തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ നിരന്തരമായി മതസ്പർധ വളർത്തുന്ന പ്രതീഷ് വിശ്വനാഥനെതിരെ പരാതിയുമായി ഫ്രറ്റേണിറ്റി. മുഖ്യമന്ത്രി പിണറായി വിജയനാണ് പരാതി നൽകിയത്. മഹാനവമി ദിനത്തിൽ ആയുധശേഖരം ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചതും സ്പർധ വളർത്തുന്നതുമായി ബന്ധപ്പെട്ട പോസ്റ്റുകളുമാണ് പരാതിക്ക് ആധാരം. ശക്തമായ നടപടികൾ ഉണ്ടാവത്തതാണ് പ്രതീഷ് വിശ്വനാഥൻ ഇത്തരം പ്രവർത്തികൾ നിർലോഭം തുടരുന്നതിന് കാരണമെന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡൻറ് ഷംസീർ ഇബ്രാഹിം പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പരാതിയുടെ പൂർണ്ണ രൂപം
സര്‍,
കഴിഞ്ഞ കുറെ കാലങ്ങളായി ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യ മാധ്യമ ഇടങ്ങളില്‍ സ്പര്‍ധ പരത്തുന്ന തരത്തില്‍ സവിശേഷമായി മുസ്ലിം സമൂഹത്തിനെതിരെ വെറുപ്പ് ഉല്‍പാദിപ്പിക്കുന്ന പ്രചരണങ്ങള്‍ നടത്തുന്ന വ്യക്തിയാണ് പ്രതീഷ് വിശ്വനാഥ്. പ്രതീഷ് വിശ്വനാഥിന്റെ പേരില്‍ ഉള്ള https://www.facebook.com/advpratheeshvishwanath/ ഈ ഫേസ്ബുക്ക് പേജില്‍ നിന്ന് നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണങ്ങള്‍ സമൂഹത്തില്‍ വര്‍ഗ്ഗീയ ധ്രുവീകരണത്തിന് ഇടവരുത്തുന്നതാണ്. ഏറ്റവും അവസാനം ഒക്ടോബര്‍ 24ന് മേല്‍സൂചിപ്പിച്ച പേജില്‍ നിന്നുള്ള പോസ്റ്റാണ് ഈ പരാതിക്കാധാരം. ഒക്ടോബര്‍ 24ന് പ്രതീഷ് വിശ്വനാഥിന്റെ പേജില്‍ നിന്ന് മഹാനവമി പൂജയുമായി ബന്ധപ്പെട്ട് പബ്ലിഷ് ചെയ്തിട്ടുള്ള പോസ്റ്റില്‍ (പോസ്റ്റ് ലിങ്ക്
https://www.facebook.com/1060689457417792/posts/1687691211384277/ സ്‌ക്രീന്‍ഷോട്ട് ഈ പരാതിയോടൊപ്പം അറ്റാച്ച് ചെയ്യുന്നുണ്ട്) വന്‍ ആയുധ ശേഖരം ആണ് പൊതു സമൂഹത്തിന് മുന്നില്‍ പ്രകോപനപരമായ അടിക്കുറുപ്പോട് കൂടി പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. തോക്കുകളും വാളുകളും അടങ്ങുന്ന മാരകായുധങ്ങള്‍ സൂക്ഷിക്കുകയും പൊതു സമൂഹത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുള്ള പ്രതീഷ് വിശ്വനാഥിന്റെ മേല്‍ പ്രവര്‍ത്തി ഗുരുതരമായ ക്രിമിനല്‍ കുറ്റമാണ്. അതോടൊപ്പം ചേര്‍ത്തിട്ടുള്ള അടിക്കുറിപ്പിലെ പ്രയോഗങ്ങള്‍ ആയുധമേന്തി അക്രമം പ്രവര്‍ത്തിക്കുവാനുള്ള കലാപ ആഹ്വാനമാണ്. 'ആയുധം താഴെ വെക്കാന്‍ ഇനിയും സമയം ആയിട്ടില്ല, ശത്രു നമുക്കിടയില്‍ പതിയിരിക്കുവോളം ആയുധം ഉപേക്ഷിക്കുന്നത് ആത്മഹത്യാപരമാണ്' എന്നതടക്കമുള്ള പ്രയോഗങ്ങള്‍ സമൂഹത്തില്‍ മതസമൂഹങ്ങള്‍ തമ്മില്‍ സ്പര്‍ധ വളര്‍ത്തി അക്രമവും അരാജകത്വവും വളര്‍ത്തുവാനും അത് വഴി വര്‍ഗ്ഗീയ കലാപമുണ്ടാക്കുവാനും പ്രതീഷ് വിശ്വനാഥ് കഴിഞ്ഞ കുറെ കാലങ്ങളായി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ്.
നേരത്തെയും സമൂഹ മാധ്യമങ്ങള്‍ വഴി പ്രതീഷ് വിശ്വനാഥ് നടത്തിയിട്ടുള്ള ദൂരവ്യാപക പ്രത്യഘാതങ്ങള്‍ സൃഷ്ടിക്കുന്ന പരാമര്‍ശങ്ങള്‍ക്കും പ്രതീഷ് വിശ്വനാഥിന്റെ പ്രവര്‍ത്തികള്‍ക്കുമെതിരെ പരാതികള്‍ നല്‍കിയെങ്കിലും ശക്തമായ നടപടികള്‍ ഉണ്ടാവാത്തത് കാരണമാണ് ഇത്തരം പ്രവര്‍ത്തികള്‍ നിര്‍ലോഭം തുടരുന്നത്. പ്രതീഷ് വിശ്വനാഥിന്റെ നേതൃത്വത്തില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷണം നടത്തേണ്ടതുണ്ട്. പ്രതീഷ് വിശ്വനാഥിന്റെ ആയുധ ശേഖരത്തെ കുറിച്ച് ഊര്‍ജ്ജിതമായ അന്വേഷണം നടത്തണമെന്നും ആയുധം ശേഖരിച്ചതിനും അത് പൊതു സമൂഹത്തിന് മുന്നില്‍ സ്പര്‍ധ വളര്‍ത്തുന്നതും കലാപാഹ്വാനം നടത്തുന്ന തരത്തിലുള്ള അടിക്കുറുപ്പോട് കൂടി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിനും അയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.