ട് ജനങ്ങൾക്കുമുന്നിൽ വെക്കണം. ഗ്രഫീന്‍ അടിസ്ഥാനമാക്കിയുള്ള പദ്ധതികള്‍ യാഥാർഥ്യമാക്കുമെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞത്. എന്നാൽ, ഗ്രഫീന്‍ ഇന്നവേഷന്‍ സെൻറര്‍ തുടങ്ങാന്‍ കേരളം തീരുമാനിച്ചെന്ന് ഫെബ്രുവരിയില്‍ മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. പിന്നീട് നടപടിയൊന്നുമുണ്ടായില്ല. യു.കെയും കേരളവും തമ്മില്‍ ധാരണപത്രം ഒപ്പിട്ടെന്ന് ആദ്യം ഫേസ്ബുക്കില്‍ കുറിച്ച മുഖ്യമന്ത്രി ഇപ്പോള്‍ യു.കെയിലെ ഹംബര്‍ ആന്‍ഡ് നോര്‍ത്ത് യോക്ക് ഷെയര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ പാട്ണര്‍ഷിപ്പുമായി നോര്‍ക്ക റൂട്ട്‌സ് ധാരണപത്രം ഒപ്പുവെച്ചെന്ന് പറയുന്നു.
ഹെല്‍ത്ത് ആന്‍ഡ് കെയര്‍ പാട്ണര്‍ഷിപ് യു.കെയിലെ സ്റ്റാറ്റ്യൂട്ടറി സ്ഥാപനം മാത്രമാണ്. ഈ സ്ഥാപനത്തിലൂടെ ആരെയും ജോലിക്ക് അയക്കാനാകില്ല. മുംബൈ ആസ്ഥാനമായ ഇന്ത്യന്‍ കമ്പനിയായ ഹിന്ദുജയുമായി ചര്‍ച്ച നടത്താന്‍ ലണ്ടനില്‍ പോകേണ്ട കാര്യമില്ല. 2019ലെ ജപ്പാന്‍-കൊറിയ സന്ദര്‍ശനത്തിനുശേഷം മുഖ്യമന്ത്രി നടത്തിയ അഞ്ച് പ്രഖ്യാപനങ്ങളും ഇതുവരെ നടന്നിട്ടില്ല. 2019 മേയില്‍ നെതര്‍ലന്‍ഡ്സ് സന്ദര്‍ശിച്ച മുഖ്യമന്ത്രി പ്രഖ്യാപിച്ച റൂം ഫോര്‍ റിവര്‍ പദ്ധതി മൂന്നുവര്‍ഷം കഴിഞ്ഞിട്ടും നടപ്പായില്ല.
വിദേശ നിക്ഷേപം സ്വീകരിക്കാന്‍ 2020ല്‍ സംഘടിപ്പിച്ച അസന്‍റില്‍ പ്രഖ്യാപിച്ച 22,000 കോടി രൂപയുടെ പദ്ധതികളില്‍ ഏതാണ് നടന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കണം.ഗവർണറുമായി ബന്ധപ്പെട്ട് വിഷയാധിഷ്ഠിത നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്. കണ്ണൂർ വി.സിയുടെ കാര്യത്തിൽ ഗവർണറുടെ വാദം ശരിയായതിനാൽ പിന്തുണച്ചു. മന്ത്രിമാരെ പുറത്താക്കാനുള്ള അധികാരം ഗവർണർക്കില്ല. അതിനാൽ ഇക്കാര്യത്തിൽ അദ്ദേഹത്തിന്‍റെ പ്രഖ്യാപനത്തെ എതിർക്കുന്നു.
എൻഡോസൾഫാൻ വിഷയത്തിൽ ഉറപ്പുകൾ സംബന്ധിച്ച് മുഖ്യമന്ത്രി വായിച്ച കത്ത് ദയാബായിക്ക് നൽകണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.