കൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിൽ സ്വപ്ന സുരേഷ് അടക്കം 12 പ്രതികളെ കസ്റ്റംസിെൻറ കസ്റ്റഡിയിൽ വിട്ടു. സ്വപ്ന സുരേഷിനെ കൂടാതെ സന്ദീപ് നായർ, നേരത്തേ അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന എ.എം. ജലാൽ, മുഹമ്മദ് ഷാഫി, ഇ. സൈദലവി, ടി.എം. മുഹമ്മദ് അൻവർ, അംജദ് അലി, അബ്ദുൽ ഹമീദ്, അബൂബക്കർ പഴേടത്ത്, മുഹമ്മദ് അബ്ദുൽ ഷമീം, സി.വി. ജിഫ്സൽ, പി.ഡി. അബ്ദു എന്നിവരെയാണ് എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ (സാമ്പത്തികം) കോടതി കസ്റ്റംസിെൻറ കസ്റ്റഡിയിൽ വിട്ടത്. സ്വപ്നയെയും സന്ദീപ് നായരെയും ആഗസ്റ്റ് ഒന്ന് വരെയാണ് കസ്റ്റഡിയിൽ വിട്ടത്. ജലാൽ, മുഹമ്മദ് ഷാഫി, അംജദ് അലി എന്നിവരെ ബുധനാഴ്ച വൈകുന്നേരം അഞ്ചുവരെയും ബാക്കിയുള്ളവരെ 30ന് വൈകുന്നേരം അഞ്ചുവരെയുമാണ് കസ്റ്റഡിയിൽ വിട്ടത്.
സന്ദീപിനെയും സ്വപ്നയെയും കസ്റ്റഡിയിൽ വിടുന്നതിനെ പ്രതിഭാഗം ശക്തമായി എതിർത്തിരുന്നു. എന്നാൽ, അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും കള്ളക്കടത്ത് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച ഫൈസൽ ഫരീദ്, റബിൻസ് എന്നിവരെ പിടികൂടാനുണ്ട് എന്നതും കോടതി പരിഗണിച്ചു. ഏതാനും ഉന്നതരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കുറ്റകൃത്യത്തിലെ യഥാർഥസത്യം പുറത്തുകൊണ്ടുവരാൻ കസ്റ്റഡിയിലെ ചോദ്യം ചെയ്യൽ അനിവാര്യമാണെന്ന് നിരീക്ഷിച്ചാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടത്.
കഴിഞ്ഞ ദിവസം സ്വപ്നയെയും സന്ദീപിനെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് സെഷൻസ് കോടതിയെ എൻഫോഴ്സ്മെൻറ് സമീപിച്ചിരുന്നു. എന്നാൽ, കസ്റ്റംസിെൻറ കസ്റ്റഡി കാലാവധി കഴിഞ്ഞശേഷം മാത്രമേ തങ്ങൾ ചോദ്യം ചെയ്യുന്നുള്ളൂവെന്ന് എൻഫോഴ്സ്മെൻറ് അറിയിച്ചതിനെ തുടർന്നാണ് കസ്റ്റംസിന് കസ്റ്റഡിയിൽ വിട്ടുകിട്ടാൻ വഴി തെളിഞ്ഞത്. അതിനിടെ, കഴിഞ്ഞ ദിവസം കസ്റ്റംസ് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ ഒളിവിൽ കഴിയുന്ന ഫൈസൽ ഫരീദ്, റബിൻസ് എന്നിവർക്കെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചു.
ഇരുവർക്കുമെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ അന്വേഷണ സംഘം അടുത്ത ദിവസം ഇൻറർപോളിനെ സമീപിക്കും. ഇവർക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും സമീപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.