കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ടത്തിൽ കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ഏപ്രിൽ 26ന് വെള്ളിയാഴ്ച നടത്താൻ നിശ്ചയിച്ച വോട്ടെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റിനിശ്ചയിക്കണമെന്ന് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ പ്രസിഡന്‍റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച ഉച്ചക്ക് മുസ്‌ലിം സമുദായത്തിന് ഏറെ പുണ്യമുള്ള ജുമുഅ നിസ്കാരം നിർവഹിക്കേണ്ട ദിവസമാണ്. ഒരു പ്രദേശത്തെ മുഴുവൻ ജനങ്ങളും സംഘം ചേർന്ന് നിർവഹിക്കേണ്ട ആരാധനയാണ് ജുമുഅ നിസ്കാരം. വോട്ടർമാർക്കും ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കും വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ് ഏറെ പ്രയാസങ്ങൾ സൃഷ്ടിക്കും. പോളിങ്ങനെയും ഇത് സാരമായി ബാധിക്കും. തെരഞ്ഞെടുപ്പ് കമീഷൻ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്ന് ഇരുവരും അഭ്യർഥിച്ചു. ഇത് സംബന്ധമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് ഇ-മെയിൽ സന്ദേശം അയച്ചിട്ടുണ്ടെന്നും സമസ്ത അറിയിച്ചു.
വോട്ടെടുപ്പ് വെള്ളിയാഴ്ചയായത് വിശ്വാസികൾക്ക് അസൗകര്യം സൃഷ്ടിക്കുമെന്ന് മുസ്‌ലിം ലീഗും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വെള്ളിയാഴ്ചയിലെ തെരഞ്ഞെടുപ്പ് വോട്ടർമാർക്കും ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരായ വിശ്വാസികൾക്ക് അസൗകര്യം സൃഷ്ടിക്കുമെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. ഈ വിഷയം അടിയന്തരമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശ്രദ്ധയിൽപെടുത്തുമെന്നും പി.എം.എ. സലാം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.