സ്വർണക്കടത്ത്​; ക്വാറൻറീനിലുള്ള യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ആറുപേർ അറസ്​റ്റിൽ

കൂത്തുപറമ്പ് (കണ്ണൂർ): വിദേശത്തുനിന്ന്​ കള്ളക്കടത്തായി കൊണ്ടുവന്ന സ്വർണത്തെചൊല്ലിയുള്ള തർക്കം തട്ടിക്കൊണ്ടുപോകൽ ശ്രമത്തിലും സംഘർഷത്തിലും കലാശിച്ചു. കണ്ണൂർ കൂത്തുപറമ്പിൽ ഞായറാഴ്​ച ഉച്ചക്കാണ്​ സംഭവം. 14 പേർക്കെതിരെ കൂത്തുപറമ്പ് പൊലീസ് കേസെടുത്തു.  

നഗരത്തിലെ സ്വകാര്യ ലോഡ്ജിൽ ക്വാറൻറീനിൽ കഴിഞ്ഞ യുവാവിനെയാണ്​ ഒരുസംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്​. അറസ്​റ്റിലായ ആറുപേരെ കോടതി റിമാൻഡ്​ ചെയ്തു. മൂന്നു​ കാറുകളും കൂത്തുപറമ്പ് പൊലീസ് കസ്​റ്റഡിയിലെടുത്തു.

ഉളിക്കൽ നുച്ചിയാട് സ്വദേശികളും സഹോദരങ്ങളുമായ കെ.സി. സന്തോഷ്, കെ.സി. സനീഷ്, മാങ്ങാട്ടിടം കണ്ടേരിയിലെ പി.കെ. സജീർ, ചിറ്റാരിപറമ്പിലെ പി.പി. സജീർ, കോട്ടയം മലബാർ കൂവപ്പാടിയിലെ ടി.വി. റംഷാദ്, കൈതേരി വട്ടപ്പാറയിലെ കെ.കെ. റിനാസ് എന്നിവരാണ് റിമാൻഡിലായത്. കൂത്തുപറമ്പ് ജുഡീഷ്യൽ ഫസ്​റ്റ്​ ക്ലാസ്​ മജിസ്ട്രേറ്റ് റിമാൻഡ്​ ചെയ്ത പ്രതികളെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിനും സംഘർഷമുണ്ടാക്കിയതിനുമാണ് കേസ്.

സന്തോഷും സനീഷും ഉൾപ്പെടെ അഞ്ചുപേർക്കെതിരെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചതിനാണ് കേസ്. ഇതിൽ മലപ്പുറം സ്വദേശികളായ രണ്ടുപേർ പരിക്കേറ്റ് തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റൊരാൾ രക്ഷപ്പെട്ടതായാണ് വിവരം. സംഘർഷമുണ്ടാക്കിയതിന് ക്വാറൻറീനിൽ കഴിഞ്ഞിരുന്ന യുവാവ് ഉൾപ്പെടെ അഞ്ചുപേർക്കെതിരെയാണ് കേസെടുത്തത്. യുവാവും പരിക്കേറ്റ് ചികിത്സയിലാണ്.

രണ്ടാഴ്ച മുമ്പ്​ നെടുമ്പാശ്ശേരി വിമാനത്താവളം വഴി ദുബൈയിൽനിന്നെത്തി, കൂത്തുപറമ്പിലെ സ്വകാര്യ ലോഡ്ജിൽ ക്വാറൻറീനിൽ കഴിയുകയായിരുന്ന കോഴിക്കോട് സ്വദേശിയെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഇരിട്ടിയിലാണ്​ യുവാവി​െൻറ ഭാര്യവീട്​. ഇയാൾക്ക് കൂത്തുപറമ്പിൽ ബന്ധുക്കൾ ഉള്ളതായാണ്​ വിവരം. നിരീക്ഷണ കാലാവധി കഴിഞ്ഞ് വീട്ടിലേക്ക് പോവാനായി ലോഡ്​ജിൽനിന്നും ഇറങ്ങുന്നതിനിടെയാണ് ഒരു സംഘം യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.

യുവാവി​െൻറ ബന്ധുകളും സഹൃത്തുക്കളും സ്ഥലത്തെത്തിയതോടെ ഇരുവിഭാഗങ്ങളും തമ്മിൽ ലോഡ്ജിനുമുന്നിൽ സംഘർഷമുണ്ടാവുകയായിരുന്നു. വിവരമറിഞ്ഞ് കൂത്തുപറമ്പ് സി.ഐ ബിനു മോഹൻ, എസ്.ഐ പി. ബിജു എന്നിവരുടെ നേതൃത്വത്തിൽ പൊലീസെത്തിയാണ് പ്രതികളെ അറസ്​റ്റ്​ ചെയ്തത്. സംഭവത്തിന് പിന്നിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട തർക്കമാണെന്നാണ് സൂചന. ഉടമസ്​ഥർ ആവശ്യപ്പെട്ടിട്ടും സ്വർണം നൽകാത്തതാണ് സംഘർഷത്തിന് ഇടയാക്കിയതെന്നാണ് വിവരം. കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നത് പൊലീസ് അന്വേഷിച്ചുവരുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.