തിരുവനന്തപുരം: എ.ഡി.ബി സഹായത്തോടെ കൊച്ചിയിലും തുടർന്ന് തിരുവനന്തപുരത്തും നടപ്പാക്കുന്ന ‘കേരള അർബൻ വാട്ടർ സർവിസസ് ഇംപ്രൂവ്മെന്റ് പ്രോജക്ടി’ലെ വ്യവസ്ഥകൾക്കെതിരെ പ്രതിഷേധം ശക്തമാവുമ്പോഴും തുടർനടപടികൾക്ക് ഭരണതലത്തിൽ അതിവേഗം. കൊച്ചിയിലെ പദ്ധതി നടത്തിപ്പിന് ഫ്രഞ്ച് കമ്പനിയായ ‘സൂയസി’ന് 21 ശതമാനം അധികതുകയോടെ കരാർ നൽകുന്നതിനുള്ള വ്യവസ്ഥകൾക്ക് കഴിഞ്ഞദിവസം സ്റ്റേറ്റ് ലെവൽ എംപവേർഡ് കമ്മിറ്റി അനുമതി നൽകിയിരുന്നു. ഇനി ചീഫ് ടെക്നിക്കൽ എക്സാമിനറുടെ അനുമതിയോടെ ഫയൽ മന്ത്രിസഭയുടെ പരിഗണനക്ക് പോകും. മന്ത്രിസഭ അംഗീകാരം നൽകിയാൽ ജനങ്ങൾക്കും ജല അതോറിറ്റിക്കും ഗുണകരമല്ലാത്ത വ്യവസ്ഥകളടങ്ങിയ ജലവിതരണ നിയന്ത്രാണാധികാരം സൂയസ് കമ്പനിയിലേക്കെത്തും. മുഖ്യമന്ത്രിയും മന്ത്രിസഭയും വിഷയത്തിൽ എന്ത് നിലപാടെടുക്കുമെന്നത് നിർണായകമാണ്.
ജലനിധിയും ജൽജീവൻ മിഷനുമടക്കം വിവിധ പദ്ധതികൾ നടപ്പാക്കിയ ജല വിതരണമേഖലയിൽ എ.ഡി.ബി സഹായത്തോടെ തിരക്കിട്ട് പുതിയ പദ്ധതി നടപ്പാക്കാൻ ഉന്നത ഉദ്യോഗസ്ഥ ലോബിയാണ് ചരടുവലിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. ജല വിതരണമേഖലയെ സ്വകാര്യവത്കരിക്കുന്നതിന്റെ തുടക്കമായാണ് ഫ്രഞ്ച് കമ്പനിയുടെ വരവിനെ ജല അതോറിറ്റിയിലെ ഭരണ-പ്രതിപക്ഷ യൂനിയനുകൾ വിലയിരുത്തുന്നത്. പൊതുമേഖലയിലെ ജലവിതരണ ശൃംഖലയെ ദുർബലപ്പെടുത്തുകയും ഭാവിയിൽ അമിത നിരക്ക് നൽകാൻ ജനം നിർബന്ധിതമാകാനും സാധ്യതയുള്ള സ്വകാര്യവത്കരണ നീക്കങ്ങൾക്കെതിരെ യോജിച്ച പ്രക്ഷോഭത്തിന് ഭരണ-പ്രതിപക്ഷ സംഘടനകൾ ആലോചിക്കുന്നുണ്ട്. മന്ത്രിസഭയിൽനിന്ന് പദ്ധതിക്ക് അനുകൂല തീരുമാനം ഉണ്ടാകാത്തവിധം മുഖ്യമന്ത്രിയെ അടക്കം കണ്ട് വിഷയം ധരിപ്പിക്കാനും നീക്കമുണ്ട്. 2511 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതിൽ 70 ശതമാനമാണ് എ.ഡി.ബി വായ്പയായി നൽകുക. ശേഷിക്കുന്ന 750 കോടി സംസ്ഥാന സർക്കാർ കണ്ടെത്തണം.
സ്വകാര്യവത്കരണത്തിന് ആക്കംകൂട്ടുന്നതായിരുന്നു 2012ൽ പ്രഖ്യാപിച്ച ദേശീയജലനയം. അതിൽനിന്ന് വ്യത്യസ്തമായിരുന്നു കേരളത്തിന്റെ ജലനയം. എന്നാൽ ഇത് അവഗണിച്ച് ദേശീയ ജലനയത്തിന് അനുകൂലമായ പാതയിലാണ് സംസ്ഥാനത്തും പദ്ധതികൾ നടപ്പാക്കുന്നതെന്ന വിമർശനമാണുയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.