ചെങ്ങന്നൂർ: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് യുവതിയെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നുപേർ കൂടി പിടിയിൽ. രണ്ടാം പ്രതി കൊടുങ്ങല്ലൂര്‍ അഴീക്കോട് പേബസാര്‍ കുന്നിക്കുളത്ത് വീട്ടിൽ ഷിഹാബ്, (37) എട്ടാം പ്രതി നോര്‍ത്ത് പറവൂര്‍ വെടിമറ തോപ്പില്‍ പറമ്പില്‍ സജാദ് (32), ഒൻപതാം പ്രതി കൊടുങ്ങല്ലൂര്‍ ഇടവിലങ്ങ് പൊരിബസാര്‍ വൈപ്പില്പാടത്ത് ഫൈസൽ (27) എന്നിവരാണ് വലയിലായത്. ഇതോടെ ഇതുവരെ പിടിയിലായ പ്രതികൾ 10 ആയി. 10 ലേറെപ്പേരെ കൂടി പിടികൂടാനുണ്ട്.
മാന്നാർ ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപം കുരട്ടിക്കാട് വിസ്മയലാസത്തിൽ ബിന്ദു ബിനോയിയെ (39) സായുധസംഘം തട്ടിക്കൊണ്ടുപോയി മർദിച്ച് വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ഫെബ്രുവരി 19ന് ദുബൈയിൽനിന്ന് നാട്ടിലെത്തിയ യുവതിയുടെ കൈയിൽ കൊടുത്തുവിട്ട ഒന്നര കിലോ സ്വർണം നൽകണമെന്ന് വന്ന ദിവസം മുതൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പൊതിയിൽ സ്വർണമാണെന്ന് അറിഞ്ഞ് മാലി വിമാനത്താവളത്തിൽ ഉപേക്ഷിച്ചെന്നാണ് യുവതി പറഞ്ഞത്.
ഇത് വിശ്വസിക്കാൻ തയാറാകാതെ സംഘം മാന്നാർ, തിരുവല്ല, എറണാകുളം തുടങ്ങിയ പ്രദേശങ്ങളിലെ ക്രിമിനലുകളുടെ സഹായത്തോടെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. 22ന് പുലർച്ചയാണ് സംഭവം. ആദ്യം ഒരാളെയും പിന്നീട് ആറ് പേരെയും അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.