കൊച്ചി: എസ്.എസ്.എൽ.സി പരീക്ഷയില്‍ ഉപരി പഠനത്തിന് അര്‍ഹത നേടിയ മലബാര്‍ മേഖലയിലെ മുഴുവന്‍ വിദ്യാർഥികള്‍ക്കും തുടര്‍ വിദ്യാഭ്യാസത്തിന് അവസരം നല്‍കാതിരിക്കുന്നത് കടുത്ത അനീതിയാണെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ്. ഫുള്‍ എ പ്ലസ് നേടിയിട്ടു പോലും പ്ലസ് വണ്ണിന് പ്രവേശനം ലഭിക്കാതെ കുട്ടികള്‍ പ്രയാസപ്പെടുകയാണ്. ഉപരി പഠനത്തിന് സീറ്റ് നിഷേധിക്കപ്പെട്ടതിനാല്‍ ഒരു വിദ്യാര്‍ഥി ആത്മഹത്യ ചെയ്യേണ്ട സാഹചര്യം വന്നിട്ടും ഇടതു സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
ഉപരി പഠനത്തിന് ആവശ്യത്തിന് സീറ്റ് ഇല്ല എന്ന യാഥാര്‍ഥ്യത്തെ മൂടിവെച്ച് കള്ളക്കണക്കുകള്‍ നിരത്തി ജനങ്ങളെയും നിയമസഭാ സാമാജികരെയും വരെ കബളിപ്പിക്കാനാണ് വിദ്യാഭ്യാസ മന്ത്രിയുടെ ശ്രമം. പൊടിക്കൈകള്‍ കൊണ്ട് വിഷയം ബോധപൂര്‍വമായ വിവേചനത്തെ മറച്ചുപിടിക്കാനുള്ള ശ്രമം പൊതുസമൂഹം തിരിച്ചറിഞ്ഞിരിക്കുന്നു. മലബാര്‍ മേഖലയിലെ രക്ഷകര്‍ത്താക്കളും വിദ്യാര്‍ഥികളുമുള്‍പ്പെടെ എല്ലാവരും വിഷയത്തില്‍ പ്രത്യക്ഷ സമരത്തിന് തയാറാവുന്നു എന്നു തിരിച്ചറിഞ്ഞതിനാല്‍ സി.പി.എം പോഷക വിദ്യാര്‍ഥി സംഘടനയെ രംഗത്തിറക്കി ഹൈജാക്ക് ചെയ്യാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തുച്ഛമായ സീറ്റ് വര്‍ധന കൊണ്ടു പരിഹരിക്കാവുന്ന പ്രശ്‌നമല്ലിത്. ഹയര്‍ സെക്കന്‍ഡറിയില്‍ മാത്രമല്ല, പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിഷയത്തില്‍ കടുത്ത അനീതിയും വിവേചനവുമാണ് മലബാര്‍ മേഖല നേരിടുന്നത്. സംസ്ഥാനത്തെ പൊതുഖജനാവിലേക്ക് ഗണ്യമായ വിഹിതം നല്‍കുന്ന പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ വിദ്യാഭ്യാസ രംഗത്തു മാത്രമല്ല ആതുരാലയങ്ങളുടെ വിഷയത്തിലുള്‍പ്പെടെ ബോധപൂര്‍വമായ അവഗണനയാണ് തുടരുന്നത്.
മലബാര്‍ മേഖലയുടെ സമഗ്ര വികസനത്തിനും വിദ്യാഭ്യാസ- ചികില്‍സാ രംഗത്തെ പ്രതിസന്ധി മറികടക്കുന്നതിനും സമഗ്രവും സത്വരവുമായ നടപടികള്‍ സ്വീകരിക്കാന്‍ ഇടതു സര്‍ക്കാര്‍ തയ്യാറാവണമെന്നും സംസ്ഥാന പ്രസിഡന്റ് സുനിത നിസാര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.