കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തില്‍ പിടികൂടുന്ന കള്ളക്കടത്ത് സ്വര്‍ണത്തിന്റെ അളവ് കുറച്ച് തിരിമറി നടത്തുന്നെന്ന പി.വി. അന്‍വര്‍ എം.എല്‍.എയുടെ ആരോപണം സ്ഥിരീകരിക്കാൻ വിശദമായ അന്വേഷണം വേണ്ടിവരും. മിശ്രിത രൂപത്തിലുള്ള കള്ളക്കടത്ത് സ്വര്‍ണം കൊണ്ടോട്ടിയിലെ സ്വര്‍ണവ്യാപാര കേന്ദ്രത്തിലെത്തിക്കുന്ന ഉദ്യോഗസ്ഥരും സ്വര്‍ണപ്പണിക്കാരും ചേര്‍ന്ന് ഇതിൽനിന്ന് മോഷണം നടത്തുന്നുണ്ടെന്നും ഒളിപ്പിച്ച സ്വര്‍ണം തെളിവ് നശിപ്പിക്കാൻ കടയില്‍നിന്ന് മാറ്റിയെന്നുമാണ് അന്‍വറിന്റെ ആരോപണം. സ്വര്‍ണം ഒളിപ്പിച്ചുകൊണ്ടുവരുന്ന മിശ്രിതത്തില്‍നിന്ന് വേര്‍തിരിക്കുമ്പോള്‍ യഥാര്‍ഥ അളവില്‍ മാറ്റം വരുത്താനും ബാക്കി സ്വര്‍ണം രേഖകളില്‍ കാണിക്കാത്തവിധത്തില്‍ മാറ്റാനും രാസ സാങ്കേതിക വിദ്യകളുണ്ടെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവർ പറയുന്നത്.
കരിപ്പൂരില്‍ പിടികൂടുന്ന കള്ളക്കടത്ത് സ്വര്‍ണം മിശ്രിത രൂപത്തില്‍നിന്ന് വേര്‍തിരിക്കാന്‍ കൊണ്ടോട്ടിയിലെ സ്വര്‍ണവ്യാപാരിയായ എന്‍.വി. ഉണ്ണികൃഷ്ണനെയാണ് കസ്റ്റംസും പൊലീസും സമീപിക്കുന്നത്. വര്‍ഷങ്ങളായി കസ്റ്റംസിന്റെ അപ്രൈസറാണ് ഇദ്ദേഹം. എന്നാല്‍, അളവ് കുറച്ചുകാണിച്ച് തിരിമറി നടത്തുന്നെന്ന അന്‍വറിന്റെ ആരോപണങ്ങള്‍ ഉണ്ണികൃഷ്ണന് നിഷേധിച്ചു. കസ്റ്റംസും പൊലീസും കൊണ്ടുവരുന്ന മിശ്രിത രൂപത്തിലുള്ള സ്വര്‍ണം ഖരരൂപത്തിലാക്കി മാറ്റുകയാണ് ചെയ്യുന്നതെന്നും ഉദ്യോഗസ്ഥരുടെ മുന്നില്‍വെച്ച് സുതാര്യമായാണ് ഇക്കാര്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണ മിശ്രിതത്തില്‍ പ്രത്യേക പൊടി ചേര്‍ക്കുമ്പോള്‍ സ്വര്ണമൊഴികെയുള്ളവ കത്തി ഭസ്മമാകും. ഏറെ സമയമെടുത്താണ് സ്വര്‍ണം വേര്‍തിരിക്കുന്നത്. വേര്‍തിരിച്ച സ്വര്‍ണം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നിന്നുതന്നെ തൂക്കി കണക്കാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണ് ചെയ്യുന്നതെന്നും ഉണ്ണികൃഷ്ണന് പറഞ്ഞു.
എന്നാല്‍, സ്വര്‍ണം വേര്‍തിരിക്കാനും അളവ് നിജപ്പെടുത്താനും ഒരു അപ്രൈസറുടെ സേവനം മാത്രം ഉപയോഗപ്പെടുത്തുന്നത് സംശയാസ്പദമാണ്. പിടിക്കപ്പെടുന്ന മിശ്രിത രൂപത്തിലുള്ള സ്വര്‍ണത്തിന്റെ അളവില്‍ ക്രമക്കേടുണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തി മറ്റ് അപ്രൈസര്‍മാരുടെ പരിശോധനക്ക് കൂടി വിധേയമാക്കുന്ന രീതി കരിപ്പൂരിലെ കേസുകളിലുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കപ്പെടണം. വിശദമായ അന്വേഷണത്തില്‍ പുറത്തുവരേണ്ട കാര്യമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.