കടലോരത്ത് കൂടി അലൈന്‍മെന്‍റ് സാധ്യമല്ല -ഗെയിൽ 

കൊച്ചി: വിദഗ്​ധരെ ഉള്‍പ്പെടുത്തി പദ്ധതിയുടെ സുരക്ഷാ ഗുണനിലവാര പരിശോധന നടത്തണമെന്ന അഭിഭാഷക കമീഷ​​െൻറ ശിപാര്‍ശ തള്ളണമെന്ന്  ഗെയിൽ ഹൈകോടതിയിൽ. കൊച്ചി-മംഗലാപൂരം പൈപ്പ്‌ലൈന്‍ സുരക്ഷിതമല്ലെന്ന കമീഷൻ റിപ്പോർട്ട്​ യുക്​തിസഹമല്ലെന്ന് ഗെയില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ആര്‍. സി കൃഷ്ണന്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ പറയുന്നു.

സുരക്ഷയുമായി ബന്ധപ്പെട്ട ഒ.​െഎ.എസ്​.ഡി 226 മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതെന്ന്​  17 പേജുള്ള മറുപടി സത്യവാങ്​മൂലത്തിൽ പറയുന്നു. വിവേചനരഹിതമായ പ്രസ്താവനകള്‍ നടത്തു​ന്നതിന്​ പകരം സുരക്ഷ സംബന്ധിച്ച കൂടുതല്‍ നിര്‍ദേശങ്ങളുണ്ടെങ്കില്‍ അത് സമര്‍പ്പിക്കുകയായിരുന്നു അഭിഭാഷക കമീഷൻ ചെയ്യേണ്ടിയിരുന്നത്. ജനങ്ങള്‍ക്ക് പരിസ്ഥിതി സൗഹാര്‍ദ്ദവും ചെലവ് കുറഞ്ഞതുമായ ഇന്ധനം നല്‍കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരാണ്​ അഭിഭാഷക കമീഷ​​െൻറ ശിപാർശകൾ. കടല്‍തീരത്ത് കൂടി പദ്ധതി നടപ്പാക്കണമെന്ന വാദം കൊച്ചി-മാംഗ്ലൂര്‍ കണക്റ്റിവിറ്റി പദ്ധതി നടപ്പാക്കുന്നതിന്​ തടസമുണ്ടാക്കുന്നതാണ്​. 

സ്വയം വിദഗ്​ധരുടെ വേഷം കെട്ടിയാണ്​ സുരക്ഷ സംബന്ധിച്ച് വിദഗ്​ധര്‍ പരിശോധന നടത്തണമെന്ന ആവശ്യം കമീഷൻ ഉന്നയിരിച്ചിരിക്കുന്നത്​. കമീഷ​​െൻറ പല പരാമര്‍ശങ്ങളും രാജ്യത്തി​​െൻറയും കേരളത്തി​​െൻറയും സമഗ്ര വികസനത്തിന് തുരങ്കം വെക്കുന്നതാണ്​. കമ്മീഷ​​െൻറ വാദങ്ങള്‍ പരിഗണിച്ചാല്‍ രാജ്യത്ത് ഒരിടത്തും പി.എൻ.ജി വീടുകളിലേക്ക് എത്തിക്കുന്ന സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ നെറ്റ്‌വര്‍ക്ക്  നടപ്പാക്കാനാവില്ല. ഭൂവുടമകളുടെ ആശങ്ക പങ്കുവെക്കൽ മാത്രമാണ് കമ്മീഷ​​െൻറ ഭാഗത്ത്​ നിന്നുണ്ടായത്​. പ്രദേശവാസികളുടെ ആശങ്ക പരിശോധിക്കാനല്ല കോടതി കമ്മീഷനോട് ആവശ്യപ്പെട്ടത്​. ഗെയിലി​​െൻറ എല്ലാ പദ്ധതികളും കേന്ദ്ര പൊതു മേഖലാ സ്ഥാപനമായ മെക്കണ്‍ ഇന്ത്യയുടെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്. ഗെയിലി​​െൻറ വിശദീകരണങ്ങളൊന്നും റിപോർട്ടില്‍ കമീഷൻ ഉള്‍പ്പെടുത്തിയിട്ടില്ല. 

സുരക്ഷയില്ലെന്ന വാദങ്ങൾക്ക്​ പിന്നാലെ പോയാൽ പദ്ധതി നടപ്പാവുന്നത് ഇനിയും വൈകാനിടയാകും. തല്‍പര കക്ഷികളുടെ ഇടപെടല്‍ മൂലം 2007ല്‍ തുടങ്ങിയ പദ്ധതി ഇതുവരെയും എവിടെയുമെത്തിയിട്ടില്ല. മതിയായ സുരക്ഷ ഉറപ്പുവരുത്തിയാണ്​ ജനവാസ പ്രദേശങ്ങളിലൂടെ ​ൈപപ്പ്​ലൈൻ കടന്നുപോവുന്നത്​. അന്താരാഷ്​​ട്ര തലത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഗെയില്‍ പ്രവര്‍ത്തിക്കുന്നത്. സുരക്ഷ സംബന്ധിച്ച് അന്തർ ദേശീയ ഏജന്‍സികളില്‍ നിന്ന് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സുരക്ഷ സംവിധാനങ്ങൾ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ പരിശോധിക്കാറുമുണ്ട്​. തുരുമ്പ് പിടിച്ച പൈപ്പുകള്‍ ഗെയില്‍ ഉപയോഗിക്കുന്നില്ല. പുറമേയുള്ള ഓക്‌സിഡേഷന്‍ ചൂണ്ടിക്കാട്ടിയാണ്​ പൈപ്പുകൾ തുരുമ്പ് പിടിച്ചു എന്ന രീതിയിൽ ചിത്രങ്ങൾ കാണിക്കുന്നത്​. ചില സാങ്കേതിക പ്രവര്‍ത്തനങ്ങളിലൂടെ ഇൗ അവസ്​ഥ മാറ്റിയെടുക്കാനാവും. വിവിധ തരത്തിലുള്ള സുരക്ഷാ പരിശോധനകള്‍ നടത്തി മാത്രമേ ഓരോ പൈപ്പും ഉപയോഗിക്കൂ. ഓരോ ജോയിൻറുകളിലും സുരക്ഷാ പരിശോധന നടത്തും. സുരക്ഷ ഉറപ്പുവരുത്താന്‍ അള്‍ട്രാ സോണിക്ക് ടെസ്റ്റിങ്, ലിക്യൂഡ്് പെനെട്രൻറ്​ ടെസ്റ്റിങ് എന്നിവ നടത്തുന്നുണ്ട്​.

പൈപ്പ് ഭൂമിക്ക് അടിയിലൂടെ ഇടുന്നത്​ സംബന്ധിച്ച അഭിഭാഷക കമീഷ​​െൻറ ആശങ്ക അത്​ഭുതപ്പെടുത്തുന്നതാണ്​. ഗ്യാസ് പൈപ്പ്‌ലൈന്‍ ഭൂമിക്ക് അടിയിലൂടെ തന്നെയാണ് സ്​ഥാപിക്കാറുള്ളത്​. ഇടുക. പെട്രോളിയം ആൻറ്​ മിനറല്‍ പൈപ്പ്‌ലൈന്‍സ് നിയമത്തെ കുറിച്ചും സാങ്കേതിക കാര്യങ്ങളെ കുറിച്ചുമുള്ള തെറ്റിധാരണ മൂലമാണ് കമീഷൻ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്. പൈപ്പ്‌ലൈന്‍ സ്ഥാപിച്ചാല്‍ പ്രദേശത്ത് ഗെയില്‍ അധികൃതരുടെ അനുമതിയില്ലാതെ മറ്റു നിര്‍മാണങ്ങളൊന്നും സാധ്യമല്ലെന്നുള്ള വാദം തെറ്റാണ്. ചില പ്രദേശങ്ങളില്‍ എല്ലാ വീടുകളേയും ഒഴിവാക്കി പൈപ്പ്‌ലൈന്‍ സ്ഥാപിക്കാനാവില്ല. പൈപ്പ്‌ലൈന്‍ ഒരു കാരണവശാലും ജലാശയങ്ങളെ മലിനമാക്കില്ല. മഹാരത്‌ന ഗണത്തില്‍പ്പെടുന്ന പൊതുമേഖലാ സ്ഥാപനമായ ഗെയിലി​​െൻറ ഭരണപരമായ നിയന്ത്രണം കേന്ദ്രസര്‍ക്കാറിനാണ്. 3300 കോടിയിലധികം രൂപ ചെലവില്‍ നടപ്പാക്കുന്ന പദ്ധതി പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട്​ കേരളത്തി​​െൻറ ഊര്‍ജ ക്ഷമതയും വ്യവസായ വളര്‍ച്ചയും വർധിപ്പിക്കാനുതകുന്നതാണെന്നും സത്യവാങ്​മൂലത്തിൽ പറയുന്നു. കേസ് രണ്ടാഴ്ച്ചക്കകം വീണ്ടും പരിഗണനക്കെത്തും.

Tags:    
News Summary - Gail Team at Highcourt-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.