കോലഞ്ചേരി: മൂവാറ്റുപുഴ മുൻ എം.എൽ.എ കോലഞ്ചേരി എളൂർ-കൊഴുമറ്റത്തിൽ ഡോ. എ.വി. ഐസക്(94) നിര്യാതനായി. മൃതദേഹം നാളെ ഉച്ചകഴിഞ്ഞ് രണ്ട് മുതൽ നാലു വരെ മൂവാറ്റുപുഴയിൽ പൊതുദർശനത്തിനുശേഷം കോലഞ്ചേരിയിലെ വസതിയിലെത്തിക്കും.
കോലഞ്ചേരി സെൻറ് പീറ്റേഴ്സ് ഹൈസ്കൂളിൽ അധ്യാപകനായിട്ടായിരുന്നു ഔദ്യോഗിക ജീവിതത്തിന് തുടക്കം. അറക്കുളം, പിറവം, കൂത്താട്ടുകുളം, എറണാകുളം, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ സർക്കാർ സർവിസിലും, മൂവാറ്റുപുഴ വള്ളക്കാലിൽ ആശുപത്രിയിലും ദീർഘകാലം ഡോക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മദ്രാസ് ക്രിസ്ത്യൻ കോളജിൽ പഠിക്കുമ്പോൾ എസ്.എഫിൽ പ്രവർത്തിച്ചിട്ടുണ്ട്. ഹൈസ്കൂൾ അധ്യാപകനായ ശേഷം കോൺഗ്രസ് കുന്നത്തുനാട് മണ്ഡലം പ്രസിഡൻറായി. 1987ൽ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽനിന്നും സി.പി.ഐ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച് നിയമസഭയിലെത്തി. മൂവാറ്റുപുഴ റോട്ടറി ക്ലബ് പ്രസിഡൻറ്, ഐ.എം.എ ഭാരവാഹി, എം.ഒ.എസ്.സി മെഡിക്കൽ കോളജാശുപത്രി, സെൻറ് പീറ്റേഴ്സ് കോളജ്, വെല്ലൂർ മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ഗവേണിങ് ബോർഡ് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. ആലുവ യു.സി കോളജ്, മദ്രാസ് ക്രിസ്ത്യൻ കോളജ്, കസ്തൂർബ മെഡിക്കൽ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
ഭാര്യ: പരേതയായ മേരി ഐസക് (മഴുവന്നൂർ കുടിലിൽ കുടുംബാംഗം). മക്കൾ: പ്രഫ. ജോർജ് കെ. ഐസക് (റിട്ട. പ്രഫ. സെൻറ് പീറ്റേഴ്സ് കോളജ് കോലഞ്ചേരി), അബി കെ. ഐസക്(മുൻ മാനേജർ ഫാക്ട് അമ്പലമുകൾ, മാനേജർ ഇ.എൻ.ഒ.സി ഓയിൽ കമ്പനി ദുൈബ), ജെസി, പ്രശാന്ത് മർക്കോസ് ഐസക്(ഗവൺമെൻറ് കോൺട്രാക്ടർ), ഡോ. സുശീൽ ഏലിയാസ് ഐസക് (ലിസി ഹോസ്പിറ്റൽ എറണാകുളം), പരേതയായ അന്നമ്മ.
മരുമക്കൾ: കെ.എസ്. വിനോദ്(റിട്ട. ഫെഡറൽ ബാങ്ക്) കുഴിയേലിൽ കൂത്താട്ടുകുളം, സൂസി ജോർജ്(റിട്ട. വൈസ് പ്രിൻസിപ്പൽ സെൻറ് പീറ്റേഴ്സ് സീനിയർ സെക്കൻഡറി സ്കൂൾ കടയിരുപ്പ്), കുഞ്ഞുമോൾ, ഡോ. ജെയിംസ് മാണി തോലാനിക്കുന്നേൽ കൂത്താട്ടുകുളം, സുനിത, ഡോ. സ്മിത സുശീൽ(കാർമൽ ഹോസ്പിറ്റൽ ആലുവ. സംസ്കാരം 30ന് ഉച്ചക്ക് 12ന് ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിച്ച് കോലഞ്ചേരി സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.