തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ തെളിവിനായി സി.സി.ടി.വി ദൃശ്യങ്ങള്‍ തേടി എന്‍.ഐ.എ സംഘം സെക്രട്ടേറിയറ്റിലും. വ്യാഴാഴ്ചയാണ് ദേശീയ അന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥര്‍ ചീഫ് സെക്രട്ടറിയുടെ ഓഫിസിൽ രേഖാമൂലം സി.സി.ടി.വി ദൃശ്യങ്ങൾ തേടിയെത്തിയത്.
പ്രതികളായ സ്വപ്ന സുരേഷും സരിത്തും സന്ദീപ് നായരും സെക്രട്ടേറിയറ്റില്‍ സ്ഥിരം സന്ദര്ശകരായിരുന്നെന്ന് മൊഴി ലഭിച്ചിരുന്നു. അത് സ്ഥിരീകരിക്കുന്ന തെളിവുകൾ തേടിയാണ് സംഘം എത്തിയത്. മുന്‍ ഐ.ടി സെക്രട്ടറി എം. ശിവശങ്കറിെൻറയും മുഖ്യമന്ത്രിയുടെയും ഓഫിസ് സ്ഥിതിചെയ്യുന്ന ബ്ലോക്കിലെ സി.സി.ടി.വി ദൃശ്യങ്ങളാണ് ആവശ്യപ്പെട്ടത്.
രണ്ടുദിവസം മുമ്പ് കേന്ദ്ര അന്വേഷണസംഘം അനൗദ്യോഗികമായി ചീഫ് സെക്രട്ടറിയോട് സി.സി.ടി.വി ദൃശ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇടിമിന്നലിൽ സി.സി.ടി.വി ദൃശ്യങ്ങൾ നഷ്ടപ്പെട്ടെന്ന നിലയിലുള്ള മറുപടിയാണ് ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ ഓഫിസിൽനിന്ന് നൽകിയത്. ഇതിനെതുടര്‍ന്നാണ് ഔദ്യോഗികമായി കത്ത് നല്‍കിയത്. ആരാണ് സി.സി.ടി.വി കൈകാര്യം ചെയ്യുന്നതെന്ന് സംഘം ആരാഞ്ഞു. ഹൗസ് കീപ്പിങ് വിഭാഗമാണെന്ന മറുപടിയെ തുടർന്ന് അവിടേക്ക് പോയി. ഹൗസ് കീപ്പിങ് വിഭാഗം അഡീഷനല്‍ സെക്രട്ടറി എസ്. ഹണിയിൽനിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു.
ചീഫ് സെക്രട്ടറിയുടെ ഓഫിസും ഹൗസ് കീപ്പിങ് വിഭാഗം അഡീഷനല്‍ സെക്രട്ടറിയും നല്കിയ വിശദീകരണം അന്വേഷണസംഘം വിശ്വാസത്തിലെടുത്തിട്ടില്ല. സെക്രട്ടേറിയറ്റിലെ ക്യാമറ സംവിധാനങ്ങളുടെ കേന്ദ്രത്തിലെത്തി ആവശ്യമായ കാര്യങ്ങൾ പിടിച്ചെടുത്ത് പരിശോധിക്കാനാണ് നീക്കം. ഇതിനായി വീണ്ടും കത്ത് നൽകും. സെക്രട്ടേറിയറ്റിൽനിന്ന് എൻ.ഐ.എ ആവശ്യപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങൾ ഉണ്ടെങ്കിൽ കൈമാറാൻ ഹൗസ് കീപ്പിങ് വിഭാഗത്തിന് മുഖ്യമന്ത്രിയുടെ ഓഫിസ് നിർേദശം നൽകി. 10 മാസത്തോളം പഴക്കമുള്ള ദൃശ്യങ്ങൾ ഈ കാമറയിൽ ഉണ്ടാകുമെന്നാണ് അറിയുന്നത്.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കർ കൈകാര്യം ചെയ്തിരുന്ന ഐ.ടി വകുപ്പിന് കീഴിലെ സ്ഥാപനത്തിലായിരുന്നു സ്വർണക്കടത്ത് കേസിലെ രണ്ടാംപ്രതി സ്വപ്ന സുരേഷ് ജോലി ചെയ്തിരുന്നത്. ശിവശങ്കറുമായി പ്രതികള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അദ്ദേഹത്തിന് അറിയാമെന്നുമാണ് ഒന്നാം പ്രതി സരിത്ത് നല്കിയ മൊഴി. ഇവര്‍ സെക്രട്ടേറിയറ്റിലെ ശിവശങ്കറിെൻറ ഓഫിസിലും വന്നതായി മൊഴിയുണ്ട്. ഇതുസംബന്ധിച്ച കാര്യങ്ങൾ ഉറപ്പിക്കുന്നതിനാണ് സെക്രട്ടേറിയറ്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.