താനൂർ: താനൂരിൽ സ്വർണ മൊത്തക്കച്ചവടക്കാരന്റെ ഒന്നേമുക്കാൽ കോടിയുടെ സ്വർണം കവർന്ന കേസിൽ ആറു പ്രതികൾ പിടിയിൽ.
കാളാട് വട്ടക്കിണർ കുന്നത്ത് മുഹമ്മദ് റിഷാദ് (ബാപ്പുട്ടി-32), തിരൂർ പച്ചാട്ടിരി കൊട്ടേക്കാട്ട് തറയിൽ മുഹമ്മദ് ഷാഫി (34), തിരൂർ പച്ചാട്ടിരി മരക്കാരകത്ത് കളത്തിൽപറമ്പിൽ ഹാസിഫ് (35), താനൂർ ആൽബസാർ കുപ്പന്റെ പുരക്കൽ റമീസ് (35), പട്ടാമ്പി കുന്നത്തുതൊടി ലിബർട്ടി സ്ട്രീറ്റ് പുതുമനതൊടി വിവേക് (25), മീനടത്തൂർ മന്നെത്ത് നൗഫൽ (27) എന്നിവരെയാണ് പാലക്കാട്ടുനിന്ന് താനൂർ പൊലീസ് പിടികൂടിയത്.
കോഴിക്കോട് ശുഭ് ഗോൾഡ് എന്ന സ്വർണ മൊത്തക്കച്ചവട സ്ഥാപന ഉടമ പ്രവീൺ സിങ് രാജ്പുത് സ്ഥാപനത്തിലെ ജീവനക്കാരൻ മഹേന്ദ്ര സിങ് റാവുവിന്റെ കൈവശം കച്ചവടത്തിനായി വിവിധ ജ്വല്ലറികളിലേക്ക് കൊടുത്തയച്ച രണ്ടു കിലോ സ്വർണാഭരണങ്ങളും 43.5 ഗ്രാം ഉരുക്കിയ സ്വർണക്കട്ടിയുമാണ് പ്രതികൾ കവർന്നത്. മേയ് അഞ്ചിന് വൈകീട്ട് 4.30നായിരുന്നു സംഭവം.
കാപ്പ ചുമത്തിയതിനാൽ ജില്ലക്കു പുറത്ത് താമസിക്കുന്ന പ്രതി മുഹമ്മദ് റിഷാദ് സ്വർണ കള്ളക്കടത്തിൽ പ്രധാനിയും നിരവധി കേസുകളിൽ പ്രതിയുമാണ്. ഇയാളാണ് മറ്റു പ്രതികളുമായി ഗൂഢാലോചന നടത്തി കവർച്ച ആസൂത്രണം ചെയ്തത്. കൊല്ലം സ്വദേശിയുടെ പേരിലുള്ള ഫോൺ നമ്പർ ഉപയോഗിച്ചാണ് പ്രതികൾ സ്വർണം വ്യാജമായി ഓർഡർ ചെയ്ത് തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയത്. ശേഷം ഫോൺ സ്വിച്ച് ഓഫാക്കുകയായിരുന്നു.
തുടർന്ന് നിരവധി സി.സി.ടി.വികളും മറ്റും പരിശോധിച്ച് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് താനൂർ ഡിവൈ.എസ്.പി വി.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതികളെ പിടികൂടിയത്. പ്രതികൾ ഉപയോഗിച്ച കാറും 900 ഗ്രാം സ്വർണവും പിടിച്ചെടുത്തിട്ടുണ്ട്. താനൂർ ഇൻസ്‌പെക്ടർ ജെ. മാത്യു, സബ് ഇൻസ്‌പെക്ടർമാരായ കെ. അജിത്, പ്രമോദ്, സുകീഷ്, സി.പി.ഒമാരായ സലേഷ്, സെബാസ്റ്റ്യൻ, ശ്രീഹരീഷ്, ശ്രീജിത്ത്, ലിബിൻ, അനീഷ്, രാജേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.