തിരുവനന്തപുരം: എൽ.ഡി.എഫിന് ജയിക്കാനാകുന്ന രണ്ടിൽ ഒരു രാജ്യസഭാ സീറ്റിൽ കണ്ണുവെച്ച് ഘടകകക്ഷികൾ ഓരോന്നായി രംഗത്തുവന്നതോടെ മുന്നണിയിൽ ധാരണയുണ്ടാക്കാൻ സി.പി.എം. ബുധനാഴ്ച ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും സ്ഥാനാർഥിത്വത്തിലേക്ക് കടന്നില്ല. പകരം ഉഭയകക്ഷി ചർച്ചയിലൂടെയും പിന്നീട് എൽ.ഡി.എഫ് ചേർന്നും ധാരണയിൽ എത്തണമെന്ന നിലപാടാണ് സ്വീകരിച്ചത്.
സി.പി.ഐക്ക് പുറമേ ജനതാദൾ (എസ്), സ്ഥാനം ഒഴിയുന്ന എൽ.ജെ.ഡി, എൻ.സി.പി എന്നീ ഘടകകക്ഷികളും അവകാശവാദം ഉന്നയിച്ചു. രാഷ്ട്രപതി തെരഞ്ഞെടുപ്പ് അടക്കം വരുന്നതിനാൽ രാജ്യസഭയിലെ ബലം ഓരോ പാർട്ടിക്കും നിർണായകമാണ്. പുതിയ ദേശീയ സാഹചര്യത്തിൽ സി.പി.എം അംഗങ്ങളുടെ എണ്ണം വർധിപ്പിക്കാനാണ് നേതൃത്വത്തിന്‍റെ തീരുമാനം. രാജ്യസഭയിൽ രണ്ട് ഒഴിവ് വരുമ്പോൾ ഒന്ന് തങ്ങൾക്ക് നൽകാമെന്ന വാക്ക് സി.പി.എം പാലിക്കണമെന്നാണ് സി.പി.ഐ ആവശ്യം.
2024 ൽ ആണ് ഇനി മൂന്നംഗങ്ങൾ സംസ്ഥാനത്ത് ഒഴിയുന്നത്. ജോസ് കെ. മാണി, ബിനോയ് വിശ്വം, എളമരം കരീം എന്നിവർ. മൂന്നും എൽ.ഡി.എഫിന്‍റേത് ആണെങ്കിലും രണ്ടിൽ മാത്രമാണ് ജയിക്കാൻ കഴിയുക. കേരള കോൺഗ്രസും അവകാശം ഉന്നയിക്കുമെന്നിരിക്കെ ഇതിലൊന്ന് 2024 ൽ തരാമെന്നും ഇത്തവണ രണ്ടു സീറ്റും തങ്ങൾക്ക് വേണമെന്നുമുള്ള പോംവഴിയാകും സി.പി.ഐയുമായുള്ള ചർച്ചയിൽ സി.പി.എം മുന്നോട്ടുവെച്ചേക്കുക. അല്ലെങ്കിൽ നിലവിലൊരു സീറ്റ് വിട്ടുകൊടുത്ത് 2024 ൽ രണ്ടു സീറ്റും സി.പി.എം എടുക്കുന്നതിലേക്കും സമവായം നീളാം.
ഘടകകക്ഷികളുമായി ചർച്ച നടത്തി എൽ.ഡി.എഫിൽ തീരുമാനമെടുക്കാൻ സെക്രട്ടേറിയറ്റിനെ സംസ്ഥാനസമിതി ചുമതലപ്പെടുത്തി. വരും ദിവസങ്ങളിൽ കോടിയേരി ബാലകൃഷ്ണൻ, പിണറായി വിജയൻ എന്നിവരുടെ നേതൃത്വത്തിൽ സി.പി.എം ചർച്ചകളിലേക്ക് കടക്കും.
സി.പി.ഐ അവകാശവാദം വെല്ലുവിളിയായി കാണുന്നില്ലെന്ന സൂചനയാണ് സംസ്ഥാന സമിതിക്ക് ശേഷമുള്ള വാർത്തസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നൽകിയത്. രാജ്യസഭ സീറ്റിനായി ജെ.ഡി(എസ്), എൽ.ജെ.ഡി, സി.പി.ഐ, എൻ.സി.പി കക്ഷികൾ അവകാശപ്പെട്ടതായി സി.പി.ഐയുടെ ആവശ്യത്തെ സാമാന്യവത്കരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.