തൃശൂർ: ആധാർ ഇല്ലാത്തവരും എടുക്കാനാവാത്തവരുമായവർക്ക് പ്രത്യേക അനുമതിയോടെ കേരളത്തിൽ റേഷൻ കാർഡ് നൽകി. ആധാർ റേഷൻകാർഡുമായി ബന്ധിപ്പിക്കാത്തതിെൻറ േപരിൽ ദേശീയതലത്തിൽ മൂന്നുകോടി റേഷൻകാർഡുകൾ റദ്ദാക്കിയ സാഹചര്യത്തിലാണ് കേരളം പ്രത്യേക പരിഗണന അർഹിക്കുന്നവർക്ക് കാർഡ് നൽകിയത്.
കിടപ്പുരോഗികൾ, ഭിന്നശേഷിക്കാർ, മാനസിക വൈകല്യമുള്ളവർ, ബയോമെട്രിക് രേഖകൾ തെളിയാത്തവർ എന്നിവരടക്കം ആധാർ എടുക്കാനാവാത്തവർക്ക് സിവിൽ സപ്ലൈസ് ഡയറക്ടറേറ്റ് വഴിയാണ് കാർഡ് നൽകിയിത്. ഇത്തരത്തിൽ അമ്പതോളം കാർഡുകളാണ് വിതരണം ചെയ്തത്.
ഈ സംവിധാനം ദുരുപയോഗം ചെയ്യാതിരിക്കാനാണ് സിവിൽ സപ്ലൈസ് ഡയറക്ടറേറ്റ് നേരിട്ട് സംസ്ഥാനതലത്തിൽ കാർഡ് നൽകിയത്.
അപേക്ഷകളുമാെയത്തുന്ന, പ്രത്യേക പരിഗണന അർഹിക്കുന്നവരുടെ വിവരങ്ങൾ താലൂക്ക് സപ്ലൈ ഓഫിസർ പരിശോധിച്ച് അന്വേഷണ റിപ്പോർട്ട് സിവിൽ സപ്ലൈസ് ഡയറക്ടർക്ക് നൽകുകയാണ് ചെയ്യുക.
ഡയറക്ടർ ഇക്കാര്യം പരിശോധിച്ച് ബോധ്യപ്പെടുന്നതോടെ ഓൺലൈൻ റേഷൻ കാർഡിനായി നാഷനൽ ഇൻഫർമാറ്റിക്സ് സെൻറർ (എൻ.ഐ.സി) രൂപകൽപന ചെയ്ത വെബ് പോർട്ടലിൽ അപേക്ഷകന് അനുസരിച്ച ആപ്ലിക്കേഷൻ ജനറേറ്റ് ചെയ്യപ്പെടും.
ഇതോടെ ആധാർ ഇല്ലാതെ മുന്നോട്ടുപോകാനാവാത്ത സാഹചര്യം പോർട്ടലിൽനിന്ന് ഒഴിവാകും. തുടർന്ന് താലൂക്ക് സപ്ലൈ ഓഫിസുകൾ കേന്ദ്രീകരിച്ച് ഇത്തരക്കാർക്ക് റേഷൻ കാർഡ് നൽകുന്നതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കാനാവും.
ആധാറുമായി ബന്ധിപ്പിക്കാത്തിെൻറ പേരിൽ കേരളത്തിൽ ആർക്കും റേഷൻ തടയുകയോ കാർഡ് റദ്ദാക്കുകയോ ചെയ്തിട്ടില്ലെന്ന് പൊതുവിതരണ വകുപ്പ് അധികൃതർ വ്യക്തമാക്കി. കേരളത്തിലെ റേഷൻകാർഡ് അംഗങ്ങളിൽ 95.25 ശതമാനം ആധാറുമായി ബന്ധിപ്പിച്ചു കഴിഞ്ഞു.
3,56,76,984 പേരിൽ 3,39,82,325 അംഗങ്ങളുടെ ആധാറാണ് ബന്ധിപ്പിച്ചത്. ഇതിൽതന്നെ ഗുണഭോക്താക്കളായ അന്ത്യോദയ, മുൻഗണന വിഭാഗത്തിൽപെട്ട അംഗങ്ങളിൽ 96 ശതമാനവും ആധാർ ബന്ധിപ്പിച്ചു. ബാക്കിയുള്ളവരിൽ അധിക അംഗങ്ങളും നേരത്തേ പറഞ്ഞ കാരണങ്ങളാൽ ബന്ധിപ്പിക്കാൻ കഴിയാത്തവരാണ്.
അത്തരക്കാർക്ക് റേഷൻ നൽകുന്നതിന് കേന്ദ്രം അനുമതിയും നൽകിയിട്ടുണ്ട്.
മലപ്പുറം: റേഷന്‍ വ്യാപാരത്തിലെ സ്തംഭനാവസ്ഥ പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്ന് റേഷന്‍ വ്യാപാരി സംയുക്തസമിതി സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പി.എം.ജി.കെ അരി, കടല, ഗോതമ്പ് എന്നിവ വിതരണം കഴിഞ്ഞ് പല റേഷന്‍ കടകളിലും കെട്ടിക്കിടക്കുകയാണ്. നിരവധി തവണ ഉദ്യോഗസ്ഥരുടെയും മറ്റും ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടിയുണ്ടായിട്ടില്ല.
വിലകൂടിയ മണ്ണെണ്ണ ആവിയായി പോവുകയാണ്. വിൽപന നടത്താന്‍ അനുമതിയില്ലാത്തതിനാൽ വ്യാപാരികള്‍ക്ക് ഭീമമായ നഷ്ടമാണുണ്ടാവുന്നത്. സബ്സിഡി നിരക്കിലുള്ള മണ്ണെണ്ണ വിഹിതം ലഭിക്കാത്ത സ്ഥിതിയുമുണ്ട്. സ്പെഷല്‍ അരിയുടെ കാര്യത്തിലും ഉദാസീനതയാണ് സര്‍ക്കാര്‍ കാണിക്കുന്നത്.
കമീഷന് അനുവദിക്കുന്നതിലും പുറംതിരിഞ്ഞ് നില്ക്കുന്നു. എല്ലാ കാര്‍ഡുടമകള്‍ക്കും പച്ചരി നല്‍കണം. ഭക്ഷ്യധാന്യ സബ്സിഡി നിര്‍ത്തലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാനാവില്ലെന്നും ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. കാടാമ്പുഴ മൂസ ഹാജി, ടി. മുഹമ്മദലി, ഇ. അബൂബക്കര്‍ ഹാജി, ടി. അജിത്ത്കുമാര്‍ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.