ഭരണഘടനാപ്രശ്നമായി സർക്കാർ-ഗവർണർ പോര്

തിരുവനന്തപുരം: വാക്പോരുകൾക്കപ്പുറം സർക്കാർ-ഗവ‍ർണര്‍ പോര് ഭരണഘടനാപ്രശ്നമായി മാറുന്നു. ഗവർണർക്കെതിരെ സർക്കാറും സി.പി.എമ്മും നിലകൊള്ളുമ്പോൾ അതേ നാണയത്തിൽ തിരിച്ചടിക്കുകയാണ് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ. ഭരണഘടനാപരവും നിയമപരവുമായ രീതിയിൽ തന്‍റെ കർത്തവ്യം നിർവഹിക്കുമെന്ന് ആവർത്തിക്കുന്ന ഗവർണർ ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിരോധത്തിലാക്കുന്ന പരസ്യപ്രസ്താവനയാണ് നടത്തിയിട്ടുള്ളത്. ഗവർണറുടെ ഇൗ വെളിപ്പെടുത്തൽ പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾക്കും കരുത്തുപകരും.

മുഖ്യമന്ത്രി ആവശ്യപ്പെട്ടത് പ്രകാരമായിരുന്നു കണ്ണൂർ വി.സിയുടെ പുനർനിയമനം അംഗീകരിച്ചതെന്നും കണ്ണൂര്‍ തന്‍റെ ജില്ലയാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് മാനിച്ചെന്നുമാണ് ഗവര്‍ണര്‍ വെളിപ്പെടുത്തിയത്. ഗവർണർക്കെതിരായി സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനും വിമർശനം കൂടുതൽ ശക്തമാക്കിയതും ഗവർണറെ ചൊടിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ നിയമസഭയിൽ അവതരിപ്പിച്ച ഗവർണറുടെ അധികാരം വെട്ടിക്കുറക്കുന്ന സര്‍വകലാശാല നിയമഭേദഗതി ബില്ലിലും ലോകായുക്ത നിയമഭേദഗതിയിലും ഒപ്പിടില്ലെന്നാണ് ആരിഫ് മുഹമ്മദ് ഖാൻ നൽകുന്ന സൂചന. ഏത് ബില്ലും സര്‍ക്കാറിന് പാസാക്കാം. എന്നാൽ, ബിൽ ഭരണഘടനാവിരുദ്ധമല്ലെന്ന് ഉറപ്പാക്കേണ്ടത് ഗവര്‍ണറുടെ ചുമതലയാണെന്നാണ് ആരിഫ് മുഹമ്മദ് ഖാന്‍റെ പ്രതികരണം.

എന്നാൽ, ബിൽ അവതരിപ്പിക്കാനറിയാമെങ്കിൽ പാസാക്കാനുമറിയാമെന്ന നിലയിലുള്ള പ്രതികരണം മന്ത്രിമാർ ഉൾപ്പെടെയുള്ളവരിൽ നിന്നുണ്ടായതും ഗവർണറെ ചൊടിപ്പിച്ചിട്ടുണ്ട്. നിയമസഭ പാസാക്കുന്ന ബില്ലുകൾ വേണമെങ്കിൽ ഗവർണർക്ക് ഒപ്പിടാം അല്ലെങ്കിൽ വിശദാംശങ്ങൾ തേടി തിരിച്ചയക്കാം. അതുമല്ലെങ്കില്‍ രാഷ്ട്രപതിക്ക് അയക്കാമെന്നാണ് ഭരണഘടന പറയുന്നത്.

വിശദാംശങ്ങൾ തേടി തിരിച്ചയച്ച ബിൽ വീണ്ടും പരിഗണിക്കാൻ നൽകിയാൽ ഗവർണർ ഒപ്പിടണം. പക്ഷേ, പലപ്പോഴും മിക്ക ഗവർണര്‍മാരും എതിരഭിപ്രായമുള്ള ബില്ലുകൾ തടഞ്ഞുവെക്കുന്നതാണ് പതിവ്. ഇത്തരത്തിൽ പല സുപ്രധാന ബില്ലുകളും പല രാജ്ഭവനുകളിലും കെട്ടിക്കിടക്കുന്നുണ്ട്. കേരളത്തിൽ ക്ഷീരസംഘം സഹകരണ ബിൽ ജൂലൈ 27 മുതൽ രാജ്ഭവൻ പരിഗണനയിലാണ്. സർവകലാശാല ട്രൈബ്യൂണൽ ഭേദഗതി ബില്ലും കഴിഞ്ഞ ഒക്ടോബർ മുതൽ ഒപ്പിടാതിരിക്കുകയാണ്. ഗവർണർ ബില്ലിൽ ഒപ്പിട്ടില്ലെന്ന് കാണിച്ച് സംസ്ഥാനങ്ങൾക്ക് കോടതിയെ സമീപിക്കുന്ന കാര്യത്തിലും പരിമിതിയുണ്ട്.

Tags:    
News Summary - Government-governor dispute as a constitutional issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.