കൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിൽ അറസ്റ്റിലായ പ്രതികളെ എൻ.ഐ.എ കസ്റ്റഡിയിൽ വാങ്ങും. മൂവാറ്റുപുഴ ആനിക്കാട് ആര്യങ്കാലായിൽ എ.എം. ജലാൽ (38), മൂവാറ്റുപുഴ വെള്ളൂര്‍കുന്നം കാവുങ്കര മുള്ളരിക്കാട്ട് വീട്ടില്‍ മുഹമ്മദാലി (43), മൂവാറ്റുപുഴ സ്വദേശി മുഹമ്മദലി ഇബ്രാഹിം, മലപ്പുറം ഐക്കരപ്പടി പന്നിക്കോട്ടിൽ പി. മുഹമ്മദ് ഷാഫി (37), മലപ്പുറം കോട്ടക്കൽ കോഴിച്ചേന പി.ടി. അബ്ദു, മലപ്പുറം വേങ്ങര സ്വദേശി ബാവ എന്ന സെയ്തലവി എന്നിവരാണ് പ്രതികൾ. ഇതിനുള്ള അപേക്ഷ എൻ.ഐ.എ ചൊവ്വാഴ്ച സമർപ്പിക്കും. പ്രതികൾ എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിലാണ്.
അറസ്റ്റിലായ മുഹമ്മദലിയും മുഹമ്മദലി ഇബ്രാഹിമും നിരവധി തവണ ജലാലിെൻറ സഹായിയായി റമീസിൽനിന്ന് സ്വർണം വാങ്ങാൻ തിരുവനന്തപുരത്ത് പോയതായാണ് എൻ.ഐ.എയുടെ ആരോപണം. മറ്റ് പ്രതികൾക്കൊപ്പം ഗൂഢാലോചനയിൽ പങ്കാളിയായ ഇവർക്ക് സ്വർണക്കടത്തിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കിയതായും എൻ.ഐ.എ എറണാകുളം പ്രത്യേക എൻ.ഐ.എ കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ഇക്കഴിഞ്ഞ ജൂൺ 28 ലെ മൊബൈൽ ഫോൺ വിശദാംശങ്ങൾ പരിശോധിച്ചതിൽ റമീസിൽനിന്ന് സ്വർണം സ്വീകരിക്കാനായി ഇരുവരും ജലാലിനൊപ്പം തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചതായി വ്യക്തമായി. തുടർന്ന് ഇരുവരും തമ്പാനൂരിലെ ഹോട്ടൽ അപ്പോളോ ദിമോറയിൽ താമസിച്ചതായും ഇവിടത്തെ പാർക്കിങ് ഏരിയയിൽവെച്ച് കള്ളക്കടത്ത് സ്വർണം റമീസിൽനിന്ന് സ്വീകരിച്ചതായും എൻ.ഐ.എ പറയുന്നു.
ഹോട്ടൽ ബുക്കിങ് രേഖകളിൽനിന്നും അന്വേഷണ സംഘം ഇക്കാര്യം സ്ഥിരീകരിച്ചു. റമീസ് തെളിവെടുപ്പിനിടെ ഇരുവർക്കും സ്വർണം കൈമാറിയതായും എൻ.ഐ.എയോട് സമ്മതിച്ചു. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ കേസുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ പുറത്തുകൊണ്ടുവരാനാവൂവെന്ന് എൻ.ഐ.എ കോടതിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.