തിരുവനന്തപുരം: ദീർഘദൂര ട്രെയിനുകളിലെ ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കാതെ റെയിൽവേയുടെ ഒളിച്ചുകളി. മറ്റ് സോണുകളിൽ ഈ സൗകര്യം ഏർപ്പെടുത്തിയിട്ടും കേരളത്തിൽ നിന്നുള്ളതും കേരളത്തിലേക്കുള്ളതുമായ ദീർഘദൂര ട്രെയിനുകളിൽ ഈ സൗകര്യം നീളുകയാണ്.
ജൂൺ 30 മുതൽ ലഭ്യമാകുമെന്നാണ് നേരത്തെ റെയിൽവേ വ്യക്തമാക്കിയിരുന്നത്. ദക്ഷിണ റെയിൽവേയിൽ നേരത്തെ എല്ലാ ട്രെയിനിലും ജനറൽ ടിക്കറ്റെടുത്ത ശേഷം സ്ലീപ്പർ കോച്ചിൽ ഒഴിവുണ്ടെങ്കിൽ അധിക ചാർജ് നൽകി യാത്ര ചെയ്യാമായിരുന്നു. എന്നാൽ ജനറൽ കോച്ചുകൾ ആരംഭിക്കാത്തതിനാൽ ഈ സൗകര്യം ഇപ്പോൾ ലഭ്യമാകുന്നില്ല. ദീർഘദൂര ട്രെയിനുകളിൽ റിസർവ് ചെയ്തവർക്ക് മാത്രമേ കയറാനാകൂ.
കേരളത്തിലെത്തുമ്പോൾ ഈ ട്രെയിനുകളിലെ കോച്ചുകൾ മിക്കവയും കാലിയായാണ് ഓടുന്നത്. ജനറൽ കോച്ചില്ലെന്ന കാര്യം മനസ്സിലാക്കാതെ ഒഴിവുള്ള സ്ലീപ്പർ സീറ്റ് ലക്ഷ്യമിട്ട് ജനറൽ ടിക്കറ്റെടുത്ത് കയറുന്ന യാത്രക്കാർ 'അനധികൃത യാത്ര'യുടെ പേരിൽ വലിയ പിഴയടക്കാൻ നിർബന്ധിതമാവുകയാണ്.
സീസൺ ടിക്കറ്റുകാർക്കും ഈ ട്രെയിനുകളിൽ കയറാനാവില്ല. ജൂലൈ മധ്യത്തോടെ ഈ സൗകര്യം ലഭ്യമാകുമെന്നാണ് ദക്ഷിണ റെയിൽവേ അധികൃതർ വ്യക്തമാക്കുന്നത്. പ്രതിദിന ട്രെയിനുകളിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അവർ പറയുന്നു.ഹിമസാഗർ എക്സ്പ്രസ്, നേത്രാവതി, കേരള എക്സ്പ്രസ്, മംഗള എക്സ്പ്രസ്, വിവേക് എക്സ്പ്രസ് തുടങ്ങിയവയിലാണ് ജനറൽ കോച്ചുകൾ തിരികെയെത്താനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.