താനൂർ: കുറഞ്ഞ വിലയ്ക്ക് സ്വർണം നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ ദമ്പതികൾ അറസ്റ്റിൽ. താനൂർ കരിങ്കപ്പാറ നാൽക്കവലയിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശികളായ സജീം ഇബ്രാഹിം (42), ഷീജ (42) എന്നിവരെയാണ് താനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. തൂത സ്വദേശി കണ്ടപ്പാടി മോഹൻലാൽ നൽകിയ പരാതിയിലാണ് പ്രതികൾ പിടിയിലായത്.
ആസാം സ്വദേശികളുടെ കൈവശം രണ്ട് കിലോ സ്വർണം ഉണ്ടെന്ന് പറഞ്ഞ് ഫേസ്ബുക്കിൽ വിഡിയോ പോസ്റ്റ് ചെയ്താണ് തട്ടിപ്പ് നടത്തുന്നത്. സ്വർണം കൈയിലുള്ള ആസാം സ്വദേശികളെ പരിചയപ്പെടുത്തി തരാമെന്ന് പറഞ്ഞ് പരാതിക്കാരനോട് രണ്ടര ലക്ഷം രൂപയാണ് പ്രതികൾ ആവശ്യപ്പെട്ടത്.
ഇവർ പോസ്റ്റ് ചെയ്യുന്ന വിഡിയോ കണ്ട് എത്തുന്നവരെ വിശ്വസിപ്പിക്കാൻ 916 സ്വർണത്തിെൻറ ഒരു ഗ്രാമിൽ താഴെയുള്ള ചെറിയ തുണ്ട് നൽകും. സ്വർണക്കടയുടെ വ്യാജ വിഡിയോയും മറ്റും പ്രചരിപ്പിക്കുകയും ചെയ്യും. എത്തുന്ന ആളുകൾ ചെറിയ തുണ്ട് സ്വർണം പരിശോധിക്കുമ്പോൾ യഥാർഥമാണെന്ന് മനസ്സിലാക്കുകയും സ്വർണം വാങ്ങാമെന്ന് ഉറപ്പിക്കുകയും ചെയ്യും. പിന്നീട് കൊണ്ടുവരുന്ന സ്വർണം യഥാർഥമാണോ എന്ന് നോക്കാൻ അവസരം നൽകാതെ പണം വാങ്ങി കൈമാറുകയാണ് സംഘത്തിെൻറ രീതി.
രണ്ടര കിലോ സ്വർണത്തിന് 10 ലക്ഷം രൂപ മാത്രമാണ് വിലയെന്നും ഇത് മറിച്ചു വിറ്റാൽ കോടികൾ ലഭിക്കുമെന്നുമാണ് സംഘം പറയുന്നത്. കോടികൾ ലഭിക്കുമെന്ന ധാരണയിലാണ് പലരും സംഘങ്ങളുടെ ചതിയിൽ പെടുന്നത്. നേരത്തെ സമാനമായ രീതിയിൽ വഞ്ചിക്കപ്പെട്ടിട്ടുള്ളതിനാൽ പരാതിക്കാർ സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കുകയായിരുന്നു. ഇതോടെ പ്രതികൾക്ക് തട്ടിപ്പ് സംഘങ്ങളായ പല ആസാം സ്വദേശികളുമായി ബന്ധമുണ്ടെന്നും അവരുടെ ഏജൻറുമാരാണെന്നും മനസ്സിലാവുകയായിരുന്നു.
തട്ടിപ്പു നടത്തുന്ന സംഘങ്ങൾക്ക് ആളുകളെ എത്തിച്ചു നൽകുകയാണ് പ്രതികൾ ചെയ്തിരുന്നതെന്ന് താനൂർ പൊലീസ് പറഞ്ഞു. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.