ജുമുഅ നമസ്കാരം അനുവദിക്കാതെവന്നതോടെ കവരത്തിയിലെ പള്ളിക്ക് പുറത്തുനിൽക്കുന്ന വിശ്വാസികൾ

ലക്ഷദ്വീപിൽ ജുമുഅ നമസ്കാരം മുടക്കി; ദുരുദ്ദേശ്യപരമെന്ന് നാട്ടുകാർ

കൊച്ചി: ഒരു ഒമിക്രോൺ കേസ് പോലും റിപ്പോർട്ട് ചെയ്യപ്പെടാത്തതും രോഗവ്യാപനം തീരെ കുറഞ്ഞതുമായ ല‍ക്ഷദ്വീപിൽ കോവിഡിന്‍റെ പേരുപറഞ്ഞ് ജുമുഅ നമസ്കാരം മുടക്കി. നിരോധനാജ്ഞയും പ്രത്യേക ഉത്തരവുമുണ്ടെന്ന് പറഞ്ഞ്​ അധികൃതർ നേരിട്ട് പള്ളികളിലെത്തിയതോടെ വിവിധ ദ്വീപുകളിലെ പ്രാർഥനകൾ മുടങ്ങി.

ലക്ഷദ്വീപിൽ നിരോധനാജ്ഞയും രാത്രികാല കർഫ്യൂവും ഏർപ്പെടുത്തിയിരിക്കുകയാണ്. രോഗവ്യാപനം കുറഞ്ഞ ലക്ഷദ്വീപിൽ വെള്ളിയാഴ്ചയിലെ പ്രധാന പ്രാർഥന മുടക്കിയത് ദുരുദ്ദേശ്യപരമാണെന്ന് ജനങ്ങൾ ആരോപിച്ചു. കലക്ടർ എസ്. അസ്കർ അലിയുടെ നിർദേശപ്രകാരം അഗത്തി ദ്വീപിൽ ഡെപ്യൂട്ടി കലക്ടർ വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. മറ്റ് ദ്വീപുകളിൽ മുന്നറിയിപ്പുണ്ടായിരുന്നതായി അറിഞ്ഞിരുന്നില്ലെന്നും ജനങ്ങൾ പ്രതികരിച്ചു.

നിരവധിയാളുകൾ പള്ളികളിൽ പ്രാർഥനക്ക്​ എത്തിയിരുന്നെങ്കിലും അനുവദിക്കാനാകില്ലെന്ന് പൊലീസ്​ അറിയിച്ചതോടെ പുറത്തുനിൽക്കേണ്ടിവന്നു. അഡ്മിനിസ്ട്രേഷന്‍റെ തീരുമാനം അറിയാതെ കവരത്തി ജുമാമസ്ജിദിൽ വിശ്വാസികൾ നേരത്തെതന്നെ എത്തിയിരുന്നു.

എന്നാൽ, ഉച്ചയോടെ സ്ഥലത്തെത്തിയ പൊലീസ്​ ഉദ്യോഗസ്ഥർ പ്രാർഥന നടത്തരുതെന്നും എല്ലാവരും പുറത്തുപോകണമെന്നും ആവശ്യപ്പെട്ടു. ഇതോടെ നമസ്കാരം നിർവഹിക്കാനാകാതെ വിശ്വാസികൾക്ക് മടങ്ങേണ്ടിവന്നു. വ്യാഴാഴ്ച കോവിഡ് സാഹചര്യങ്ങൾ ചർച്ചചെയ്യാൻ അഡ്മിനിസ്ട്രേഷന്‍റെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നെങ്കിലും ഇത്തരത്തിലൊരു തീരുമാനമെടുത്തിരുന്നില്ല.

ഒമിക്രോൺ, കോവിഡ് കേസുകൾ കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നുമില്ലാത്ത നടപടിയാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍റേതെന്ന് ജനപ്രതിനിധികളും കുറ്റപ്പെടുത്തുന്നു. സർക്കാർ ഓഫിസുകളും വിദ്യാലയങ്ങളുമടക്കം പ്രവർത്തിക്കുമ്പോൾ പള്ളികളിൽ മാത്രം നിയന്ത്രണമേർപ്പെടുത്തിയതിനെ അവർ ചോദ്യംചെയ്യുന്നു.

കാലങ്ങളായി തുടരുന്ന വിദ്യാലയങ്ങളിലെ വെള്ളിയാഴ്ച അവധി അഡ്മിനിസ്ട്രേഷൻ നിർത്തിയത് വിവാദത്തിന് വഴിവെച്ചിരുന്നു. ഇതുമൂലം വിദ്യാർഥികളുടെയും അധ്യാപകരുടെയും വെള്ളിയാഴ്ച പ്രാർഥന മുടങ്ങുമെന്ന് ചൂണ്ടിക്കാട്ടിയെങ്കിലും അധികൃതർ മുഖവിലക്കെടുത്തിരുന്നില്ല. മാത്രമല്ല, സർക്കാർ ഓഫിസുകളിൽ ഉച്ചഭക്ഷണത്തിനുള്ള സമയം 1.30 മുതൽ രണ്ടുവരെയാക്കുകയും ചെയ്തു. ഇതോടെ അവർക്ക് വെള്ളിയാഴ്ച പ്രാർഥന പൂർണമായി മുടങ്ങുന്ന സ്ഥിതിവരുകയും ചെയ്തു. ഇതിനിടെയാണ് ലക്ഷദ്വീപിലാകെ നിരോധനാജ്ഞ ഏർപ്പെടുത്തിയതും ജുമുഅ നമസ്കാരം തടസ്സപ്പെടുത്തിയതും.

Tags:    
News Summary - Friday prayers canceled in Lakshadweep; The locals said it was malicious

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.