നവകേരള ബസ്സിന് അകമ്പടി വന്ന കണ്ണൂരിലെ ഗുണ്ടകൾ ഇടിവളകൊണ്ട് ക്രൂരമായി മർദിച്ചു -യൂത്ത് കോൺഗ്രസ്

ആലുവ: നവ കേരള സദസ്സിനെത്തിയ മുഖ്യമന്ത്രിക്കെതിരെ ആലുവ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധിച്ചവരെ ആക്രമിച്ചത് മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തോടൊപ്പം സഞ്ചരിക്കുന്ന കണ്ണൂർ സ്വദേശികളായ ഗുണ്ടകളെന്ന് കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ആലുവയിലെ നവ കേരള സദസ്സിൽ പങ്കെടുക്കാൻ വരുന്നതിനിടെ മുഖ്യമന്ത്രിക്കെതിരെ വ്യാഴാഴ്ച വൈകിട്ടാണ് കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധിച്ചത്. ഇവരെ മുഖ്യമന്ത്രിക്ക് അകമ്പടിയായി സ്വിഫ്റ്റ് കാറിലും ടെമ്പോ ട്രാവലറിലും എത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ സംഘംചേർന്ന് ഇടിവള ഉപയോഗിച്ച് മർദിക്കുകയായിരുന്നു.

ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ജെർളി കപ്രശ്ശേരി, യൂത്ത് കോൺഗ്രസ് ചെങ്ങമനാട് മണ്ഡലം പ്രസിഡൻറ് സിറാജുദ്ദീൻ എന്നിവർക്കാണ് കൂടുതൽ മർദനമേറ്റത്. 30ഓളം പേരടങ്ങുന്ന സംഘം ആക്രമിച്ചതായാണ് അവർ പറയുന്നത്. ഇടിവള ഉപയോഗിച്ച് മുഖത്തും നെഞ്ചിനും ശരീരമാസകലവും ക്രൂരമായി മർദിച്ചു.

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എ.എ.അബ്ദുൽ റഷീദിൻറെ നേതൃത്വത്തിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, മഹിള കോൺഗ്രസ് പ്രവർത്തകരടക്കമുള്ള 10ഓളം പ്രവർത്തകരാണ് ദേശീയപാത ദേശം കവലയിൽ മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോയപ്പോൾ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചത്. ശേഷം മറ്റുള്ളവർ പറമ്പയം ഭാഗത്തേക്കും ജെർളിയും സിറാജുദ്ദീനും തൊട്ടടുത്ത ശരവണ ഹോട്ടലിലേക്കും പോയി.

ഇതിനിടയിലാണ് മുഖ്യമന്ത്രിയുടെ വാഹനം കടന്ന് പോയി അഞ്ച് മിനിറ്റ് കഴിഞ്ഞ് അകമ്പടി വാഹനത്തിൻറെ മറവിൽ സ്വിഫ്റ്റ് കാറിലെത്തിയ നാലംഗ സംഘം അക്രമണം നടത്തിയതെന്ന് പരിക്കേറ്റവർ ആരോപിക്കുന്നു. സ്ഥലത്തുണ്ടായിരുന്ന പൊലീസിനെ അവഗണിച്ചായിരുന്നു മർദനം. അവർ പോയതിന് തൊട്ട് പിറകെ അക്രമികൾ വിളിച്ചറിയിച്ച പ്രകാരം ടെമ്പോ ട്രാവറിലെത്തിയ 30ഓളം പേരടങ്ങുന്ന സംഘമാണ് ഇടിക്കട്ടയും മറ്റും ഉപയോഗിച്ച് ക്രൂരമർദനം അഴിച്ചുവിട്ടതത്രെ.

സ്ഥലത്തുണ്ടായിരുന്ന പൊലീസിനെ വിരട്ടിയോടിച്ച ശേഷമാണ് അക്രമണം നടത്തിയത്. വളഞ്ഞിട്ട് ഇടിക്കുകയായിരുന്നു. ഇതിനിടെ ഇരുവരുടെയും കരച്ചിൽ കേട്ട് നാട്ടുകാർ സ്ഥലത്തെത്തിയതോടെ അക്രമികൾ രക്ഷപ്പെടുകയായിരുന്നു.

അവശനിലയിലായ ഇരുവരെയും സംഭവമറിഞ്ഞെത്തിയ സഹപ്രവർത്തകർ ദേശം സി.എ ആശുപത്രിയിലെത്തിക്കുകയും പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സക്കായി വെള്ളിയാഴ്ച രാവിലെ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

കെ.എസ്.യു പ്രവർത്തകനായ പി.കെ. അബുവിനെ ആലുവയിൽ ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദിച്ചത്. ഈ ദൃശ്യങ്ങൾ ചിത്രീകരിച്ച മാധ്യമ പ്രവർത്തകരെ ആക്രമിച്ച് മൊബൈൽ ഫോണടക്കം തട്ടിയെടുത്തു.

അക്രമികളെ പിടികൂടി മാതൃകപരമായ ശിക്ഷാനടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.

Tags:    
News Summary - Gangsters from Kannur escorting Navakerala bus -Youth Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.