അടൂർ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. കലഞ്ഞൂർ പാലമല അംബിക ഭവനം അജികുമാറി (47)നെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കോന്നി കുമ്മണ്ണൂർ സ്വദേശിനിക്കു വിദേശത്ത് നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് 16,5000 രൂപ കൈപ്പറ്റി കബളിപ്പിച്ച പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ മാസങ്ങളായി ഒളിവിൽ കഴിഞ്ഞുവരവെയാണ് അറസ്റ്റ്.
അടൂരിൽ ഓൾ ഇന്ത്യ ജോബ് റിക്രൂട്ട്മെൻറ് എൻറർപ്രൈസസ് എന്ന സ്ഥാപനത്തിന്‍റെ നടത്തിപ്പുകാരനാണ് പ്രതി. ഈ സ്ഥാപനത്തിന്‍റെ മറവിൽ നിരവധി ആളുകളിൽ നിന്നും ഇയാൾ പണം തട്ടിച്ചതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പൊലീസ് കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ് ഒളിവിൽ പോയ പ്രതി എറണാകുളത്ത് പുതിയ റിക്രൂട്ടിങ് സ്ഥാപനം തുടങ്ങാനുള്ള തയാറെടുപ്പ് നടത്തിവരികെയാണ് അടൂർ പൊലീസ് എറണാകുളത്തെത്തി പിടികൂടിയത്.
പുതിയ സ്ഥാപനം തുടങ്ങുന്നതിനായി വിസിറ്റിങ് കാർഡുകളും ലെറ്റർ പാഡുകളും ഇയാൾ തയാറാക്കിയിരുന്നതായി പൊലീസ് പറഞ്ഞു. പരിശോധനയിൽ പ്രതിയിൽ നിന്നു മുപ്പതിലധികം പാസ്പോർട്ടുകൾ കണ്ടെടുത്തിട്ടുണ്ട്. അടൂരിൽ പ്രതിയുടെ സ്ഥാപനം പൊലീസ് റെയ്ഡ് ചെയ്ത് നിരവധി രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് ഏകദേശം 50 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് ഇയാൾ നടത്തിയിട്ടുണ്ട് എന്നാണ് പൊലീസിൻറെ നിഗമനം.
വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾ പരാതിയുമായി എത്തുമെന്ന് പൊലീസ് അറിയിച്ചു. അടൂർ ഡി.വൈ.എസ്.പി ആർ.ബിനുവിന്‍റെ നിർദേശപ്രകാരം അടൂർ സി.ഐ ടി.ഡി. പ്രജീഷിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ എം. മനീഷ്, സുരേഷ് ബാബു, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ അജിത്, സിവിൽ പൊലീസ് ഓഫീസർമാരായ അൻസാജു, രതീഷ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.