തിരുവനന്തപുരം: ഐ.ഒ.സിയുമായി ബന്ധം വഷളായതിനെ തുടർന്ന് ഡിപ്പോകൾക്ക് അനുബന്ധമായുള്ള പുതിയ പമ്പുകൾക്ക് മറ്റു കമ്പനികളുമായി ചർച്ചക്കൊരുങ്ങി കെ.എസ്.ആർ.ടി.സി. ഇന്ധന ഇനത്തിലെ പണമടയ്ക്കാൻ വൈകിയതിന് 18 ശതമാനം പലിശ ചുമത്തിയതോടെയാണ് ഐ.ഒ.സിയുമായി കെ.എസ്.ആർ.ടി.സി ഇടഞ്ഞത്. ഓണത്തിന് ജീവനക്കാർക്ക് ഒറ്റത്തവണയായി ശമ്പളം നൽകുന്നതിന് ഇന്ധനഇനത്തിൽ മാറ്റിവെച്ച തുക വിനിയോഗിക്കാൻ കെ.എസ്.ആർ.ടി.സി, ഐ.ഒ.സിയോട് സാവകാശം തേടിയിരുന്നു. വാക്കാൽ അനുമതി നൽകുകയും ചെയ്തിരുന്നുവെന്നാണ് കെ.എസ്.ആർ.ടി.സി പറയുന്നത്.
എന്നാൽ ഇത് പരിഗണിക്കാതെ തുക വൈകിയതിന് 18 ശതമാനം പലിശ ചുമത്തുകയായിരുന്നു. ഇതേ തുടർന്ന് ഒരുക്കങ്ങളെല്ലാം പൂർത്തിയായെങ്കിലും പെരുമ്പാവൂരിലെ പമ്പ് ഉദ്ഘാടനത്തിൽ നിന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ പിൻമാറി. ഉദ്ഘാടനത്തിനായി എറണാകുളത്ത് എത്തിയ ശേഷമായിരുന്നു പിൻവാങ്ങൽ. എടപ്പാൾ, പാലക്കാട്, ആറ്റിങ്ങൽ അടക്കം ഒമ്പത് ഡിപ്പോകളിൽ ആരംഭിക്കുന്ന പമ്പുകൾക്ക് മറ്റു കമ്പനികളുടെ സഹകരണം തേടാനാണ് തീരുമാനം. ഹിന്ദുസ്ഥാൻ പെട്രോളിയവും ഭാരത് പെട്രോളിയവും സന്നദ്ധത അറിയിച്ചിട്ടുണ്ട്. കുറച്ച് കൂടി മികച്ച ഓഫറാണ് ഇവർ മുന്നോട്ടുവെച്ചതെന്നാണ് സൂചന.
ഐ.ഒ.സിയും കെ.എസ്.ആർ.ടി.സിയും തമ്മിലെ കരാർ പ്രകാരം പണമടക്കാൻ വൈകുന്ന സാഹചര്യങ്ങളിൽ 18 ശതമാനം പലിശ ഏർപ്പെടുത്താം. ഇത് സാങ്കേതികമായി ശരിയാണെന്ന് സമ്മതിക്കുമ്പോഴും മാനുഷിക പരിഗണന നൽകിയില്ലെന്നതാണ് മന്ത്രിയുടെ പരാതി. ആന്റണി രാജുവിന്റെ സമയത്താണ് ഐ.ഒ.സിയുമായി കരാർ ഒപ്പിട്ടത്.
പുതിയ കരാറുകളിൽ 18 ശതമാനം പലിശ എന്ന വ്യവസ്ഥ വെക്കില്ലെന്നാണ് ഗണേഷ്കുമാറിന്റെ നിലപാട്. ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിനായാണ് സ്ഥാപന പുനഃസംഘടനയുടെ ഭാഗമായി കെ.എസ്.ആർ.ടി.സി പമ്പുകൾ തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.