തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയും ആൾക്കൂട്ടവും ചേർന്നാൽ കണക്കുകൂട്ടൽ തെറ്റുക പതിവാണ്. അവസാനയാത്രയിലും അതുതന്നെ സംഭവിച്ചു. തലസ്ഥാനത്തുനിന്ന് പുതുപ്പള്ളിയിലേക്കുള്ള വഴിദൂരം 150 കിലോമീറ്റർ. ഓടിയെത്താൻ നാലുമണിക്കൂർ വേണ്ട. അവസാനയാത്ര സ്വദേശമായ പുതുപ്പള്ളിയിലെത്താൻ വേണ്ടിവന്നത് 30 മണിക്കൂറിലേറെ. ആർത്തലച്ചുവന്ന ജനസാഗരത്തിനിടയിലൂടെ പ്രിയനേതാവിന് അതിലും വേഗത്തിൽ നീങ്ങാനാകുമായിരുന്നില്ല. മുന്നിലെത്തുന്ന അവസാനത്തെയാളെയും കണ്ട് മടങ്ങുന്നതാണ് ഉമ്മൻ ചാണ്ടിയുടെ ശൈലി. ഇതാദ്യമായി പതിവ് തെറ്റി. കാണാനെത്തിയ പലർക്കും അതിനായില്ല.
ഇത്രമേൽ അതിവൈകാരികവും തീവ്രവുമായ യാത്രയയപ്പ് ഇതാദ്യം. സ്വന്തം കൈപ്പടയിൽ ‘ഐ ലവ് യു, അപ്പച്ചാ...’ എന്ന് എഴുതിയ പോസ്റ്ററുമായി കാത്തുനിന്ന സ്കൂൾകുട്ടി മുതൽ എനിക്ക് അപ്പനെയാണ് നഷ്ടപ്പെട്ടതെന്ന് വിലപിക്കുന്ന വയോധികൻവരെ അക്കൂട്ടത്തിലുണ്ട്. അന്ത്യചുംബനം നൽകാൻ വണ്ടിയൊന്ന് നിർത്താൻ കേണപേക്ഷിച്ച് പിന്നാലെ ഓടിയ പിതാവിന്റെയും പുത്രന്റെയും വിഡിയോ വൈറലാണ്. ഉമ്മൻ ചാണ്ടിയെന്ന മനുഷ്യൻ കീഴടക്കിയ ജനഹൃദയങ്ങളുടെ നേർസാക്ഷ്യങ്ങളുടെ ദൃശ്യങ്ങൾ നീളുന്നു.
ചൊവ്വാഴ്ച പുലർച്ച ബംഗളൂരുവിൽ അന്ത്യശ്വാസം വലിച്ച ഉമ്മൻ ചാണ്ടിയുടെ മൃതദേഹം തലസ്ഥാനത്ത് എത്തിയത് ചൊവ്വാഴ്ച ഉച്ചക്ക് മൂന്നോടെ. തിരുവനന്തപുരം ജഗതിയിലെ വീട്ടിലെത്തിക്കുമ്പോൾ അവിടെ കാലുകുത്താൻ ഇടമില്ലാത്തവിധം ജനക്കൂട്ടം. അതിസുരക്ഷാ മേഖലയായിട്ടും സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലെ പൊതുദർശനത്തിൽ എല്ലാ നിയന്ത്രണവും തെറ്റി. കെ.പി.സി.സി ആസ്ഥാനത്തും ജഗതിയിലെ വീട്ടിലും തിരക്കിന് കുറവുണ്ടായില്ല. കോട്ടയത്തേക്കുള്ള വിലാപയാത്ര വീട്ടിൽനിന്ന് പുറപ്പെട്ടത് രാവിലെ 7.15ന്. തലസ്ഥാന നഗരം പിന്നിടാൻതന്നെ മണിക്കൂറുകൾ. കൊല്ലം ജില്ലയിലേക്ക് കടന്നത് ഉച്ചക്ക് മൂന്നരയോടെ. നിലമേലിലും പിന്നീട് കൊട്ടാരക്കരയിലും വൻ ജനക്കൂട്ടം.
ഏനാത്തേക്ക് കടന്നപ്പോൾ ബുധനാഴ്ച രാത്രി എട്ടര. അവിടെയും ജനസമുദ്രം. 11.30ന് അടൂരിലും പുലർച്ച മൂന്നോടെ ചെങ്ങന്നൂരിലും എത്തിയപ്പോൾ വാഹനങ്ങൾക്ക് നീങ്ങാൻ കഴിയാത്ത നിലയായിരുന്നു. കോട്ടയം തിരുനക്കരയിലെത്തിയത് വ്യാഴാഴ്ച രാവിലെ 10നുശേഷം. പൊതുദർശനം മണിക്കൂറുകൾ നീണ്ടിട്ടും കണ്ടിറങ്ങിയവെരക്കാൾ കൂടുതൽ കാണാനുള്ളവർ ബാക്കി. സന്ധ്യയോടെ വീട്ടിലേക്കെടുത്തപ്പോൾ ജനക്കൂട്ടം കാൽനടയായി പിന്നാലെ. പുതുപ്പള്ളിയിലെ വീട്ടിലും പള്ളിയിലെ കബറടക്കചടങ്ങിലും ജനക്കൂട്ടം തിക്കിത്തിരക്കി. ആൾക്കൂട്ടത്തിൽ അകന്നിരിക്കാൻ ഉമ്മൻ ചാണ്ടിക്ക് കഴിയുമായിരുന്നില്ല. ഉമ്മൻ ചാണ്ടിയിൽനിന്ന് അടർന്നുമാറാൻ ആൾക്കൂട്ടത്തിനുമായില്ല.
കല്ലറയോളമെത്തിയ ജനക്കൂട്ടം
കോട്ടയം: ജനക്കൂട്ടത്തിനൊപ്പം ജീവിച്ച ഉമ്മൻ ചാണ്ടിയെ മരണശേഷവും ജനക്കൂട്ടം അനുഗമിക്കുന്ന കാഴ്ചയായിരുന്നു സംസ്കാര ചടങ്ങുകളിലും. കല്ലറക്കരികിലും ഇരമ്പിയാർത്ത് അവർ യാത്രാമൊഴിയേകി. അഞ്ച് പതിറ്റാണ്ടിന്റെ ചരിത്രമുള്ള പുതുപ്പള്ളി പള്ളിപ്പെരുന്നാളിനും വിശേഷദിവസങ്ങളിലും ഇതുവരെ കാണാത്ത ജനസാഗരമായിരുന്നു അവിടെ. വീടു മുതൽ പള്ളിവരെയുള്ള റോഡിൽ ജനം നിറഞ്ഞു. കടന്നുപോകാൻപോലും കഴിയാത്തത്ര തിരക്കായിരുന്നു. പള്ളിയിലെ കബറടക്ക ശുശ്രൂഷക്ക് മൂന്ന് മണിക്കൂർ മുമ്പുതന്നെ പള്ളിയിലേക്കുള്ള ഗേറ്റുകളെല്ലാം അടച്ചു. ഇതോടെ ഗേറ്റുകൾക്ക് മുന്നിൽ ആയിരങ്ങൾ തിങ്ങിനിറഞ്ഞു.
ഇവർക്കിടയിലൂടെ പള്ളിയിലേക്ക് പ്രിയ നേതാവിനെ എത്തിച്ചപ്പോൾ വൈകി. അത് പുതുപ്പള്ളിക്കാർക്ക് പുതുമയല്ല. എന്തായാലും വരുമെന്ന് അവർക്ക് ഉറപ്പാണ്. പതിവു തെറ്റിക്കാതെ പറഞ്ഞതിലും ആറു മണിക്കൂർ വൈകി പ്രിയ ഒ.സി പള്ളിയിലേക്ക്. ഗേറ്റുകൾക്ക് മുന്നിൽ തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിന് ഇടയിലൂടെ ഏറെ ബുദ്ധിമുട്ടിയാണ് മൃതദേഹം എത്തിച്ചത്.
പുറത്തു നിന്നവർ അവസാനമായി ആ മുദ്രാവാക്യം മുഴക്കി; കണ്ണേ കരളേ കുഞ്ഞൂഞ്ഞേ...’ ഇത് തൊണ്ടപൊട്ടുമാറ് ഏറ്റുവിളിച്ച പല കണ്ണുകളും നിറഞ്ഞിരുന്നു; ഇരുട്ടിനൊപ്പം കണ്ണുനീരും അലിഞ്ഞുചേർന്നു. എ.കെ. ആന്റണി, രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കൾ അവസാനമായി ഒരിക്കൽ കൂടി ചേർന്നുനിന്നു.
കർദിനാൾ മാർ ജോർജ് ആലഞ്ചേരി അടക്കമുള്ളവർ അദ്ദേഹത്തെ അനുസ്മരിച്ചു. തുടർന്ന് പള്ളിയിലെ അന്തിമ ശുശ്രൂഷകൾക്ക് ശേഷം വൈദികരുടെ കല്ലറയോട് ചേർന്ന് തെങ്ങുകൾക്കിടയിൽ തയാറാക്കിയ പ്രത്യേക കബറിടത്തിൽ നിത്യനിദ്ര.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.