തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിലെ നാലു വർഷ ബിരുദ പദ്ധതിയുടെ തുടക്കത്തിൽതന്നെ പരീക്ഷയിൽ കൂട്ടക്കുഴപ്പം. ചരിത്രപഠനത്തിൽ സർവകലാശാല മറ്റു വിദ്യാർഥികൾക്കായി മൈനറിൽ ലഭ്യമാക്കുന്ന ഇൻട്രൊഡക്ഷൻ ടു ഹിസ്റ്റോറിക്കൽ ടൂറിസം, എം.ഡി.സി വിഭാഗത്തിലുള്ള ഹിസ്റ്റോറിക്കൽ ടൂറിസം ഇൻ ഇന്ത്യ വിഷയങ്ങളിലുള്ള ആദ്യ സെമസ്റ്റർ പരീക്ഷയിൽ ചോദ്യങ്ങൾ മിക്കവയും വന്നത് സിലബസിന് പുറത്തുനിന്നാണെന്ന് ആക്ഷേപമുയർന്നു. കുറെ വിദ്യാർഥികൾ തിരഞ്ഞെടുത്ത വിഷയങ്ങളിലെ പരീക്ഷകളിലാണിത്. കഴിഞ്ഞ മാസം 28നായിരുന്നു ഇൻട്രൊഡക്ഷൻ ടു ഹിസ്റ്റോറിക്കൽ ടൂറിസം പരീക്ഷ. ഇതിൽ ഒരുപാട് ചോദ്യങ്ങൾ സിലബസിന് പുറത്തുനിന്നാണ് വന്നത്. മൈനർ സിലബസ് പ്രകാരമുള്ള മറ്റൊരു പരീക്ഷ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു. ഇതിലും പ്രധാന ചോദ്യങ്ങളെല്ലാം സിലബസിന് പുറത്തുനിന്നുള്ളവയായിരുന്നു.
വ്യാഴാഴ്ച നടന്ന എം.ഡി.സി പരീക്ഷയിലും 95 ശതമാനം ചോദ്യങ്ങളും വന്നതും സിലബസിന് പുറത്തുനിന്നാണ്. കഴിഞ്ഞ മാസം 28ന് നടന്ന പരീക്ഷയിലെ മൂന്നു മാർക്കിന്റെ ഒന്നു മുതൽ 10 വരെയുള്ള ചോദ്യങ്ങൾ അതേ പടി വ്യാഴാഴ്ചയിലെ പരീക്ഷയിലും ആവർത്തിച്ചു.
ഇതോടെ വിദ്യാർഥികളും അധ്യാപകരും ആശങ്കയിലായി. ഒരാൾ തന്നെ തയാറാക്കിയ ചോദ്യങ്ങളാണ് രണ്ടു പരീക്ഷകൾക്കും സമാന രീതിയിൽ നൽകിയതെന്നാണ് സംശയം. അധ്യാപകർ തയാറാക്കിയ ചോദ്യാവലിയിൽ നിന്നുള്ള ചോദ്യങ്ങൾ നൽകാതിരുന്നത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.