കുഴഞ്ഞുവീണയാളെ താങ്ങി സീറ്റിലിരുത്തുന്നവർ, തിക്കിനും തിരക്കിനുമിടയിൽ വായുസഞ്ചാരം പരിമിതമാകുമ്പോൾ വാവിട്ടു നിലവിളിക്കുന്ന കുഞ്ഞുങ്ങൾ, ദിവസേന മണിക്കൂറുകളോളമുള്ള നില്പുകാരണം ശരീരവേദന ബാധിച്ച് ചികിത്സ തേടിയവർ... ഏതെങ്കിലും തിരക്കേറിയ ആശുപത്രി വാർഡിലെ കാഴ്ചയല്ലിത്. കേരളത്തിലൂടെ രാവിലെയും വൈകീട്ടും സഞ്ചരിക്കുന്ന ട്രെയിനുകളിലെ യാത്രക്കാരുടെ അനുഭവങ്ങളാണ്. കാലുകുത്താൻ സ്ഥലമില്ലാത്ത ട്രെയിനുകളിൽ കഷ്ടപ്പാടുകൾ സഹിച്ച് സഞ്ചരിക്കുന്ന പതിവ് യാത്രക്കാരുടെ ദുരിതം നാൾക്കുനാൾ വർധിക്കുകയാണ്.
റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തും ട്രെയിനിൽ കയറിയാൽ സിഗ്നൽ കാത്തും സമയം തള്ളിനീക്കേണ്ടി വരുകയാണ് യാത്രക്കാർക്ക്. കോവിഡ് കാലത്തോടെ വർധിപ്പിച്ച ടിക്കറ്റ് നിരക്കും കുറവ് വരുത്തിയ ജനറൽ കമ്പാർട്ടുമെന്റുകളുടെ എണ്ണവും സാധാരണക്കാർക്ക് ഇരുട്ടടിയായി. യാത്രക്കാരുടെ എണ്ണം വർധിച്ചപ്പോഴും മതിയായ സൗകര്യങ്ങളൊരുക്കാൻ റെയിൽവേ തയാറായില്ല. ട്രെയിനിൽ ഏറ്റവും സൗകര്യപ്രദമായ യാത്ര സാധ്യമായിരുന്നത് ഇന്ന് ഓർമമാത്രമായി.
രണ്ടുദിവസം അവധി അടുപ്പിച്ചുവന്നാൽ കേരളത്തിലെ ട്രെയിനുകളിൽ ജനറൽ കമ്പാർട്ട്മെന്റുകളിലെ യാത്രയെക്കുറിച്ച് ആലോചിക്കാനേ കഴിയില്ല. ട്രെയിനുകളുടെ കുറവുമൂലം മലബാർ മേഖലയിൽ സ്ഥിതി കൂടുതൽ രൂക്ഷമാണ്. 72 പേർക്ക് ഇരിക്കാന് സീറ്റുള്ള കമ്പാർട്ട്മെന്റുകളില് 350 ഓളം പേര് യാത്രചെയ്യുന്ന അവസ്ഥ. പൂജ അവധി ദിനങ്ങളിൽ പരശുറാമിലെ തിക്കിലും തിരക്കിലും യാത്രക്കാരി കുഴഞ്ഞുവീണ സംഭവവുമുണ്ടായി.
വൈകീട്ട് കണ്ണൂരിൽനിന്ന് കോഴിക്കോട് ഭാഗത്തേക്ക് സർവിസ് നടത്തുന്ന ചെന്നൈ സൂപ്പർ ഫാസ്റ്റ്, തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് തുടങ്ങിയ വണ്ടികളിൽ പലപ്പോഴും കാലുകുത്താൻ ഇടമുണ്ടാകാറില്ല. മുഴുവൻ ജനറൽ കോച്ചുകളായ കണ്ണൂർ-ഷൊർണൂർ മെമു ഓഫിസ് സമയം കഴിഞ്ഞ് പോകുന്നവർക്ക് ഉപകരിക്കുന്ന വണ്ടിയാണെങ്കിലും തിരക്കിന് കുറവില്ല. ഞായറാഴ്ച ട്രെയിൻ സർവിസുമില്ല. രാവിലെ കണ്ണൂരിൽ എത്തുന്ന പരശുറാം, നേത്രാവതി, കോഴിക്കോട് എക്സ്പ്രസ്, ചെന്നൈ എഗ്മോർ, ഏറനാട് വണ്ടികൾക്ക് തിരക്കേറെയാണ്. കോഴിക്കോട്ടേക്കുള്ള വിദ്യാർഥികളും വ്യാപാരികളും വിവിധ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവരും ആശ്രയിക്കുന്ന പരശുറാം എക്സ്പ്രസിൽ 13 ജനറൽ കോച്ചുകൾ ഉണ്ടെങ്കിലും തലശ്ശേരി, വടകര ഭാഗങ്ങളിൽ എത്തുമ്പോൾ വണ്ടിയിൽ കാലുകുത്താൻ ഇടമുണ്ടാകില്ല. കണ്ണൂരിൽനിന്ന് കാസർകോട് ഭാഗത്തേക്കുള്ള മംഗളൂരു സെൻട്രൽ എക്സ്പ്രസ്, മംഗളൂരു മെയിൽ വണ്ടികൾക്ക് ജനറൽ കോച്ചുകൾ കുറവാണ്
ഉത്സവ സീസണിലെ തിരക്ക് കണക്കിലെടുത്ത് സ്പെഷൽ ട്രെയിനുകൾ അനുവദിക്കാറുണ്ടെങ്കിലും അതെല്ലാം തത്കാൽ നിരക്കിലും ഫ്ലക്സി നിരക്കിലുമാണ്. ഇത്തവണ പൂജ അവധിക്ക് കാര്യമായ സ്പെഷൽ ട്രെയിനുകളും ഉണ്ടായിരുന്നില്ല. സാധാരണക്കാർ ആശ്രയിക്കുന്ന എക്സ്പ്രസ് ട്രെയിനുകൾക്ക് പകരം കൂടിയ നിരക്കിലുള്ള പ്രീമിയം ട്രെയിനുകളാണ് പുതുതായി അനുവദിക്കുന്നവയെല്ലാം. കേരളത്തിന് പുതിയ എക്സ്പ്രസ് അനുവദിച്ചിട്ട് വർഷങ്ങളായി.
ലാഭം ലക്ഷ്യമാക്കിയാണ് സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറച്ച് എ.സി കോച്ചുകൾ വർധിപ്പിക്കുന്നത്. കേരളത്തിലോടുന്ന തിരുവനന്തപുരം-മംഗളൂരു മാവേലി, മംഗളൂരു-തിരുവനന്തപുരം മാവേലി, തിരുവനന്തപുരം മംഗളൂരു മലബാർ, മംഗളൂരു-തിരുവനന്തപുരം മലബാർ എന്നീ ട്രെയിനുകളിലെ സ്ലീപ്പർ കോച്ചുകളിലാണ് ആദ്യം കൈവെച്ചത്. മിതമായ നിരക്കിലെ സ്ലീപ്പർ കോച്ചുകൾ കുറയുന്നതോടെ ചെലവേറിയ എ.സി കോച്ച് തെരഞ്ഞെടുക്കാൻ നിർബന്ധിതരാകും. ഇതുവഴിയുള്ള വരുമാന വർധനയിലാണ് റെയിൽവേയുടെ കണ്ണ്. കോവിഡിന്റെ മറവിൽ ജനറൽ കോച്ചുകൾ ഒഴിവാക്കി പകരം റിസർവേഷൻ കോച്ചുകൾ ഏർപ്പെടുത്തി ലാഭം കൊയ്ത തന്ത്രമാണ് സ്ലീപ്പറുകളുടെ കാര്യത്തിലും ആവർത്തിക്കുന്നത്.
ഭാവിയിൽ ഓരോ ട്രെയിനിലും സ്ലീപ്പർ കോച്ചുകൾ പഴയ ജനറൽ കോച്ചുകളുടെ മാതൃകയിൽ രണ്ടായി പരിമിതപ്പെടുത്തുമെന്നാണ് വിവരം. സ്ലീപ്പർ കോച്ചുകൾ രണ്ടായി ചുരുങ്ങുമ്പോൾ എ.സി ത്രീ ടയർ കോച്ചുകൾ പത്തായും എ.സി ടു ടയർ കോച്ചുകൾ നാലായും വർധിക്കും. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കുള്ള സ്ലീപ്പർ ടിക്കറ്റ് നിരക്ക് 200ൽ താഴെയാണെങ്കിൽ എ.സി ത്രീ ടയറിൽ ഇത് 500ന് മുകളിലാണ്. ടു ടയറിലേക്കെത്തുമ്പോൾ ഇത് വീണ്ടും ഉയരും. ഒരു സ്ലീപ്പർ കോച്ചിൽ 72 ബെർത്താണുള്ളത്. പരിഷ്കാരം നടപ്പാവുന്നതോടെ ഒരു ട്രെയിനിൽ നിലവിലുള്ള 546 മുതൽ 792 വരെ സ്ലീപ്പർ ബെർത്തുകൾ 144 ആയി കുറയും. ബദൽ മാർഗമില്ലാതെ എ.സി കോച്ച് തെരഞ്ഞെടുക്കാൻ നിർബന്ധിതരാകുന്നതോടെ യാത്രക്കാരുടെ പോക്കറ്റാകും ചോരുക. ഏതെങ്കിലും ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകളുടെ എണ്ണം വർധിപ്പിക്കണമെങ്കിൽ ബന്ധപ്പെട്ട സോൺ കൃത്യമായ കാരണവും വിശദീകരണവും സഹിതം റെയിൽവേ ബോർഡിനെ സമീപിക്കണമെന്നാണ് നിർദേശം.
കുറഞ്ഞ നിരക്കിൽ സഞ്ചരിക്കാമായിരുന്ന പാസഞ്ചർ ട്രെയിനുകളെ നിരക്കു കൂടിയ എക്സ്പ്രസ് ട്രെയിനാക്കിയത് കോവിഡിന്റെ മറവിലാണ്. ലോക്ഡൗണിന്റെ ഭാഗമായി ട്രെയിൻ സർവിസുകൾ നിർത്തിയത് പുനരാരംഭിച്ചപ്പോൾ പാസഞ്ചറുകൾ ഇല്ലായിരുന്നു. പാസഞ്ചറിന്റെ സമയത്ത് പകരമെത്തിയത് അൺറിസർവ്ഡ് എക്സ്പ്രസുകളും. ദക്ഷിണ റെയിൽവേക്ക് കീഴിലെ 80ഓളം പാസഞ്ചർ ട്രെയിനാണ് ഇങ്ങനെ അകാലചരമമടഞ്ഞത്. ഇതോടെ സാധാരണക്കാരുടെ ഹ്രസ്വദൂര യാത്രകളെല്ലാം അവതാളത്തിലായി.
ചെറിയ ദൂരത്തേക്കാണെങ്കിലും എക്സ്പ്രസ് നിരക്കാണ് നൽകേണ്ടിവരുന്നത്. ഫലത്തിൽ മൂന്നുമുതൽ നാലിരട്ടിവരെ ചാർജ് കൂടി. പാസഞ്ചർ ട്രെയിനിലെ മിനിമം നിരക്ക് പത്ത് രൂപയായിരുന്നെങ്കിൽ എക്സ്പ്രസിൽ 35-40 രൂപയായി. ഗ്രാമീണ മേഖലക്കുകൂടി സൗകര്യപ്രദമായാണ് പാസഞ്ചർ ഓടിയിരുന്നത്. എക്സ്പ്രസ് ആയതോടെ സ്റ്റോപ്പുകൾ കുറയുകയും ഈ സൗകര്യം നഷ്ടമാകുകയും ചെയ്തു. ഒപ്പം ചെറു സ്റ്റേഷനുകളുടെ റെയിൽ കണക്റ്റിവിറ്റിയും ഇല്ലാതായി. സ്റ്റോപ്പുകൾ കുറഞ്ഞതോടെ ഗ്രാമീണ മേഖലയിൽനിന്നടക്കം കിലോമീറ്ററുകൾ റോഡ് മാർഗം അധികം സഞ്ചരിച്ചാലേ പ്രധാന റെയിൽവേ സ്റ്റേഷനിലെത്താനാകൂ.
മറ്റു നഗരങ്ങളെ അപേക്ഷിച്ച് കേരളത്തിൽനിന്ന് ബംഗളൂരുവിലേക്കാണ് യാത്രക്കാരുടെ തിരക്കേറെയുള്ളത്. ഐ.ടി, വ്യവസായ, വാണിജ്യ തൊഴിൽമേഖലകളിലും വിദ്യാഭ്യാസാവശ്യത്തിനും മറ്റുമായി കേരളത്തിനു പുറത്ത് മലയാളികൾ ഏറ്റവുമധികമുള്ള നഗരങ്ങളിലൊന്നാണ് ബംഗളൂരു. എട്ടു ലക്ഷത്തിലേറെ മലയാളികൾ ഇവിടെയുണ്ടെന്നാണ് കണക്ക്. തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽനിന്നുള്ള മൂന്നു പ്രതിദിന ട്രെയിനടക്കം 12 ട്രെയിനാണ് തെക്കൻ കേരളത്തിലേക്കും തിരിച്ചുമുള്ള ആശ്രയം. കെ.എസ്.ആർ.ടി.സിയുടെയും കർണാടക ട്രാൻസ്പോർട്ട് കോർപറേഷന്റെയും നൂറോളം സർവിസും സ്വകാര്യ കോൺട്രാക്ട് കാരേജുകളുമാണ് പിന്നെയുള്ളത്.
മലബാറുകാരുടെ തട്ടകമായ ബംഗളൂരുവിലെത്തണമെങ്കിൽ കണ്ണൂരിൽനിന്ന് അൽപമൊന്നും ബുദ്ധിമുട്ടിയാൽപോര. വിദ്യാർഥികളും വ്യാപാരികളും ഐ.ടി ജീവനക്കാരും അടക്കം വടക്കൻ ജില്ലകളിൽനിന്ന് പതിനായിരക്കണക്കിന് മലയാളികളുള്ള നഗരത്തിലേക്കും തിരിച്ച് നാട്ടിലെത്താനും രണ്ട് ട്രെയിനുകൾ മാത്രമാണ് ആശ്രയം. കെ.എസ്.ആർ.ടി.സി ബസ് പേരിനുമാത്രം. സ്വകാര്യ ബസുകൾ സർവിസ് നടത്തുന്നുണ്ടെങ്കിലും തിരക്കുള്ള സമയങ്ങളിൽ രണ്ടും മൂന്നും ഇരട്ടിയാകും ടിക്കറ്റ് നിരക്ക്. ഉത്സവ, അവധി ദിവസങ്ങളിൽ ട്രെയിൻ ടിക്കറ്റ് പോലും ലഭിക്കാത്ത സ്ഥിതിയാണ്.
കണ്ണൂരിൽനിന്ന് വൈകീട്ട് 5.05ന് മംഗളൂരുവഴി പോകുന്ന സൗത്ത് ബംഗളൂരു സിറ്റി എക്സ്പ്രസും 6.05ന് പുറപ്പെടുന്ന കണ്ണൂർ-യശ്വന്ത്പൂർ എക്സ്പ്രസുമാണ് മലബാറുകാർക്ക് റെയിൽവേ നൽകുന്ന ആശ്രയം. അവധി ദിവസങ്ങൾ കഴിഞ്ഞ് ട്രെയിൻ കണ്ണൂരിൽനിന്ന് പുറപ്പെടുമ്പോൾ ജനറൽ കോച്ചിൽ കാൽകുത്താൻ ഇടമുണ്ടാകില്ല. കർണാടകയിൽ പഠിക്കുന്ന വിദ്യാർഥികളും വിവിധ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവരും വ്യാപാരികളുമെല്ലാം സാഹസിക യാത്ര നടത്തിയാണ് ബംഗളൂരുവിലെത്തുന്നത്. കോഴിക്കോട്ടുനിന്ന് ബംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ, മംഗലാപുരം-ബംഗളൂരു-കണ്ണൂർ ട്രെയിൻ സർവിസ് കോഴിക്കോട്ടേക്ക് നീട്ടണമെന്ന ആവശ്യം പോലും അംഗീകരിക്കാൻ സർക്കാർ ഇതുവരെ തയാറായിട്ടില്ല. എം.കെ. രാഘവൻ എം.പി റെയിൽവേയുമായി ഇടപെട്ട് സാങ്കേതിക അനുമതികൾ വാങ്ങിയെങ്കിലും മംഗലാപുരം ഡിവിഷന് നഷ്ടം വരുമെന്ന കഴമ്പില്ലാത്ത ന്യായം പറഞ്ഞ് തട്ടിത്തെറിപ്പിക്കുകയായിരുന്നു. നിലവില് ഒരു പ്രതിദിന ട്രെയിൻ മാത്രമാണുള്ളത്. ദിനംപ്രതി നൂറുകണക്കിന് യാത്രക്കാരാണ് കോഴിക്കോട്ടുനിന്ന് ബംഗളൂരു, മംഗളൂരു ഭാഗത്തേക്ക് യാത്രചെയ്യുന്നത്. സ്വകാര്യ ബസ് ലോബിയുടെ സമ്മർദത്തിന് വഴങ്ങിയാണ് ഈ ഭാഗത്തേക്ക് കൂടുതൽ സർവിസ് അനുവദിക്കുന്നതിൽനിന്ന് റെയിൽവേ പിൻമാറുന്നതെന്നും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.