തിരുവനന്തപുരം: വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സി.ബി.ഐയെ ‘വെട്ടിയ’ സർക്കാറിന് തിരിച്ചടിയായി ഇ.ഡിയുടെ നീക്കം. കേന്ദ്ര ഏജൻസികൾക്കെതിരായ അന്വേഷണത്തിന് കമീഷനെ പോലും നിയോഗിച്ച് പ്രതിരോധം സൃഷ്ടിച്ച സർക്കാറിന് വെല്ലുവിളിയാണിത്. ഇ.ഡിക്ക് പിന്നാലെ സി.ബി.ഐയും സജീവമായാൽ പല ആരോപണങ്ങളിലേക്കും അന്വേഷണം നീങ്ങാനാണ് സാധ്യത.
യു.എ.ഇയിലെ സന്നദ്ധസംഘടനയുടെ സാമ്പത്തിക സഹായത്തിൽ വടക്കാഞ്ചേരിയിൽ ലൈഫ് പദ്ധതിയിൽ നടന്ന നിർമാണങ്ങളുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളെ തുടർന്ന് അന്വേഷണം സി.ബി.ഐ ഏറ്റെടുത്തതോടെയാണ് സർക്കാർ പ്രതിരോധവുമായി രംഗത്തെത്തിയത്. വിഷയത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചായിരുന്നു പ്രതിരോധം. സി.ബി.ഐയേക്കാൾ വേഗത്തിലായിരുന്നു പിന്നീട് വിജിലൻസിന്റെ നീക്കം. ഫയലുകൾ മുഴുവൻ വിജിലൻസ് പിടിച്ചെടുത്തു. ഉദ്യോഗസ്ഥ വീഴ്ച കണ്ടെത്തി എം. ശിവശങ്കറെ ഉൾപ്പെടെ പ്രതിയാക്കുകയും ചെയ്തു. വിജിലൻസ് അന്വേഷണം ചൂണ്ടിക്കാട്ടി സി.ബി.ഐ അന്വേഷണത്തിന് താൽക്കാലിക തടയുമിട്ടു.
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നയടക്കമുള്ളവർക്ക് കൈക്കൂലി നൽകിയെന്ന് കരാറുകാരന് സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയതോടെയാണ് ലൈഫ്മിഷന് അഴിമതിയില്‍ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. യൂനിടാക് കമ്പനി കരാറിന്റെ ഭാഗമായതെങ്ങനെ, കമീഷൻ തുകയെത്ര, കരാറിൽ സ്വർണക്കടത്ത് കേസിലെ പ്രതികളുടെ പങ്ക് തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാനായിരുന്നു അന്വേഷണം. രണ്ടരവര്‍ഷം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകൾ സി.ബി.ഐക്ക് വിട്ടുനല്‍കാതെ വിജിലന്‍സ് പിടിച്ചെടുക്കുകയായിരുന്നു. ഏറെനാള്‍ ഇഴഞ്ഞുനീങ്ങിയ വിജിലന്‍സ് അന്വേഷണം മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വപ്ന പുതിയ വെളിപ്പെടുത്തൽ നടത്തിയപ്പോൾ വീണ്ടും സജീവമായി. ഇതോടെ സി.ബി.ഐ അന്വേഷണം നിലച്ചു.
കോടതി അനുമതിയോടെ കഴിഞ്ഞവർഷം അവസാനം അന്വേഷണം പുനരാരംഭിച്ച സി.ബി.ഐ ശിവശങ്കർ, സ്വപ്ന സുരേഷ് എന്നിവരെ ചോദ്യംചെയ്തു. എന്നാൽ, സംസ്ഥാന സർക്കാർ സി.ബി.ഐ അന്വേഷണം വേണ്ടെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതിനാൽ നിയമപ്രശ്നങ്ങൾ ഇപ്പോഴും തുടരുകയാണ്.
സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെതിരായ ഇപ്പോഴത്തെ ഇ.ഡി നീക്കമെന്നാണ് സൂചന. അന്വേഷണം വീണ്ടും മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് നീങ്ങാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.