തിരുവനന്തപുരം: പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ചുവടുപിടിച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്‌കൂളിംഗിന്‍റെ കരിക്കുലം പരിഷ്കരിക്കുന്നത് ഹിന്ദുത്വ ആശയങ്ങളെ അടിച്ചേൽപിക്കാനെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന സെക്രട്ടറിയേറ്റ്.
എൻ.ഐ.ഒ.എസിന്‍റെ മൈനോറിറ്റി സെല്ലിന് കീഴിൽ പ്രവർത്തിക്കുന്ന മദ്രസകളുടെ കരിക്കുലത്തിലാണ് സംഘ് പരിവാർ ആശയങ്ങളുടെ അതിപ്രസരം. ഭാരതീയ ജ്ഞാനപരമ്പര എന്ന പേരിലാണ് പുതിയ കോഴ്‌സുകൾ അവതരിപ്പിക്കുന്നത്. യോഗ, വേദം, ശാസ്ത്രം, വൊക്കേഷണൽ സ്‌കിൽ, സംസ്‌കൃതം, രാമായണം, മഹാഭാരതം, ഭഗവദ്ഗീത, മഹേശ്വര സൂത്ര എന്നിങ്ങനെ 15 കോഴ്‌സുകളാണ് പരമ്പരയ്ക്ക് കീഴിലുള്ളത്. പതഞ്ജലി കൃതസൂത്ര, യോഗസൂത്ര, സൂര്യനമസ്‌കാരം, ആസന, പ്രാണായാമം തുടങ്ങിയവയാണ് യോഗക്ക് കീഴിലുള്ളത്. വൊക്കേഷണൽ സ്‌കിൽസിന് കീഴിൽ പശുത്തൊഴുത്ത് വൃത്തിയാക്കലും ഉദ്യാനപരിപാലനവും കൃഷിയുമുണ്ട്. സംഘ്പരിവാർ മുന്നോട്ട് വെക്കുന്ന 'ഭാരതീയ ജ്ഞാന പാരമ്പര്യം' എന്ന ആശയത്തെ തന്നെ പ്രശ്നവത്കരിച്ചു കൊണ്ടേ വിദ്യാഭ്യാസ മേഖലയിലെ ജനാധിപത്യവൽക്കരണം സാധ്യമാകുകയുള്ളൂ എന്നും സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി.
സംസ്ഥാന പ്രസിഡന്‍റ് നജ്ദ റൈഹാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറിമാരായ അർച്ചന പ്രജിത്ത്, അഷ്റഫ് കെ.കെ, എസ്.മുജീബുറഹ്മാൻ, വൈസ് പ്രസിഡൻ്റുമാരായ മഹേഷ് തോന്നയ്ക്കൽ, കെ.എം ഷെഫ്രിൻ, സാന്ദ്ര എം.ജെ, നഈം ഗഫൂർ, സെക്രട്ടറിമാരായ ഷഹീൻ ശിഹാബ്, സനൽ കുമാർ, ഫാത്തിമ നൗറീൻ, ആദിൽ.എ, അമീൻ റിയാസ്, ലത്തീഫ് പി.എച്ച് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.