തിരുവല്ല: വേങ്ങൽ മുണ്ടപ്പള്ളിയിൽ കഞ്ചാവ് വിൽപ്പന സംബന്ധിച്ചുണ്ടായ വാക്കേറ്റത്തെ തുടർന്ന് ഗുണ്ടാസംഘങ്ങൾ മാരകായുധങ്ങളുമായി പരസ്പരം ഏറ്റുമുട്ടി. മൂന്ന് പേർക്ക് പരിക്കേറ്റു. സംഭവത്തിൽ കാപ്പ കേസ് പ്രതിയടക്കം അഞ്ചു പേർ തിരുവല്ല പൊലീസിന്റെ പിടിയിലായി.
കാപ്പ കേസ് പ്രതി ആലംതുരുത്തി വാമനപുരം കന്യാക്കോൺ തുണ്ടിയിൽ വീട്ടിൽ അലക്സ് എം. ജോർജ് (22 ), ഇയാളുടെ സംഘത്തിൽ ഉൾപ്പെടുന്ന ആലംതുരുത്തി തിരുവാമനപുരം കൊട്ടാരം ചിറയിൽ വീട്ടിൽ ജോൺസൺ (20), എതിർ സംഘത്തിലെ പെരുംതുരുത്തി നെടുംപറമ്പിൽ വീട്ടിൽ ഷിബു തോമസ് (28), പെരുംതുരുത്തി കൊല്ലുകടവ് വടക്കേൽ വീട്ടിൽ സച്ചിൻ (26), പെരുംതുരുത്തി തെങ്ങനാംകുളം വീട്ടിൽ വിഷ്ണു കുമാർ (29) എന്നിവരാണ് അറസ്റ്റിലായത്.
മുണ്ടപ്പള്ളി കോളനിക്ക് സമീപം ശനിയാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. കഞ്ചാവ് വിൽപന സംബന്ധിച്ച് ഇരുസംഘങ്ങൾ തമ്മിൽ വാക്കേറ്റം ഉണ്ടായി. തുടർന്ന് വടിവാൾ ഉൾപ്പെടെ മാരകായുധങ്ങളുമായി പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. സി.ഐ ബി.കെ സുനിൽ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അഞ്ച് പേരെയും പിടികൂടുകയായിരുന്നു. ഗുണ്ടാ സംഘാംഗങ്ങളായ ഷിബു, സച്ചിൻ എന്നിവർക്കാണ് വെട്ടേറ്റത്. ജോൺസണ് ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്ക് അടിയേറ്റു. പരിക്കേറ്റ മൂവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.
കഞ്ചാവ് വിൽപന സംബന്ധിച്ച് അലക്സിന്റെയും ഷിബുവിന്റെയും സംഘങ്ങൾ തമ്മിൽ ഏറെക്കാലമായുള്ള തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. പിടിയിലായ പ്രതികൾ അഞ്ചുപേരും വധശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. എസ്.ഐമാരായ പി.കെ കവിരാജ്, ഹുമയൂൺ, എ.എസ്.ഐ അജി, സി.പി.ഒമാരായ ഷാനവാസ്, ജയകുമാർ, മാത്യു എന്നിവടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.