വിഴിഞ്ഞത്ത്​ നടന്നത്​ പുരോഹിതരുടെ നേതൃത്വത്തിലെ അക്രമ സമരമെന്ന്​ സർക്കാർ ഹൈകോടതിയിൽ

കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പൊലീസ് സംരക്ഷണം നൽകണമെന്ന ഹൈകോടതി ഉത്തരവും മാനിക്കാതെ സമരക്കാർ അക്രമം നടത്തുകയായിരുന്നുവെന്ന് സർക്കാർ ഹൈകോടതിയിൽ. ഫാ. യൂജിൻ എച്ച്. പെരേര അടക്കമുള്ള പുരോഹിതരുടെ നേതൃത്വത്തിലാണ് നവംബർ 26ന് തുറമുഖത്തേക്ക്​ എത്തിയ വാഹനങ്ങൾ തടഞ്ഞ്​ അക്രമസമരം നടത്തിയതെന്ന്​ തിരുവനന്തപുരം പൊലീസ് കമീഷണർ സ്​പർജൻ കുമാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ഹൈകോടതി ഉത്തരവ് ശ്രദ്ധയിൽപെടുത്തിയിട്ടും വാഹനങ്ങൾ കടത്തിവിടാൻ തയാറായില്ല. പള്ളിമണിയടിച്ച്​ സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും സ്ഥലത്തേക്ക്​ വിളിച്ചുകൂട്ടി. ഇതിനിടെ തുറമുഖ നിർമാണത്തെ പിന്തുണക്കുന്ന ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിലുള്ളവരും സ്ഥലത്തെത്തി. ഇതോടെ ഇരുകൂട്ടരും കല്ലേറിലേക്കും അതിക്രമങ്ങളിലേക്കും കടക്കുകയായിരുന്നു. അക്രമത്തിന്‍റെ ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും സഹിതമാണ്​ പൊലീസിന്‍റെ സത്യവാങ്​മൂലം. അദാനി ഗ്രൂപ്പും കരാർ കമ്പനിയും നൽകിയ കോടതിയലക്ഷ്യ ഹരജി വെള്ളിയാഴ്ച ജസ്റ്റിസ് അനു ശിവരാമന്‍റെ ബെഞ്ച് പരിഗണിക്കുന്നുണ്ട്.

27ന് സമരക്കാർ നടത്തിയ അക്രമത്തിൽ 85 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്ന്​ സത്യവാങ്​മൂലത്തിൽ പറയുന്നു. സമരക്കാരുടെ അതിക്രമത്തിൽ കെ.എസ്.ആർ.ടി.സിക്ക്​ മാ​ത്രം ഏഴ്ലക്ഷത്തിലധികം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. പൊലീസ് സ്റ്റേഷൻ ആക്രമിച്ച സമരക്കാർ ആറ് പൊലീസ് വാഹനങ്ങളും 20 സ്വകാര്യവാഹനങ്ങളും തകർത്തു. സ്റ്റേഷൻ ആക്രമണത്തിൽ 64 പൊലീസ് ഉദ്യോഗസ്ഥർക്ക്​​ പരിക്കേറ്റു. ഇതിൽ പ്രബേഷനറി എസ്.ഐ ലിജോ കെ. മാണിക്കും കോൺസ്റ്റബിൾ പ്രവീണിനും സാരമായി പരിക്കേറ്റു. ലിജോ മാണിക്ക്​ ശസ്ത്രക്രിയ വേണ്ടിവന്നു. അക്രമവുമായി ബന്ധപ്പെട്ട് തിരിച്ചറിയാവുന്ന 3000 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തുറമുഖനിർമാണം തടസ്സപ്പെടുത്തിയതിന് 119 പേർക്കെതിരെയും കേസുണ്ട്. അഞ്ചുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ ഒരാളെ റിമാൻഡ്​ ചെയ്തു.

അക്രമങ്ങൾ അന്വേഷിക്കാൻ ഡെപ്യൂട്ടി കമീഷണർ കെ. ലാൽജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിന് രൂപം നൽകിയിട്ടുണ്ട്​. ഡി.ഐ.ജി ആർ. നിശാന്തിനിയെ സ്പെഷൽ ഓഫിസറായും ചുമതലപ്പെടുത്തി. വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലും സമീപത്തെ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലും ആവശ്യമായ ക്രമീകരണം ഒരുക്കിയിട്ടുണ്ട്. അഞ്ച് എസ്.പി മാരുടെ നേതൃത്വത്തിൽ 500 പൊലീസുകാരെ സ്ഥലത്ത് നിയോഗിച്ചിട്ടുണ്ട്.

Tags:    
News Summary - Government on Vizhinjam strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.