തിരൂർ: എനിക്ക് എന്തെങ്കിലും സമൂഹത്തോട് പറയാനുള്ളപ്പോഴാണ് ഞാൻ സിനിമ ചെയ്യുന്നതെന്നും സിനിമകൾ സൃഷ്ടിക്കാൻ സമൂഹമാണ് കാരണമെന്നും സംവിധായകൻ ജിയോ ബേബി. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല ചലച്ചിത്ര പഠന സ്കൂൾ സംസ്ഥാന ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ച് നടത്തുന്ന ത്രിദിന അന്താരാഷ്ട്ര ചലച്ചിത്രോത്സവം ‘ദർശിനി’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിനിമയിലൂടെയാണ് സമൂഹത്തെ കണ്ടെത്തുന്നത്.
അങ്ങനെ അടിസ്ഥാനപരമായി സമൂഹവുമായി സംവാദാത്മക തലമാണ് വ്യക്തിപരമായി തനിക്ക് സിനിമകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ. എൽ. സുഷമ അധ്യക്ഷത വഹിച്ചു. സർവകലാശാല രജിസ്ട്രാർ ഡോ. കെ.എം. ഭരതൻ, ചലച്ചിത്ര പഠന സ്കൂൾ ഡയറക്ടർ ഡോ. പി. ശ്രീദേവി അരവിന്ദ്, സർവകലാശാല വിദ്യാർഥി യൂനിയൻ ചെയർമാൻ ഒ. ശ്രീകാന്ത്, ചലച്ചിത്ര പഠനം അസോസിയേഷൻ സെക്രട്ടറി എം. വിപിൻ എന്നിവർ സംസാരിച്ചു.
പ്രിയനന്ദൻ സംവിധാനം നിർവഹിച്ച ആദിവാസികൾ മാത്രം അഭിനയിക്കുന്ന ലോകത്തിലെ ആദ്യ സിനിമയായ ‘ധബാരിക്യുരുവി’ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചു. മൂന്ന് ദിവസങ്ങളിലായി പ്രത്യേകം സജ്ജമാക്കിയ നാല് സ്ക്രീനുകളിലായി അമ്പതോളം ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.
ചലച്ചിത്ര മേളയോടനുബന്ധിച്ച് തിരുവനന്തപുരം ഫൈൻ ആർട്സ് കോളജ് വിദ്യാർഥികൾ തയാറാക്കിയ വിവിധ സിനിമകളുടെ പോസ്റ്റർ പെയിന്റിങ്ങുകളുടെ പ്രദർശനം വൈസ് ചാൻസലർ ഡോ. എൽ. സുഷമ ഉദ്ഘാടനം ചെയ്തു. മേള വെള്ളിയാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.