തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് സ്മരണാഞ്ജലിയർപ്പിച്ച് നാലാം ലോക കേരളസഭക്ക് തുടക്കം. ആഘോഷ പരിപാടികളും ഉദ്ഘാടന സെഷനുമെല്ലാം ഒഴിവാക്കി മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന പ്രമേയം അവതരിപ്പിച്ചാണ് സംഗമത്തിന് ആരംഭമായത്. കുവൈത്ത് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും മതിയായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രവാസി ജീവിതത്തിലുണ്ടായ ഏറ്റവും വലിയ ദുരന്തമാണിത്. വിഷമകരമായ ജീവിത സാഹചര്യങ്ങളിൽനിന്ന് കരകയറാനായി കടൽ കടന്നവരാണ് പ്രവാസികളിൽ ഭൂരിഭാഗവും. ഇത്തരം ദുരന്തങ്ങൾ ഇനി ആവർത്തിക്കാതിരിക്കാനും വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെടാതിരിക്കാനും ആവശ്യമായ എല്ലാ കരുതലും എടുക്കേണ്ടതുണ്ട്. എത്ര നഷ്ടപരിഹാരം കൊടുത്താലും നഷ്ടപ്പെട്ട ജീവനുകൾക്ക് പകരമാകില്ല.
കേന്ദ്ര സർക്കാർ കുവൈത്തുമായി ബന്ധപ്പെട്ട് നടപടി ത്വരിതപ്പെടുത്തണം. ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ സമയോചിത ഇടപെടൽ ഉണ്ടാവണം. ഇത്തരം സാഹചര്യങ്ങളിൽ സംസ്ഥാന സർക്കാറും കേന്ദ്ര സർക്കാറും ഒരേ മനസ്സോടെ നീങ്ങണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗൗരവപ്പെട്ട തുടർനടപടി കുവൈത്ത് സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷ. ബന്ധപ്പെട്ട മറ്റ് സാങ്കേതികകാര്യങ്ങൾ പരിശോധിച്ച് നഷ്ടപരിഹാരം നൽകാൻ ബാധ്യതപ്പെട്ട സ്ഥാപനങ്ങളിൽ നിന്ന് അത് ഈടാക്കുന്ന കാര്യവും കുവൈത്ത് സർക്കാർ പരിശോധിക്കുമെന്നാണ് പ്രതീക്ഷ -മുഖ്യമന്ത്രി പറഞ്ഞു
പ്രവാസി മലയാളികളുടെ കഴിവും വൈദഗ്ധ്യവും കേരളത്തിന്റെ എല്ലാ മേഖലകളിലും പ്രയോജനപ്പെടുത്താൻ സംസ്ഥാനത്തിന് കഴിയണം. ലോകത്തെ മികവുറ്റ ഗവേഷണ കേന്ദ്രങ്ങളിലും എൻജിനീയറിങ് കമ്പനികളിലും സേവന മേഖലകളിലുമെല്ലാം മലയാളിയുടെ വിരൽപാട് പതിഞ്ഞിട്ടുണ്ടായിരുന്നു. എന്നാൽ, അത് നമ്മുടെ നാടിന്റെ മുന്നേറ്റത്തിന് ഉപയോഗിക്കാൻ കഴിഞ്ഞോ എന്ന് ചോദിച്ചാൽ ഇല്ലെന്ന് മറുപടി പറയേണ്ടിവരുന്ന കാലമുണ്ടായിരുന്നു. പ്രവാസികളിൽ നിന്നുവരുന്ന പണത്തിന്റെ കാര്യത്തിൽ ഉണ്ടായ മുന്നേറ്റം പ്രവാസിശേഷിയും പ്രതിഭയും ഉപയോഗിക്കുന്ന കാര്യത്തിലും ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചീഫ് സെക്രട്ടറി ഡോ. വി. വേണുവിന്റെ ഔദ്യോഗിക പ്രഖ്യാപനത്തോടെയാണ് ലോക കേരളസഭ ആരംഭിച്ചത്. പ്രസീഡിയം അംഗങ്ങളെ സ്പീക്കർ എ.എൻ. ഷംസീർ വേദിയിലേക്ക് ക്ഷണിച്ചു. കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ട് ഡോ. ഇരുദയ രാജൻ മുഖ്യമന്ത്രിക്ക് ചടങ്ങിൽ സമർപ്പിച്ചു. ഉദ്ഘാടന സമ്മേളനത്തിന് ശേഷം എട്ട് വിഷയാധിഷ്ഠിത ചർച്ചകളും ഏഴ് മേഖല സമ്മേളനങ്ങളും നടന്നു. സമ്മേളനം ശനിയാഴ്ച അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.