കോട്ടയം: യുവാവിനെ കൊലപ്പെടുത്തി കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനു മുന്നിലിട്ട സംഭവത്തിൽ അഞ്ചുപ്രതികളും പിടിയിൽ. ഇതിൽ രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. മൂന്നുപേർ കസ്റ്റഡിയിലുണ്ടെന്ന് ജില്ല പൊലീസ് മേധാവി ഡി. ശിൽപ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വിമലഗിരി ഉറുമ്പിയത്ത് ഷാൻ ബാബുവിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി ജോമോൻ കെ. ജോസ്, അഞ്ചാം പ്രതി ഓട്ടോഡ്രൈവറായ പാമ്പാടി സ്വദേശി ബിനു എന്നിവരാണ് അറസ്റ്റിലായത്. രണ്ടാം പ്രതി ലുതീഷ്, മൂന്നാംപ്രതി സുധീഷ്, നാലാംപ്രതി കിരൺ എന്നിവരെ ചൊവ്വാഴ്ച പുലർച്ച കസ്റ്റഡിയിലെടുത്തു. ഇവർ മാത്രമാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ളതെന്ന് എസ്.പി പറഞ്ഞു.
ശരത്രാജിന്റെയും (സൂര്യൻ) ജോമോന്റെയും ഗുണ്ടാസംഘങ്ങൾ തമ്മിലെ കുടിപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊല്ലപ്പെട്ട ഷാനും പ്രതി ജോമോനും അടുപ്പക്കാരായിരുന്നു. ഷാനിന്റെ വീട്ടുകാർക്കും ഈ അടുപ്പം അറിയാം. ശരത്രാജുമായും ഷാൻ അടുപ്പത്തിലായിരുന്നു. ശരത്രാജും സംഘവും ചേർന്ന് കഴിഞ്ഞ ഒക്ടോബറിൽ ജോമോന്റെ സുഹൃത്തും കേസിലെ രണ്ടാം പ്രതിയുമായ ലുതീഷിനെ തൃശൂരിലേക്കു വിളിച്ചുവരുത്തി നഗ്നനാക്കി മർദിച്ച് ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ പ്രദർശിപ്പിച്ചിരുന്നു.
ഈ വിഡിയോക്ക് ഷാൻ ലൈക്കും കമന്റുമിട്ടതോടെ ജോമോന് പകയായി. കാപ്പ ഇളവുനേടി പുറത്തുവന്നപ്പോൾ ഷാനും ശരത്രാജും ഒരുമിച്ച് കൊടൈക്കനാൽ യാത്ര പോയതിന്റെ പടവും ഫേസ്ബുക്കിൽ കണ്ടു. ഇതോടെ ഷാൻ ശരത്രാജിന്റെ ആളാണെന്നുറപ്പിച്ചു. തുടർന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. ജോമോന്റെ സംഘാംഗത്തെ മർദിച്ചതുപോലെ ഷാനിനെയും മർദിച്ചതായി പ്രതികൾ പൊലീസിനോടു പറഞ്ഞു. ജോമോനെതിരെ 15 കേസുണ്ട്. 2018 ൽ കാപ്പ ചുമത്താൻ പൊലീസ് റിപ്പോർട്ട് നൽകിയിരുന്നെങ്കിലും നിരസിക്കപ്പെട്ടു. രണ്ടാമത് നൽകിയ റിപ്പോർട്ടിലാണ് 2021ൽ കാപ്പ ചുമത്തി ജില്ലക്ക് പുറത്താക്കിയത്. രണ്ടാം പ്രതിക്കെതിരെ 17 ഉം മൂന്നാം പ്രതിക്കെതിരെ മൂന്നും നാലാം പ്രതികൾക്കെതിരെ ഓരോ കേസുമുണ്ട്. അഞ്ചാം പ്രതി ഓട്ടോ ഡ്രൈവറായ ബിനു ഈ കേസിൽ മാത്രമേ ഉൾപ്പെട്ടിട്ടുള്ളൂ. ജോമോന് കാപ്പയിൽ ഇളവുനൽകുമ്പോൾ പൊലീസിന്റെ റിപ്പോർട്ട് തേടിയിരുന്നില്ലെന്നും എസ്.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.