ന്യൂഡല്‍ഹി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ആവശ്യത്തിനെതിരെ സ്വർണക്കടത്ത് കേസ് പ്രതിയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം. ശിവശങ്കറിന്റെ തടസ്സഹരജി. ഇ.ഡിയുടെ ഹരജിയില്‍ എന്തെങ്കിലും തീരുമാനമോ ഇടക്കാല ഉത്തരവോ സുപ്രീംകോടതിയിൽ നിന്ന് ഉണ്ടാകും മുമ്പ് തന്നെ കൂടി കേൾക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ഇ.ഡി ഹരജി ഫയൽ ചെയ്തുവെന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് ശിവശങ്കർ കോടതിയിലെത്തിയത്.
സുപ്രീംകോടതി നിർദേശിച്ചാൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ അതിഗുരുതര ആരോപണങ്ങൾ അടങ്ങുന്ന വകുപ്പ് 164 പ്രകാരമുള്ള സ്വപ്നയുടെ മൊഴി നൽകാമെന്ന് ഇ.ഡി വ്യക്തമാക്കിയിരുന്നു. ഇതിന് പിറകെയാണ് ശിവശങ്കറിന്റെ ഹരജി. ശിവശങ്കറിന് പുറമെ കേസിൽ പ്രതികളായ സരിത്, സ്വപ്ന, സന്ദീപ് എന്നിവരെ എതിർകക്ഷികളാക്കിയാണ് ഇ.ഡിയുടെ ഹരജി. സംസ്ഥാന സർക്കാറിനെ ഇതിൽ കക്ഷി ചേർക്കാത്തതിനാൽ തടസ്സ ഹരജിയുമായി വരാനാവില്ല. അതേസമയം കേസ് പരിഗണിക്കുമ്പോൾ സംസ്ഥാന സർക്കാറിന്റെ അഭിപ്രായം തേടിയേക്കാം.
സ്വപ്ന സുരേഷ് പുതിയ മൊഴി നല്‍കിയതിന് പിന്നാലെയാണ് കേസ് കേരളത്തില്‍ നിന്ന് മാറ്റാന്‍ ഇ.ഡി തീരുമാനിച്ചത്. സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇ.ഡി കോച്ചി മേഖല അസി.ഡയറക്ടറാണ് സുപ്രീംകോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമോപദേശത്തിനും കേന്ദ്ര ധന, നിയമ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചക്കും ശേഷമായിരുന്നു ഇത്. നിലവില്‍ കേസ് പരിഗണിക്കുന്നത് എറണാകുളം ജില്ല സെഷന്‍സ് കോടതിയാണ്. അതേസമയം തങ്ങളുടെ ഉദ്യോഗസ്ഥര്‍ക്കെതിരായ തെളിവുകള്‍ പരിശോധിക്കാന്‍ വിചാരണ കോടതിക്ക് അനുമതി നല്കിയ ഹൈകോടതി ഉത്തരവിനെതിരെ ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണന് നല്കിയ മറ്റൊരു ഹരജി സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. ഈ ഹരജിയില്‍ വിചാരണകോടതി നടപടികൾ സ്റ്റേ ചെയ്യണമെന്ന ഇ.ഡിയുടെ ആവശ്യം സുപ്രീംകോടതി അനുവദിച്ചിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച ശേഷം ആ ഹരജി ഇതുവരെ പരിഗണിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.