മലപ്പുറം: ശക്തമായ ജനകീയ സമരങ്ങൾക്കും പൊലീസ് നടപടികൾക്കും ശേഷം ഗെയിൽ വാതക പൈപ്ലൈൻ പദ്ധതി പ്രവർത്തനങ്ങൾക്ക് വീണ്ടും വേഗം കൂടുന്നു. ജില്ലയിലെ കോഡൂർ വില്ലേജിൽ മുറിച്ചു മാറ്റേണ്ട മരങ്ങളുടെ കണക്കെടുപ്പും പൈപ്പിടുന്ന സ്ഥലത്തിെൻറ അളവെടുപ്പും തിങ്കളാഴ്ച തുടങ്ങി. പൊലീസ് കാവലിലാണ് മലപ്പുറം-ചാപ്പനങ്ങാടി റോഡിലെ പാറമ്മലിൽ ഗെയിൽ ഉദ്യോഗസ്ഥർ സർവേ നടത്തിയത്.
ആദ്യ ദിവസം 500 മീറ്റർ ദൂരമാണ് അളന്നു തിട്ടപ്പെടുത്തിയത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ കോഡൂർ വില്ലേജിലെ കണക്കെടുപ്പ് പൂർത്തിയാക്കും. ഇത് അവസാനിച്ചതിന് ശേഷമാണ് നഷ്ടപരിഹാരമായി വിതരണം ചെയ്യേണ്ട തുക നിശ്ചയിക്കുക. പൈപ്പിടുന്നതിനായി മുറിച്ചു മാറ്റുന്ന മരങ്ങൾക്കും വിളികൾക്കും നഷ്ടപരിഹാരം വൈകാതെ വിതരണം ചെയ്യുമെന്നും അധികൃതർ അറിയിച്ചു. ശക്തമായ സമരവും പൊലീസ് ലാത്തിച്ചാർജുമുണ്ടായ ജില്ലയിലെ മാറാക്കര മേൽമുറി മരവട്ടത്ത് പൈപ്പുകൾ വെൽഡ് ചെയ്യുന്ന പണിയാണ് ഇപ്പോൾ നടക്കുന്നത്.
ഇത് പൂർത്തിയാവുന്ന മുറക്ക് ൈപപ്പിടാനുള്ള കുഴിയെടുക്കും. മരവട്ടത്തെയും എരഞ്ഞിമാവിലെയും നിർമാണ പ്രവർത്തനങ്ങൾക്കിടെയാണ് ഗെയിൽ വിരുദ്ധ സമരം രൂക്ഷമായത്.
പൊലീസ് സമരക്കാരെ അടിച്ചമർത്തിയതിൽ വ്യാപക പ്രതിഷേധമുയർന്നു. സമരക്കാരുമായി സർക്കാർ ഇടപെട്ട് ചർച്ച നടത്തി നഷ്ടപരിഹാര തുക വർധിപ്പിക്കുകയും ചെയ്തു. ജനങ്ങളെ വിശ്വാസത്തിലെടുക്കുന്നതിെൻറ ഭാഗമായി മലപ്പുറം, കോഴിക്കോട് ജില്ലകളിൽ പൊലീസ് സംഘം വീടുകൾ സന്ദർശിക്കാനും തീരുമാനമായി.
എന്നാൽ ജനവാസ കേന്ദ്രങ്ങൾ മാറ്റി പൈപ്പ് ലൈൻ സ്ഥാപിക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്ന ജനകീയ സമിതി സമരം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.