ചരക്കു സേവന നികുതി: ഓഫിസുകളെ ബന്ധിപ്പിക്കാന്‍ 16.91 കോടി

തിരുവനന്തപുരം: ചരക്കു സേവന നികുതി നടപ്പാക്കുന്നതിനു മുന്നോടിയായി സംസ്ഥാനത്തെ നികുതി വകുപ്പിന്‍െറ എല്ലാ ഓഫിസുകളെയും ചെക് പോസ്റ്റുകളെയും ബന്ധിപ്പിച്ച് ചരക്കു സേവന നികുതി ശൃംഖല നടപ്പാക്കാന്‍ 16.91 കോടി അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ചരക്കു സേവന ശൃംഖല നടപ്പാക്കുന്നതിനെ കുറിച്ച് പഠിച്ച ധനവകുപ്പ് അഡീഷനല്‍ ചീഫ്സെക്രട്ടറി കെ.എം. എബ്രഹാം അധ്യക്ഷനായ സമിതിയുടെ ശിപാര്‍ശ അംഗീകരിച്ചാണ് തീരുമാനം. ചരക്കു സേവന നികുതി പ്രാബല്യത്തില്‍ വരുന്നതുവരെ കേരള വാല്യു ആഡഡ് ടാക്സ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എന്ന പേരിലാകും ഇത് അറിയപ്പെടുക. ചരക്കു സേവന നികുതി നടപ്പാക്കുന്നതിന് മുന്നോടിയായി നികുതി ഓഫിസുകളെ ബന്ധിപ്പിക്കാന്‍ കമ്പ്യൂട്ടര്‍ വത്കരണം ആവശ്യമാണ്. ഇതിനായി മാസ്റ്റര്‍ സെര്‍വര്‍ അടക്കം സ്ഥാപിക്കണം.

ചെക് പോസ്റ്റുകളെ  ബന്ധിപ്പിക്കുന്നതിനും അവയുടെ  പ്രവര്‍ത്തനം നിരീക്ഷിക്കുന്നിതിനുമായി ഇവയെയും കമ്പ്യൂട്ടര്‍ ശൃംഖലയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. ഇവക്ക് അടിസ്ഥാന സൗകര്യവികസനം നടപ്പാക്കുന്നതിന് 16,91,61,198 രൂപയുടെ പുതുക്കിയ ഭരണാനുമതി നല്‍കാനാണ് തീരുമാനം. കാര്‍ഷിക മേഖലയുടെ അഭിവൃദ്ധിക്കായി രൂപം നല്‍കിയ സംസ്ഥാന- ജില്ലാ- കൃഷി ഭവന്‍ തലത്തിലെ കാര്‍ഷിക വികസന സമിതികള്‍ പുനരുജ്ജീവിപ്പിക്കാനും തീരുമാനിച്ചു. ഇവയുടെ കാലാവധി 2015 ആഗസ്റ്റ് 24ന് അവസാനിച്ചിരുന്നു. മുഖ്യമന്ത്രി അധ്യക്ഷനും കൃഷി മന്ത്രി അടക്കമുള്ള മന്ത്രിമാരും ചീഫ് സെക്രട്ടറിയും കൃഷി സെക്രട്ടറിയും അടക്കമുള്ള ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന സമിതിയാണ് സംസ്ഥാന തലത്തില്‍ രൂപവത്കരിക്കുക. ജില്ല തലത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അധ്യക്ഷനും കലക്ടറും ജനപ്രതിനിധികളും ഉള്‍പ്പെടും. കൃഷി ഭവന്‍ തലത്തിലും കാര്‍ഷിക സമിതികള്‍ രൂപവത്കരിക്കും.

കൊഴിഞ്ഞാമ്പാറ, എളംപ്ളാശ്ശേരി (പാലക്കാട്), കൊടുവള്ളി, നരിപ്പറ്റ (കോഴിക്കോട്), കൂത്തുപറമ്പ് (കണ്ണൂര്‍) എന്നിവിടങ്ങളില്‍ ആരംഭിച്ച സര്‍ക്കാര്‍ ഐ.ടി.ഐകളില്‍ 29 പുതിയ തസ്തികകള്‍ സൃഷ്ടിക്കും. കണ്ണൂര്‍ പുഴാതി വില്ളേജില്‍ രാജേന്ദ്രനഗര്‍ കോളനിക്കുസമീപം സ്ഫോടനത്തിനിരയായവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് ധനസഹായം അനുവദിക്കും. 80 വീടുകളിലെ നാശനഷ്ടത്തുകയായി 1,01,97,000 രൂപയും കാര്‍ഷിക വിളകള്‍ക്ക് നഷ്ടം സംഭവിച്ചതിന് 55,000 രൂപയും ധനസഹായം നല്‍കും.

Tags:    
News Summary - goods and service tax

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.