കോഴിക്കോട്: വയനാട്ടിൽ റെയിൽവേ എത്തിക്കുന്ന പദ്ധതികളായ നിലമ്പൂർ-നഞ്ചങ്കോട്, തലശ്ശേരി-വയനാട്-മൈസൂർ പദ്ധതികൾ മങ്ങുന്നു. ഈ രണ്ട് പദ്ധതികൾക്ക് പകരാമായി കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ നിന്നും കൽപ്പറ്റ വഴി മൈസൂരുവിനടുത്തുള്ള കാഡകോലയിലേക്കുള്ള തീവണ്ടിപാത പരിഗണിക്കുന്നുവെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. 'ദി ഹിന്ദു'വാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.
190 കിലോ മീറ്റർ നീളമുള്ള റെയിൽപാതയായിരിക്കും നിർമ്മിക്കുക. കൊയിലാണ്ടിയിൽ നിന്നും തുടങ്ങി പേരാമ്പ്ര, മുള്ളൻകുന്ന്, നിരവിൽപുഴ, തരുവണ, കൽപ്പറ്റ, മീനങ്ങാടി, പുൽപ്പള്ളി, കൃഷ്ണരാജപുര, എച്ച്.ഡി കോട്ട, ഹാംപാപുര, ബാദിർഗുഡു വഴി കാഡകോല സ്റ്റേഷനിലാവും റെയിൽവേ പാതയെത്തുക. വയനാടിനേയും മൈസൂരിവിനേയും ബന്ധിപ്പിക്കാനുള്ള ഏറ്റവും നല്ല പാത ഇതാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. പാതമൂലം വന്യമൃഗങ്ങൾക്കും കാര്യമായ പ്രശ്നങ്ങളുണ്ടാവില്ലെന്നാണ് സൂചന.
പുതിയ റെയിൽവേലൈൻ വരുന്നതോടെ കോഴിക്കോട്-മൈസൂരു ദൂരം 230 കിലോ മീറ്റർ കുറയും. നിലവിൽ ബംഗളൂരു വഴി 715 കിലോ മീറ്ററും മംഗളൂരു വഴി 507 കിലോ മീറ്ററുമാണ് മൈസൂരുവിലേക്കുള്ള റെയിൽവേ ദൂരം. പുതിയ റെയിൽവേലൈൻ യാഥാർഥ്യമായാൽ ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ദൂരം 120 കിലോമീറ്റർ കുറയും. മൈസൂരുവിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ദൂരം 330 കിലോ മീറ്ററും കുറയും.
പദ്ധതിക്കായി കേരള, കർണാടക വനം വകുപ്പ്, സംസ്ഥാന വന്യജീവ് ബോർഡ്, ദേശീയ വന്യജീവി ബോർഡ്, ദേശീയ കടുവ സംരക്ഷണ അതോറിറ്റി, സുപ്രീംകോടതി എന്നിവയുടെയെല്ലാം അനുമതി വേണം. കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് പദ്ധതിക്ക് അന്തിമാനുമതി നൽകേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.