പാലക്കാട്: കുന്നുകൂടുന്ന മാലിന്യത്തെക്കുറിച്ചുള്ള വിദ്യാർഥികളുടെ ആശങ്കകൾ ഇനി വെറുതെയാവില്ല. അവരുടെ പരാതികൾക്കും ആശങ്കകൾക്കും ചെവിയോർക്കാൻ തദ്ദേശവകുപ്പ് ഒരുങ്ങിക്കഴിഞ്ഞു. ആദ്യപടിയായി നവംബർ 14 ന് കുട്ടികളുടെ ഹരിതസഭ ചേരാനാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയ നിർദേശം. സ്കൂൾ വിദ്യാർഥികൾക്ക് അവരുടെ നാട്ടിലെ മാലിന്യപ്രശ്നം എന്തുകൊണ്ട് ഉണ്ടായെന്നറിയാനും പരിഹരിക്കാൻ ആവശ്യപ്പെടാനുമുള്ള അവസരമാണിത്. അന്ന് വിദ്യാർഥികൾ തയാറാക്കുന്ന റിപ്പോർട്ട്, നവംബർ 15 ന് ശേഷം ചേരുന്ന വാർഡ്, ഗ്രാമസഭകൾ ചർച്ച ചെയ്ത് പരിഹാരം തേടണം. വിദ്യാലയങ്ങളിൽ ശുചിത്വ ക്ലബുകൾ രൂപവത്കരിച്ച് അവർ തയാറാക്കുന്ന പ്രതിമാസ റിപ്പോർട്ട് ചർച്ചചെയ്യാനും പ്രശ്നപരിഹാരത്തിനുമായി തദ്ദേശസ്ഥാപന തലത്തിൽ ഉദ്യോഗസ്ഥനെ നിയമിക്കാനും തദ്ദേശവകുപ്പ് നിർദേശിച്ചു.
നാട്ടിലെ മാലിന്യക്കൂമ്പാരവും ശുചിത്വമില്ലായ്മയും കുറിച്ചുവെച്ച് റിപ്പോർട്ട് തയാറാക്കി കുട്ടികളുടെ ഹരിതസഭയിൽ അവതരിപ്പിക്കാം. തദ്ദേശവകുപ്പ് പ്രതിനിധി അതിന് മറുപടി പറയേണ്ടി വരും.
പരാതികൾക്ക് പരിഹാരം കണ്ടെത്താൻ അവർ ബാധ്യസ്ഥരാണ്. ഹരിതസഭയിൽ 150-200 വരെ കുട്ടികളെ ഉൾപ്പെടുത്തുകയും എല്ലാ സ്കൂളുകളുടെയും പ്രാതിനിധ്യം ഉറപ്പാക്കാനും തദ്ദേശവകുപ്പ് നിർദേശിച്ചിട്ടുണ്ട്. ശുചിത്വക്ലബിന്റെ പ്രതിമാസ റിപ്പോർട്ടനുസരിച്ച് തുടർനടപടി സ്വീകരിക്കാൻ ഒരു ഉദ്യോഗസ്ഥനെ തദ്ദേശസ്ഥാപനം ചുമതലപ്പെടുത്തണമെന്നും വിദ്യാർഥികളുടെ റിപ്പോർട്ടും പരാതികളും തദ്ദേശവകുപ്പ് വാർ റൂം പോർട്ടലിൽ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും സർക്കുലറിൽ നിർദേശിച്ചു.
പാലക്കാട്: മാലിന്യം വലിച്ചെറിയുന്നതുൾപ്പെടെ നിയമലംഘനങ്ങൾ കണ്ടെത്താൻ തദ്ദേശ സ്ഥാപനതലത്തിൽ യുവ സേനയും. സംസ്ഥാന, ജില്ല, േബ്ലാക്ക്, തദ്ദേശ സ്ഥാപന തലത്തിൽ ശൃംഖലകളാക്കി ‘യുവത’യുടെ സേനയെ ഒരുക്കാൻ തദ്ദേശവകുപ്പ് പഞ്ചായത്തുകൾക്ക് നിർദേശം നൽകി. പഠനം പൂർത്തീകരിച്ചവർ, പഠിക്കുന്നവർ, തൊഴിൽ ചെയ്യുന്നവർ എന്നിങ്ങനെ തരം തിരിച്ച് സേവനം ഉപയോഗപ്പെടുത്താനാണ് നിർദേശം. മാലിന്യം വലിച്ചെറിയുന്നതും കുന്നുകൂടുന്നതുമായ ഹോട് സ്പോട്ടുകൾ കണ്ടെത്തൽ, വൃത്തിയാക്കൽ, നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യൽ, ബോധവത്കരണം നടത്തൽ തുടങ്ങിയ ചുമതലകൾ ഇവർക്കായിരിക്കും.
വായനശാല, ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ, നെഹ്റു യുവകേന്ദ്ര പ്രവർത്തകർ, എസ്.പി.സി പ്രതിനിധികൾ, എൻ.എസ്.എസ് പ്രതിനിധികൾ തുടങ്ങിയവരെ തദ്ദേശതല പ്രതിനിധികളാക്കാനാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.