കൊച്ചി: അപൂർവ രോഗം ബാധിച്ച കുട്ടികളുടെ ചികിത്സാ സഹായത്തിനുള്ള ജനകീയ ഫണ്ട് ശേഖരണത്തിന് പൊതുവേദിയുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് ഹൈകോടതി കേന്ദ്ര -സംസ്ഥാന സർക്കാറുകളുടെ നിലപാട് തേടി. വ്യാപക ഫണ്ട് ശേഖരണ നടപടികൾ നിയന്ത്രിക്കാൻ പൊതുവേദിയിലൂടെ കഴിയും. ഈ ലക്ഷ്യത്തിന് കേന്ദ്രസർക്കാർ നയമുണ്ടാക്കിയിട്ടുണ്ടെങ്കിലും കേരളത്തിലെ ആശുപത്രികളൊന്നും ഇക്കാര്യം വിജ്ഞാപനം ചെയ്തിട്ടില്ല. അപൂർവരോഗം ബാധിച്ച കുട്ടികളെ സഹായിക്കാൻ സർക്കാർ തുടങ്ങിയ വി കെയർ പദ്ധതി ഫലപ്രദമായില്ല.
ഇതെന്തുകൊണ്ടാണെന്നും ഫണ്ടിനും ഫണ്ട് നൽകാൻ തയാറാകുന്നവർക്കും നികുതിയിളവ് നൽകുമോയെന്നതടക്കമുള്ള കാര്യങ്ങളിലും സർക്കാറുകൾ നിലപാട് അറിയിക്കണം. തുടർന്ന്, ഹരജി ഒക്ടോബർ 27ന് പരിഗണിക്കാൻ മാറ്റി. ഇത്തരം കുട്ടികളുടെ ചികിത്സക്ക് സഹായം തേടിയുള്ള ഹരജികൾ പരിഗണിച്ചാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാറിെൻറ നിർദേശം.
സ്പൈനൽ മസ്കുലാർ അട്രോഫിയെന്ന അപൂർവരോഗം ബാധിച്ച് മരിച്ച പെരിന്തൽമണ്ണ സ്വദേശിയായ ഒരു വയസ്സുകാരൻ ഇംറാനുവേണ്ടി സമാഹരിച്ച 16 കോടിയിൽനിന്ന് സഹായം തേടി ഇതേ രോഗം ബാധിച്ച ബംഗളൂരു സ്വദേശി ഖ്യാതിയെന്ന ഒരു വയസ്സുകാരിയുടെ പിതാവ് നാഗുമന്ത്രി നൽകിയ ഹരജിയും ഇതോടൊപ്പം പരിഗണിക്കുന്നുണ്ട്. ഇംറാെൻറ ചികിത്സക്ക് ശേഖരിച്ച 46 കോടിയിൽ 18 കോടി ഉപയോഗിച്ചു.
ഇതിനിടെ കുട്ടി മരിച്ചു. ബാക്കി തുക അക്കൗണ്ടിൽ സൂക്ഷിച്ചിരിക്കുകയാണ്. കോടതിയുടെ തീരുമാനം ഉണ്ടാകുന്നതുവരെ ഈ തുക മറ്റൊരു ആവശ്യത്തിനും ഉപയോഗിക്കരുതെന്നും സിംഗിൾ ബെഞ്ച് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.