മുക്കം: മുൻ എം.എൽ.എയും സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന ജോർജ് എം. തോമസിനെ പാർട്ടി തിരിച്ചെടുത്തു. ക്വാറി -ക്രഷർ മാഫിയ ബന്ധം ഉൾപ്പെടെ, ഗുരുതര ആരോപണങ്ങളെ തുടർന്ന് സി.പി.എമ്മിൽ നിന്ന് നടപടിക്ക് വിധേയനായ അദ്ദേഹത്തെ, ഒരു വർഷത്തെ സസ്പെൻഷൻ കാലാവധി പൂർത്തിയായ പശ്ചാത്തലത്തിലാണ് തിരിച്ചെടുത്തത്. തന്റെ പ്രദേശമായ തോട്ടുമുക്കം ഈസ്റ്റ് ബ്രാഞ്ചിന്റെ സമ്മേളനത്തിൽ അദ്ദേഹം പങ്കെടുത്തു. അതേസമയം, ലോക്കൽ സമ്മേളന പ്രതിനിധിയായി തെരഞ്ഞെടുത്തിട്ടില്ല. 2023 ജൂലൈ 14നാണ് ജോർജ് എം. തോമസിനെ പാർട്ടി അംഗത്വത്തിൽനിന്ന് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തത്. പരാതികൾ അന്വേഷിക്കാൻ പാർട്ടി ജില്ല കമ്മിറ്റി നിയോഗിച്ച രണ്ടംഗ കമീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
വീട് നിർമാണത്തിനുള്ള വസ്തുക്കൾ മേഖലയിലെ ക്വാറി -ക്രഷർ യൂനിറ്റുകളിൽനിന്ന് സൗജന്യമായി കൈപ്പറ്റി, തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ കോടഞ്ചേരി പഞ്ചായത്തിൽ പാർട്ടിയെ തോൽപിക്കാൻ ശ്രമിച്ചു,
കോടഞ്ചേരിയിൽ കോൺഗ്രസിന്റെ സഹകരണ സൊസൈറ്റി രൂപവത്കരിക്കാൻ സഹായിച്ചു തുടങ്ങിയവയായിരുന്നു പ്രധാന ആരോപണങ്ങൾ. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ബന്ധപ്പെട്ടവർ ജില്ല കമ്മിറ്റിക്ക് എട്ടുതവണ പരാതി നൽകിയെങ്കിലും നടപടിയുണ്ടായിരുന്നില്ല. ജില്ല സെക്രട്ടേറിയറ്റിലെയും ജില്ല കമ്മിറ്റിയിലെയും പ്രമുഖർ ചേർന്ന് പരാതി പൂഴ്ത്തിയതോടെ പരാതിക്കാരൻ സംസ്ഥാന കമ്മിറ്റിക്ക് നേരിട്ട് പരാതി നൽകുകയായിരുന്നു.
ജോർജ് എം. തോമസിന്റെ പേരിലുള്ള മിച്ചഭൂമി കേസ് ഉൾപ്പെടെ ചൂണ്ടിക്കാട്ടി ഒരു വിഭാഗം തിരിച്ചു വരവിനെ എതിർത്തിരുന്നു. അദ്ദേഹത്തിന്റെ പേരിലുള്ള 5.75 ഏക്കർ ഭൂമി കണ്ടുകെട്ടാൻ താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവിട്ടിരുന്നു. എന്നാൽ, ഈ ഭൂമി തിരിച്ചറിയാൻ സാധിക്കുന്നില്ലെന്നുകാണിച്ച് റവന്യൂ വകുപ്പ് നടപടി നീട്ടിക്കൊണ്ടുപോവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.