ചങ്ങരംകുളം: കോലളമ്പ് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ട് പോയി ലഹരി നൽകി വിവസ്ത്രനാക്കി മർദിച്ച് ഉപേക്ഷിച്ച സംഭവത്തിൽ സുഹൃത്തുക്കളായ നാലുപേർ അറസ്റ്റിൽ. കോലളമ്പ് കോലത്ത് സ്വദേശി വെങ്ങേല വളപ്പിൽ യാദവ്(22), ഐലക്കാട് നരിയം വളപ്പിൽ കിരൺ(21), തുയ്യം എൽജെ പടി സ്വദേശി കീഴാഞ്ചേരി ഹൗസിൽ അനൂപ്(22), ഐലക്കാട് കോട്ടമുക്ക് സ്വദേശി കോരംകുഴിയിൽ തുഫൈൽ(23) എന്നിവരെയാണ് ചങ്ങരംകുളം സി.ഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
ഡിസംബർ 24നാണ് കേസിനാസ്പദമായ സംഭവം. കോലളമ്പ് സ്വദേശിയായ പണ്ടാരത്തിൽ റഹ്മത്തിന്റെ മകൻ ഫർഹൽ അസീസി(23)നെയാണ് വീട്ടിൽ നിന്ന് തട്ടിക്കൊണ്ടു പോയി ലഹരി നൽകി വിവസ്ത്രനാക്കി ഒരു രാവും പകലും ക്രൂരമർദനത്തിന് ഇരയാക്കിയത്. പണവും യു.എ.ഇ ഐ.ഡി അടക്കമുള്ള രേഖകളും മൊബൈലും സംഘം കവർന്നിരുന്നു.
കോലളമ്പിലെ വയലിൽ പുലരുവോളം മർദിച്ച ശേഷം കാളാച്ചാലിലെ സുഹൃത്തിന്റെ വീട്ടിൽ അടച്ചിട്ട മുറിയിൽ വെച്ചും മർദിച്ചു. ഇതിനിടെ മൊബൈലും കൈയ്യിലുള്ള പണവും രേഖകളും കവർന്ന സംഘം പൂർണ്ണ നഗ്നനാക്കി വീഡിയോ ചിത്രീകരിക്കുകയും പിന്നീട് മറ്റൊരു സുഹൃത്തിന്റെ വീട്ടിൽ ഉപേക്ഷിക്കുകയുമായിരുന്നു.
വിദേശത്ത് നിന്ന് ലീവീന് വന്ന ഫർഹൽ അസീസിനെ ഡിസംബർ 24ന് വൈകിട്ട് 7 മണിയോടെയാണ് സുഹൃത്തുക്കളായ രണ്ട് പേർ ചേർന്ന് ബൈക്കിലെത്തി കൂട്ടിക്കൊണ്ടു പോയത്. പിറ്റേ ദിവസം രാത്രി 10 മണിയോടെ ശരീരം മുഴുവൻ പരിക്കുകളോടെ എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ ചങ്ങരംകുളം കോലിക്കരയിൽ ഇവർ താമസിക്കുന്ന വാടക വീട്ടിൽ ഉപേക്ഷിക്കുകയായിരുന്നു.
ശരീരമാസകലം ക്ഷതമേറ്റ യുവാവിന്റെ കൈയ്യിൽ മൂന്ന് സ്ഥലങ്ങളിൽ എല്ലിന് പൊട്ടലുണ്ട്. ശരീരത്തിൽ പലയിടത്തും ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപിക്കുകയും ചെയ്തിരുന്നു. സംഘത്തിൽ പെട്ട യുവാവാവിന്റെ സഹോദരിയുമായി പ്രണയത്തിലായിരുന്ന ഫർഹൽ അസീസിനെ ഈ വിഷയത്തെ കുറിച്ച് സംസാരിക്കാനാണെന്ന് പറഞ്ഞാണ് കൂട്ടിക്കൊണ്ടുപോയത്.
സംഭവത്തിൽ നേരത്തെ രണ്ട് പേർ പിടിയിലായിരുന്നു. പിടിയിലായവർ ലഹരി ഉപയോഗിക്കുന്നവരും നിരവധി കേസുകളിൽ പ്രതികളുമാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പഞ്ഞു.
ബംഗളൂരുവിൽ ഒളിവിൽ കഴിഞ്ഞ പ്രതികളെ എസ്.ഐ രാജേന്ദ്രൻ നായർ, സീനിയർ സി.പി.ഒമാരായ സുരേഷ്, ഷിജു, സനോജ്, സി.പി.ഒമാരായ സുധീഷ്, സുജിത് എന്നിവരടങ്ങുന്ന അനേഷണ സംഘമാണ് പിടികൂടിയത്. പ്രതികളെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.