ആലപ്പുഴ: എസ്.എഫ്.ഐ കായംകുളം ഏരിയ ഭാരവാഹികളായിരുന്നു അബിൻ സി. രാജും നിഖിൽ തോമസും. ഈ സൗഹൃദമാണ് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് തരപ്പെടുത്താനുള്ള കൂട്ടായി മാറിയത്. ഇതിന് 2020ൽ നിഖിലിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് അബിന്റെ അക്കൗണ്ടിലേക്ക് രണ്ടുലക്ഷം രൂപ അയച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. കലിംഗ സര്‍വകലാശാലയുടെ അസ്സല് സര്‍ട്ടിഫിക്കറ്റാണെന്നും കേരള സര്‍വകലാശാലയില്‍ രജിസ്റ്റര്‍ ചെയ്താല്‍ പ്രശ്നമില്ലെന്നും അബിൻ പറഞ്ഞതായാണ് നിഖിലിന്റെ മൊഴി.
അബിൻ വിദേശത്ത് പോകുംമുമ്പ് ഏജൻസി വഴി വിവിധ സർവകലാശാലകളിൽ പ്രവേശനം നേടാൻ മറ്റ് പലർക്കും വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയതായി സംശയിക്കുന്നുണ്ട്. വ്യക്തത വരുത്താൻ അബിനെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാനാണ് തീരുമാനം. കലിംഗ സർവകലാശാലയിലടക്കം തെളിവെടുപ്പിന് കൊണ്ടുപോകേണ്ടതിനാൽ നിഖിലിനെ 14 ദിവസത്തേക്കാണ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടതെങ്കിലും ഏഴുദിവസമാണ് അനുവദിച്ചിരിക്കുന്നത്.
അഞ്ചുദിവസം ഒളിവിൽ കഴിഞ്ഞ നിഖിൽ കോഴിക്കോട്-തിരുവനന്തപുരം റൂട്ടിൽ കൊട്ടാരക്കരക്ക് ടിക്കറ്റെടുത്ത് യാത്ര ചെയ്യവെ കോട്ടയം കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിൽവെച്ച് വെള്ളിയാഴ്ച അർധരാത്രിയാണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനക്കിടെ തൊപ്പിയും മാസ്കും ധരിച്ച് സീറ്റിലിരുന്ന നിഖിലിനെ ബസിൽനിന്നാണ് പിടികൂടിയത്. കൈയിൽ പണം തീർന്നതിനാലാണ് കൊട്ടാരക്കരക്ക് ടിക്കറ്റ് എടുത്തതെന്ന നിഖിലിന്റെ മൊഴി പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.