ചെറുതുരുത്തി: ഓടുന്ന ട്രെയിനിൽനിന്ന് ഭാരതപ്പുഴയിലേക്ക് എടുത്ത് ചാടിയ പെൺകുട്ടിക്ക് കച്ചവടസംഘം രക്ഷകരായി. ഭാരതപ്പുഴക്ക് കുറുകെയുള്ള കൊച്ചിൻ റെയിൽ പാളത്തിന് മുകളിൽനിന്നാണ് വ്യാഴാഴ്ച വൈകീട്ട് 5.30ഓടെ പെൺകുട്ടി പുഴയിലേക്ക് ചാടിയത്.
പുഴയോരത്ത് ഐസ്ക്രീം, കപ്പലണ്ടി കച്ചവടം നടത്തുകയായിരുന്ന വരവൂർ തളി തറയിൽ വീട്ടിൽ നിഷാദ് (41), സുഹൃത്തുക്കളായ നിധീഷ്, വിജീഷ്, മോഹൻദാസ് എന്നിവരാണ് പുഴയിലേക്ക് എടുത്ത് ചാടി സാഹസികമായി കുട്ടിയെ രക്ഷപ്പെടുത്തിയത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി അപകടനില തരണം ചെയ്തു.
മലപ്പുറം ജില്ലയിലെ വണ്ടൂർ സ്വദേശിനിയാണ് പെൺകുട്ടിയെന്ന് പൊലീസ് അറിയിച്ചു. രക്ഷിതാക്കളെ വിളിച്ചുവരുത്തി കുട്ടിയെ പറഞ്ഞയച്ചു. നിഷാദിനും കൂട്ടുകാർക്കും ഇത്തരത്തിൽ ആളുകളെ രക്ഷിക്കുന്നത് പുതിയ സംഭവമല്ല.
പുഴയിൽ കുളിക്കാനിറങ്ങുന്ന പലരും വെള്ളത്തിൽ മുങ്ങിയാൽ ഇവരാണ് രക്ഷപ്പെടുത്താറ്. അതിനാൽ തന്നെ ഇവർ കാറ്റുനിറച്ച ടയർ ട്യൂബുകളും കയറുകളും മറ്റു സാമഗ്രികളുമായിട്ടാണ് കച്ചവടത്തിന് വരാറ്. ഏഴ് കൊല്ലമായി ഭാരതപ്പുഴയുടെ തീരത്ത് ഇവർ കച്ചവടം ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.