representative image

ഉപ്പ്​ മുതൽ സോപ്പ്​ വരെ; 14 വിഭവങ്ങളുമായി ഏപ്രിലിലെ 'സ്പെഷൽ കിറ്റ്' വിതരണം തിങ്കളാഴ്ച മുതൽ

തിരുവനന്തപുരം: കിറ്റിന്‍റെ പേരിൽ പ്രതിപക്ഷവും ഭരണപക്ഷവും കൊമ്പുകോർക്കുന്നതിനിടെ ഏപ്രിൽ മാസത്തെ സൗജന്യ ഭക്ഷ്യക്കിറ്റിെൻറ വിതരണം തിങ്കളാഴ്ച ആരംഭിക്കും. ഭക്ഷ്യവകുപ്പ് തെരഞ്ഞെടുപ്പ് കമീഷന് നൽകിയ വിശദീകരണത്തിൽ കമീഷൻ മറുപടി അറിയിക്കാത്ത സാഹചര്യത്തിലാണ് 14 ഭക്ഷ്യധാന്യങ്ങളടങ്ങിയ സൗജന്യ 'സ്പെഷൽ കിറ്റ്' വിതരണം തിങ്കളാഴ്ച മുതൽ ആരംഭിക്കാൻ ഭക്ഷ്യവകുപ്പ് തീരുമാനിച്ചത്. കിറ്റുകൾ റേഷൻ കടകളിലെത്തി.

രാവിലെയോടെ ഇ-പോസ് മെഷീനിൽ ക്രമീകരണങ്ങൾ വരുത്തി അന്ത്യോദയ അന്നയോജന വിഭാഗങ്ങൾക്ക് (മഞ്ഞക്കാർഡ്) ആദ്യഘട്ട കിറ്റുകൾ വിതരണം ചെയ്യും. 20 ദിവസം കൊണ്ട് സംസ്ഥാനത്തെ എല്ലാ വിഭാഗത്തിനുമുള്ള ഏപ്രിലിലെ കിറ്റ് വിതരണം പൂർത്തിയാക്കും. മാർച്ച് മാസത്തെ കിറ്റും ലഭിക്കും. ഫെബ്രുവരിയിലെ കിറ്റ് ഈ മാസം 31 വരെ വാങ്ങാം. 80 ലക്ഷത്തോളം പേർ ഇതിനകം ഫെബ്രുവരിയിലെ കിറ്റ് കൈപ്പറ്റി.

ഏപ്രിൽ മാസത്തെ സ്പെഷൽ കിറ്റ് ഈ മാസം 25 മുതൽ വിതരണം ചെയ്യാനായിരുന്നു ആലോചന. എന്നാൽ, ഇത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. ഇതിൽ കമീഷൻ സർക്കാറിനോട് വിശദീകരണവും തേടി. കോവിഡ് കാലത്തിെൻറ തുടർച്ചയായാണ് കിറ്റ് വിതരണമെന്നും ജനുവരി, ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വിതരണം ചെയ്യാൻ ഫെബ്രുവരി 16ന് സർക്കാർ ഉത്തരവിറക്കിയിരുന്നെന്നും ഭക്ഷ്യസെക്രട്ടറി കമീഷനെ അറിയിച്ചു.

ഏപ്രിലിൽ വിശേഷദിനങ്ങൾ വരുന്നത് പ്രമാണിച്ച് ആ മാസത്തിൽ വിതരണം ചെയ്യുന്ന കിറ്റിൽ 14 ഇന ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടുത്താൻ ഫെബ്രുവരിയിലെ മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. നാലുമാസത്തെ ഭക്ഷ്യക്കിറ്റിന് 1475.50 കോടിയാണ് ആകെ ചെലവ് പ്രതീക്ഷിക്കുന്നത്. വിഷുവിന് മുമ്പ് കിറ്റ് എത്തിക്കുന്നതിെൻറ ഭാഗമായാണ് 25ഓടെ വിതരണം ആരംഭിക്കാൻ നിശ്ചയിച്ചതെന്നും ഭക്ഷ്യസെക്രട്ടറി പി. വേണുഗോപാൽ കമീഷനെ അറിയിച്ചു. മാർച്ച്, ഏപ്രിൽ മാസത്തെ സ്പെഷൽ അരി വിതരണം തടഞ്ഞ കമീഷൻ നടപടിക്കെതിരെ ഹൈകോടതിയെ സമീപിക്കാനാണ് സർക്കാർ തീരുമാനം. ഇതുസംബന്ധിച്ച് അഡ്വക്കറ്റ് ജനറലുമായുള്ള ചർച്ചകൾ പൂർത്തിയായി.

ഏപ്രിൽ കിറ്റിലെ സാധനങ്ങൾ

1. പഞ്ചസാര -ഒരു കിലോഗ്രാം
2. കടല -500 ഗ്രാം
3. ചെറുപയർ -500 ഗ്രാം
4. ഉഴുന്ന് -500 ഗ്രാം
5. തുവരപ്പരിപ്പ് -250 ഗ്രാം
6. വെളിച്ചെണ്ണ -അര ലിറ്റർ
7. തേയില -100 ഗ്രാം
8. മുളകുപൊടി -100 ഗ്രാം
9. ആട്ട -ഒരു കിലോ
10. മല്ലിപ്പൊടി -100 ഗ്രാം
11.മഞ്ഞൾപൊടി -100 ഗ്രാം
12. സോപ്പ് -രണ്ടെണ്ണം
13. ഉപ്പ് -ഒരു കിലോഗ്രാം
14. കടുക് / ഉലുവ -100 ഗ്രാം

Tags:    
News Summary - From salt to soap; The ‘Special Kit’ distribution in April with 14 dishes starts from Monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.