തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിൽ ത്രിവത്സര ബിരുദ കോഴ്സുകൾ അടുത്ത വർഷം മുതൽ നാല് വർഷത്തിലേക്ക് മാറുന്നു. ഇതിന്റെ മുന്നോടിയായി പാഠ്യപദ്ധതി പരിഷ്കരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു വാർത്തസമ്മേളനത്തിൽ അറിയിച്ചു. പാഠ്യപദ്ധതി പരിഷ്കരണത്തിന് സർവകലാശാലകൾക്ക് പിന്തുടരാൻ സഹായിക്കുന്ന കേരള ഉന്നത വിദ്യാഭ്യാസ പാഠ്യപദ്ധതി ചട്ടക്കൂടിന് രൂപം നൽകുന്നതിനായുള്ള സംസ്ഥാന ശിൽപശാല ചൊവ്വ, ബുധൻ ദിവസങ്ങളിലായി തിരുവനന്തപുരം ലൊയോള എക്സ്റ്റൻഷൻ സെന്ററിൽ സംഘടിപ്പിക്കും. ചൊവ്വാഴ്ച രാവിലെ പത്തരക്ക് മന്ത്രി ആർ. ബിന്ദു ശിൽപശാല ഉദ്ഘാടനം ചെയ്യും.
ഇതിനകം ത്രിവത്സര കോഴ്സുകളിൽ പ്രവേശനം നേടിയവർ അേത മാതൃകയിൽ തന്നെയാകും പഠനം പൂർത്തിയാക്കുക. അടുത്തവർഷം ബിരുദപഠനത്തിന് ചേരുന്നവർക്കുമുതൽ നാല് വർഷ കോഴ്സ് നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. നിലവിലുള്ള സെമസ്റ്റർ കോഴ്സിന്റെ ഘടനയിലും മാറ്റം വരും.
നാല് വർഷ കോഴ്സിൽ വിദ്യാർഥിക്ക് മൂന്ന് വർഷം പൂർത്തിയാക്കി പുറത്തുപോകാനുള്ള (എക്സിറ്റ്) അവസരമുണ്ടാകും. നാലാം വർഷ കോഴ്സിൽ ഗവേഷണ സ്വഭാവത്തിലുള്ള പഠനത്തിനും േപ്രാജക്ട് വർക്കുകൾക്കുമായിരിക്കും ഊന്നൽ നൽകുക. മൂന്ന് വർഷത്തിൽ നിശ്ചിത ക്രെഡിറ്റ് നേടി പുറത്തുപോകുന്നവർക്ക് നിലവിലുള്ള രീതിയിലുള്ള ബിരുദം നൽകും. നാല് വർഷ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഓണേഴ്സ് ബിരുദവും നൽകും. ഓേണഴ്സ് ബിരുദം പൂർത്തിയാക്കുന്നവർക്ക് പി.ജി പഠനത്തിന് രണ്ടാം വർഷത്തിന് നേരിട്ട് പ്രവേശനം നൽകുന്ന ലാറ്ററൽ എൻട്രി സംവിധാനം നടപ്പാക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണത്തിന് ഡോ. ശ്യാം ബി. മേനോൻ കമീഷൻ സമർപ്പിച്ച ശിപാർശ പരിഗണിച്ചാണ് മാറ്റങ്ങൾ കൊണ്ടുവരുന്നത്.
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ തയാറാക്കുന്ന മാതൃക കരിക്കുലം കോളജ്തലം വരെ ചർച്ച ചെയ്ത് സർവകലാശാലകൾക്ക് കരിക്കുലവും സിലബസും തയാറാക്കാം. തൊഴിൽ നൈപുണി വിദ്യാഭ്യാസം കരിക്കുലത്തിന്റെ ഭാഗമാക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ സർവകലാശാലകള്‍ക്കും ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിനും പുറമെ അസാപ്, കെ-ഡിസ്ക് പോലുള്ള സംവിധാനങ്ങളെയും പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങളുടെ ഭാഗമാക്കും.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിൽ മുന്‍ വൈസ് പ്രസിഡന്റും ശാസ്ത്രജ്ഞനുമായ പ്രഫ. സുരേഷ് ദാസ് ചെയര്‍മാനായ കരിക്കുലം മോണിറ്ററിങ് കമ്മിറ്റിയായിരിക്കും മാതൃക കരിക്കുലം രൂപപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.