കോഴിക്കോട് ഗെയിൽ വിരുദ്ധ സമരത്തിനിടെ ആത്മഹത്യാ ശ്രമം

കോഴിക്കോട്: ഗെയില്‍ വാതക പൈപ്പ് ലൈന്‍ സമരത്തിന്‍െറ തുടര്‍ച്ചയായി കോഴിക്കോട് കലക്ടറേറ്റിന് മുന്നില്‍ നിരാഹാരസമരം നടക്കുന്ന പന്തലിനടുത്ത് യുവാവ് പെട്രോള്‍ ശരീരത്തിലൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഗെയില്‍ പൈപ്പ് ലൈന്‍ വിരുദ്ധ സമരസമിതി പ്രവര്‍ത്തകന്‍ കോഴിക്കോട് എകരൂല്‍ കല്ലാച്ചികണ്ടി ഷബീര്‍ (35) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്.

കലക്ടറേറ്റില്‍ ഒരാഴ്ചയായി നിരാഹാരസമരത്തിലിരിക്കുന്ന വിമുക്തഭടന്‍ കല്ലാച്ചികണ്ടി മുഹമ്മദിന്‍െറ മകനാണ് ഓട്ടോറിക്ഷ ഡ്രൈവറായ ഷബീര്‍.  കഴിഞ്ഞ വെള്ളിയാഴ്ച സമരപ്പന്തലില്‍ കുഴഞ്ഞുവീണ ഷബീറിന്‍െറ പിതാവ് മുഹമ്മദ് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആറാം ദിവസം സമരത്തിന്‍െറ ഉദ്ഘാടനം കഴിഞ്ഞ ഉടനെയാണ് യുവാവ് ശരീരത്തില്‍ പെട്രോളൊഴിച്ചത്. ഉടനെ സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഷബീറിന്‍െറ ദേഹത്ത് വെള്ളമൊഴിച്ച് അപകടാവസ്ഥ ഇല്ലാതാക്കി.

ഇദ്ദേഹത്തെ ഉടന്‍ പൊലീസ് പിടികൂടി വാനിലേക്ക് മാറ്റി. യുവാവിനെതിരെ നടക്കാവ് പൊലീസ് കേസെടുത്ത് ജാമ്യത്തില്‍ വിട്ടു. സ്വന്തമായി വീടില്ലാത്ത ഷബീറിന്‍െറ കുടുംബം വാടകവീട്ടിലാണ് കഴിയുന്നത്. വീടുവെക്കാന്‍ പഞ്ചായത്തില്‍നിന്ന് അനുമതി ലഭിച്ച സ്ഥലത്താണ് ഗെയില്‍ ഉദ്യോഗസ്ഥര്‍ സര്‍വേ നടത്തി കുറ്റിയടിച്ചത്.

വീട് പണി തുടങ്ങാന്‍ ഒരുങ്ങുന്നതിനിടെ ഭൂമി നഷ്ടപ്പെടുമെന്ന ആധിയിലാണ് ഷബീറിന്‍െറ കുടുംബം കഴിയുന്നത്. ചൊവ്വാഴ്ച അസി. കലക്ടര്‍ ഇന്‍പശേഖരന്‍െറ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്യാമെന്ന തീരുമാനത്തിലാണ് നിരാഹാരസമരം അവസാനിപ്പിക്കാന്‍ ധാരണയായത്. ശനിയാഴ്ച രാവിലെ കലക്ടറേറ്റിന് മുന്നില്‍ നടന്ന ജനകീയ സമരസമിതിയുടെ ധര്‍ണയില്‍ സ്ത്രീകളടക്കം മുന്നൂറിലധികം പേര്‍ പങ്കെടുത്തു.

പൈപ്പ് ലൈന്‍ സ്ഥാപിക്കാനുള്ള  നീക്കം എന്ത് വിലകൊടുത്തും ചെറുക്കുമെന്നും ജനകീയ സമരസമിതിയുടെ ആഭിമുഖ്യത്തില്‍ പദ്ധതി പ്രദേശങ്ങളില്‍ നടക്കുന്ന സമരങ്ങള്‍ തുടരുമെന്നും സമരസമിതി കണ്‍വീനര്‍ അഡ്വ. വി.ടി. പ്രദീപ്കുമാര്‍ പറഞ്ഞു. ചൊവ്വാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ അനുകൂല നിലപാടല്ളെങ്കില്‍ സമരം തുടരാനാണ് നീക്കം.

Tags:    
News Summary - gail protest youth attempt suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.