അവയവമാറ്റം കൂടുതല്‍ ഫലപ്രദമാക്കാന്‍ സര്‍ക്കാര്‍ ഉപദേശക സമിതി രൂപീകരിച്ചു- വീണ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് അവയവം മാറ്റിവെക്കല്‍ പ്രക്രിയ കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉപദേശക സമിതി രൂപീകരിച്ച് വിജ്ഞാപനമിറക്കിയെന്ന് മന്ത്രി വീണ ജോര്‍ജ്. 1994ലെ ട്രാന്‍സ്പ്ലാന്റേഷന്‍ ഓഫ് ഹ്യൂമണ്‍ ഓര്‍ഗണ്‍സ് ആക്ട് പ്രകാരമായിരിക്കും ഈ സമിതി പ്രവര്‍ത്തിക്കുക. അപ്രോപ്രിയേറ്റ് അതോറിറ്റിയെ സഹായിക്കുകയും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുക എന്നതാണ് ഉപദേശക സമിതിയുടെ ചുമതലകള്‍. അവയവദാന പ്രക്രിയ കൂടുതല്‍ സുതാര്യമാക്കാനുള്ള നടപടികളും സമിതി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

രണ്ട് വര്‍ഷത്തെ കാലാവധിയുള്ള ഉപദേശക സമിതിയുടെ അധ്യക്ഷന്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി/ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആണ്. മെമ്പര്‍ സെക്രട്ടറി, മെഡിക്കല്‍ വിദഗ്ധര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, നിയമ വിദഗ്ധര്‍, സര്‍ക്കാര്‍ ഇതര സംഘടന/ അവയവം സ്വീകരിച്ചവരുടെ പ്രതിനിധികള്‍ എന്നിവരടങ്ങുന്ന 9 അംഗ സമിതിയാണ്.

കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് പ്രഫസര്‍ ആൻഡ് എച്ച്.ഒ.ഡി. കാര്‍ഡിയോ വാസ്‌കുലര്‍ തൊറാസിക് സര്‍ജനും സൂപ്രണ്ടുമായ ഡോ. ടി.കെ. ജയകുമാര്‍, കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ക്ലിനിക്കല്‍ പ്രൊഫസറും ചീഫ് ട്രാന്‍സ്പ്ലാന്റ് സര്‍ജനുമായ എസ്. സുധീന്ദ്രന്‍ എന്നിവരാണ് സമിതിയിലെ മെഡിക്കല്‍ വിദഗ്ധര്‍. ആരോഗ്യ വകുപ്പ് ഡയറക്ടറാണ് മെമ്പര്‍ സെക്രട്ടറി. സാമൂഹിക പ്രവര്‍ത്തകനായി പൊതുജനാരോഗ്യ വിദ്ഗധന്‍ ഡോ. വി രാമന്‍ കുട്ടി, സാമൂഹിക പ്രവര്‍ത്തകയായി ഡോ. ഖദീജ മുതാംസ്, നിയമ വിദഗ്ധനായി റിട്ടേയര്‍ഡ് ജില്ലാ ജഡ്ജ് എം. രാജേന്ദ്രന്‍ നായര്‍, മറ്റ് അംഗങ്ങളായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഓഫ്താല്‍മോളജി വിഭാഗം മുന്‍ പ്രഫസര്‍ അൻഡ് എച്ച്.ഒ.ഡി. ഡോ. വി. സഹസ്രനാമം, അവയവം സ്വീകരിച്ചവരുടെ പ്രതിനിധിയായി ലിവര്‍ ഫൗണ്ടേഷന്‍ ഓഫ് കേരളയുടെ സെക്രട്ടറി എം.കെ. മനോജ് കുമാര്‍ തുടങ്ങിയവരെയാണ് സമിതി അംഗങ്ങളായി നിയമിച്ചിട്ടുള്ളത്.

സംസ്ഥാനത്ത് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് അപ്രോപ്രിയേറ്റ് അതോറിറ്റിയായി പ്രവര്‍ത്തിക്കുന്നത്. ഓഫീസ് ഓഫ് ദ അപ്രോപ്രിയേറ്റ് അതോറിറ്റി കെ-സോട്ടോ ആണ്. അവയവമാറ്റ ശസ്ത്രക്രിയ നടത്തുന്ന ആശുപത്രികളുടെ ലൈസന്‍സ് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍, അവയവം മാറ്റിവെക്കല്‍ ചട്ടങ്ങളുടെ ലംഘനം സംബന്ധിച്ച പരാതികള്‍ അന്വേഷിക്കുക, നടപടിയെടുക്കുക എന്നീ ചുമതലകളാണ് അപ്രോപ്രിയേറ്റ് അതോറിറ്റിക്കുള്ളത്.

Tags:    
News Summary - Government has formed an advisory committee to make organ transplantation more effective - Veena George

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.