കൊച്ചി: ഓൺലൈൻ പണമിടപാടിൽ വ്യാപക തട്ടിപ്പുകളുമായി വ്യാജന്മാർ. എസ്.ബി.ഐ അടക്കം ബാങ്കുകളുടെ വ്യാജ വെബ്സൈറ്റ് വരെ നിർമിച്ച് പണം തട്ടുന്ന സംഘം ഫോൺപേ, ഗൂഗിൾപേ ഇടപാടുകാരെയാണ് പുതിയ ഇരകളായി കണ്ടെത്തിയിരിക്കുന്നത്. പണം അയക്കുന്നവർക്ക് സ്ക്രാച്ച് കാർഡിലൂടെ തുക സമ്മാനമായി ലഭിച്ചിട്ടുണ്ടെന്ന് മെസേജ് അയച്ചാണ് തട്ടിപ്പ് അരങ്ങേറുന്നത്.
ന്യൂജൻ ആപ്പുകൾ വഴി ഓൺലൈനിൽ പണം കൈമാറ്റം െചയ്യുന്നവരുടെ മൊബൈലിലേക്ക് സ്ക്രാച്ച് കാർഡ് സമ്മാനം ലഭിച്ചിരിക്കുെന്നന്ന് ടെക്സ്റ്റ് മെസേജ് അയക്കുന്നതാണ് തുടക്കം. തുക ലഭിക്കാൻ മെസേജിനൊപ്പമുള്ള ലിങ്കിൽ പ്രവേശിക്കാനും ആവശ്യപ്പെടും. അതിൽ കയറുന്നതോടെ ഒറിജിനലിന് സമാനമായ ഫോൺപേ, ഗൂഗിൾപേ വെബ്സൈറ്റുകളിലേക്കാണ് എത്തുക. ഇവിടെ സ്ക്രാച്ച് കാർഡും ദൃശ്യമാകും. വെബ്സൈറ്റിൽ ഫോൺപേ എംബ്ലമടക്കം എല്ലാം സമാനമായിരിക്കുമെന്നതിനാൽ തട്ടിപ്പ് തിരിച്ചറിയാൻ ഇടപാടുകാരന് കഴിഞ്ഞെന്നുവരില്ല.
ഫോൺപേ ഇടപാടുകാർക്ക് സാധാരണ അഞ്ചുരൂപ മുതൽ 1000 രൂപവരെയാണ് സ്ക്രാച്ച് കാർഡിലൂടെ ലഭിക്കുന്നതെങ്കിൽ മൂവായിരത്തിലധികം വരുന്ന തുക സമ്മാനമായി ലഭിച്ചെന്നായിരിക്കും ഇവിടെ ലഭിക്കുന്ന വിവരം. സമ്മാനം ലഭിച്ചെന്ന് അറിയിക്കുന്നതിനൊപ്പം 'സെൻഡ് പ്രൈസ് മണി ടു യുവർ ബാങ്ക്' ഓപ്ഷൻ തെരഞ്ഞെടുക്കാനും നിർദേശം ലഭിക്കും. സമ്മാനത്തുക ബാങ്ക് അക്കൗണ്ടിൽ ലഭ്യമാക്കുമെന്നാണ് ഇതിലൂടെ അറിയിക്കുന്നത്. ഇതുകണ്ട് ഓപ്ഷൻ തെരഞ്ഞെടുത്തു കഴിഞ്ഞാൽ അടുത്ത ഓപ്ഷനിൽ ക്ലിക്ക് ചെയ്യാൻ ആവശ്യപ്പെടും. 'ഡെബിറ്റ് ഫ്രം ദ അക്കൗണ്ട്' എന്നായിരിക്കും ഇതിലെഴുതിയിട്ടുണ്ടാകുക. എന്നാൽ, ഇടപാടുകാർ ഇത് ശ്രദ്ധിക്കാതെ ക്രെഡിറ്റ് ടു ദ അക്കൗണ്ട് എന്നാണെന്ന് കരുതി ഓപ്ഷൻ തെരഞ്ഞെടുക്കുന്നതോടെ പണം സ്വന്തം അക്കൗണ്ടിൽനിന്ന് നഷ്ടമാകും.
നിരവധി തട്ടിപ്പുകളാണ് ഇത്തരത്തിൽ നടക്കുന്നതെന്ന് സൈബർ സുരക്ഷ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ഇരയാക്കപ്പെട്ട പലരും പരാതിപ്പെടാൻ തയാറാകുന്നില്ല. എവിേടക്കാണ് പണം കൈമാറ്റം ചെയ്യപ്പെട്ടത് എന്നതിനെക്കുറിച്ച് പരിശോധനകൾ നടക്കാറുണ്ടെങ്കിലും കേരളത്തിനോ രാജ്യത്തിനോ പുറത്തുള്ള വ്യാജ അക്കൗണ്ടുകളിലാണ് അന്വേഷണം ചെന്നെത്തുക. വ്യാജ അക്കൗണ്ടുകൾ അതിനകം നശിപ്പിക്കപ്പെട്ടിട്ടുമുണ്ടാകാം. അതിനാൽ പ്രതികളെ തിരിച്ചറിയുക പ്രയാസമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.