എരിപുരം (കണ്ണൂർ): സ്വർണക്കടത്ത്, ക്വട്ടേഷൻ സംഘങ്ങൾ പാർട്ടിയെ മുതലെടുത്തുവെന്ന് സി.പി.എം ജില്ല സമ്മേളനത്തിൽ വിമർശനം. സ്വർണക്കടത്തും ക്വട്ടേഷൻ ഇടപാടുകളും വരുമാന മാർഗമായി മാറ്റിയവർ ചില പാർട്ടി നേതാക്കളുടെ പേര് ദുരുപയോഗം ചെയ്താണ് വളർന്നത്. അങ്ങനെ വളരാനും പ്രവർത്തിക്കാനുമുള്ള ഭൗതിക സാഹചര്യം അവർക്ക് ലഭിക്കുകയും ചെയ്തു. പൊതുഇടത്തിൽ പാർട്ടിക്ക് ഇത് വലിയ ക്ഷീണമുണ്ടാക്കിയെന്നും വിമർശനം ഉയർന്നു. പ്രവർത്തന റിപ്പോർട്ടിന്മേലുള്ള പൊതുചർച്ചയിലാണ് പ്രതിനിധികൾ ഇക്കാര്യം തുറന്നടിച്ചത്. എന്നാൽ, ഏതെങ്കിലും നേതാവിെൻറ പേരെടുത്ത് പരാമർശിച്ചുള്ള വിമർശനം ഉണ്ടായില്ല. അതേസമയം, വിമർശനത്തിെൻറ കുന്തമുന പി. ജയരാജന് നേരെയാണെന്നത് വ്യക്തമാണ്.
കരിപ്പൂർ എയർപോർട്ട് അപകടവും സ്വർണക്കടത്ത്, 'പൊട്ടിക്കൽ' ഓപറേഷൻ എന്നിവയുമായി ബന്ധപ്പെട്ട് അർജുൻ ആയങ്കി, ആകാശ് തില്ലങ്കേരി തുടങ്ങിയവർക്കുനേരെയുണ്ടായ പൊലീസ് അന്വേഷണം സി.പി.എമ്മിന് വലിയ തലവേദനയുണ്ടാക്കിയിരുന്നു.
പാർട്ടിയുടെ സൈബർ പോരാളികളായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഇവർ പി. ജയരാജെന പ്രകീർത്തിച്ച് രംഗത്തുവരാറുള്ള പി.ജെ ആർമി പോലുള്ള സമൂഹമാധ്യമ കൂട്ടായ്മ ഭാഗമായുള്ളവരാണ്.
സ്വർണക്കടത്ത് ക്വട്ടേഷൻ സംഘങ്ങൾക്ക് സംരക്ഷണം ഒരുക്കുന്ന പ്രാദേശിക നേതൃത്വത്തിനെതിരെ നടപടി വേണമെന്നും ആവശ്യമുയർന്നു. ക്വട്ടേഷൻ ബന്ധം തുടരുന്നതിനാൽ കൂത്തുപറമ്പ് മേഖലയിൽ ചിലർക്കെതിരെ നേരത്തേ പാർട്ടി നടപടി എടുത്തിരുന്നു.
ആഭ്യന്തര വകുപ്പിെൻറകൂടി ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന സമ്മേളന ചർച്ചയിൽ പൊലീസിനെതിരെയും വിമർശനം ഉയർന്നു. പൊലീസിൽനിന്ന് നീതി ലഭിക്കുന്നില്ലെന്ന് പാനൂർ ഏരിയയിൽനിന്നു പ്രതിനിധികൾ പറഞ്ഞു.
പാർട്ടി ഭരണത്തിലിരുന്നിട്ടും പാർട്ടി പ്രവർത്തകർക്കെതിരെ കള്ളക്കേസ് ചുമത്തപ്പെടുന്ന അനുഭവമാണെന്നും ഇവർ ചൂണ്ടിക്കാട്ടി. പാനൂരിൽ മുസ്ലിംലീഗ് പ്രവർത്തകൻ മൻസൂറിെൻറ കൊലപാതകവുമായി ബന്ധപ്പെട്ട പൊലീസ് നടപടികളാണ് ആഭ്യന്തരവകുപ്പിനെതിരായ വിമർശനത്തിന് പിന്നിലെ പ്രകോപനമെന്നാണ് സൂചന.
പാർട്ടിയുമായി ബന്ധപ്പെട്ട ചിട്ടിത്തട്ടിപ്പ് സംബന്ധിച്ച പ്രശ്നങ്ങളും സമ്മേളനത്തിൽ ചർച്ചയായി.
പാർട്ടി നിയന്ത്രണത്തിലുള്ള പേരാവൂർ ഹൗസ് ബിൽഡിങ് സൊസൈറ്റിയിൽ പാർട്ടി അനുമതിയില്ലാതെ ചിട്ടി നടത്തി നിക്ഷേപകരുടെ കോടികൾ വഞ്ചിച്ച സംഭവം ഈ മേഖലയിൽ അവമതിപ്പുണ്ടാക്കി. ഈ പ്രശ്നത്തിൽ നേതൃത്വത്തിനുണ്ടായ ജാഗ്രതക്കുറവിനെതിരെയും പ്രതിനിധികൾ കുറ്റപ്പെടുത്തി.
12 വനിതകൾ ഉൾപ്പെടെ 49 പേർ ചർച്ചയിൽ പങ്കെടുത്തു. മൂന്നുദിവസത്തെ സമ്മേളനം ഞായറാഴ്ച സമാപിക്കും. രാവിലെ ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പും വൈകീട്ട് പൊതുസമ്മേളനവും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.