കോട്ടയം: തുടർനിർമാണ പ്രതീക്ഷകൾക്കിടെ, കോട്ടയത്തെ ആകാശപാതയെ തളളി ഗതാഗതമന്ത്രി രംഗതെത്തിയതോടെ വീണ്ടും അനിശ്ചിതത്വം. ആകാശപാത നിർമ്മാണം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കലിനുള്ള മറുപടിയിലാണ് ആകാശപാത പൊളിച്ചുമാറ്റേണ്ടി വരുമെന്ന് മന്ത്രി ഗണേഷ് കുമാർ സൂചന നൽകിയത്. ജനങ്ങളുടെ മുന്നിൽ നോക്കുകുത്തിയായി നിൽക്കുന്ന ആകാശപാത പൂർത്തിയാക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നായിരുന്നു തിരുവഞ്ചൂരിന്റെ ആവശ്യം.
എന്നാല്‍, കോട്ടയം ആകാശപാതയിൽ സർക്കാർ പണം ദുർവ്യയം ചെയ്തെന്നായിരുന്നു ഗണേഷിന്റെ മറുപടി. ചെയ്യാൻ പാടില്ലാത്ത വകുപ്പിനെ കൊണ്ട് ജോലി ചെയ്യിച്ചിട്ട് പറഞ്ഞിട്ട് കാര്യമില്ല. കോട്ടയം നഗരത്തിൽ അഞ്ച് റോഡുകൾചേരുന്ന സ്ഥലത്താണ് ഈ ആകാശപാത സ്ഥിതി ചെയ്യുന്നത്. കോട്ടയത്തെ അടയാളപ്പെടുത്തുന്ന ഒരു പ്രധാന ഭാഗമാണിത്. അങ്ങനെയുള്ള ഒരു സ്ഥലത്ത്, ഇത്രയധികം വാഹനങ്ങളും കാൽനടയാത്രക്കാരും സഞ്ചരിക്കുന്ന സ്ഥലത്ത് ഉറപ്പായും റോഡ് വികസനം ഉണ്ടാകും. ആ സാഹചര്യത്തിൽ ആകാശപാത പൊളിച്ച് മാറ്റേണ്ടി വരും. ഇപ്പോഴത്തെ വിശകലനപ്രകാരം ആകാശപാത പൂർത്തിയാക്കാൻ 17 കോടി രൂപ കൂടി വിനിയോഗിക്കേണ്ടിവരും. ഇത്രയും തുക ഉപയോഗിച്ച് ഭാവിയിൽ പൊളിച്ചു മാറ്റേണ്ട ഒരു കാര്യം ചെയ്യാൻ സാധിക്കില്ല. ഇതു പൊളിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് ഒരാള്‍ ഹൈകോടതിയെ സമീപിച്ചു. കോടതി ഇത് പരിഗണിച്ചപ്പോൾ പദ്ധതിക്ക് സ്വകാര്യസ്ഥലം ഏറ്റെടുക്കേണ്ടിവരില്ലെന്നാണ് അന്നത്തെ കലക്ടർ റിപ്പോർട്ട് നല്‍കിയത്. സൗജന്യമായി ഭൂമി വിട്ടു നല്‍കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍, ഇപ്പോള്‍ അവർ വിസമ്മതിക്കുന്നതിനാല്‍ കോടിക്കണക്കിനു രൂപ സ്ഥലം ഏറ്റെടുക്കാൻ വേണ്ടിവരും. പണം കൊടുത്ത് സ്ഥലം ഏറ്റെടുക്കാൻ റോഡ് സേഫ്റ്റി അതോറിറ്റിക്ക് അധികാരമില്ല. ഈ സാഹചര്യത്തില്‍ റോഡ് സേഫ്റ്റി അതോറിറ്റിയുടെ ഫണ്ട് ഉപയോഗിച്ച് നിർമാണവുമായി മുന്നോട്ടുപോകാൻ കഴിയില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിയായിരിക്കെ കോട്ടയത്ത് പണിയാരംഭിച്ച ആകാശപാത സാങ്കേതിക, രാഷ്ട്രീയ കാരണങ്ങളാൽ പാതിവഴിയിൽ നിലക്കുകയായിരുന്നു. അടുത്തിടെ ഹൈകോടതി നിർദേശപ്രകാരം ആകാശ പാതയുടെ തുടർ നിർമ്മാണ സാധ്യത ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ പരിശോധിച്ചിരുന്നു. കേരള റോഡ് സേഫ്റ്റി അതോറിറ്റി, നാറ്റ് പാക്, കിറ്റ്കോ, റവന്യു, മോട്ടോർ വാഹനവകുപ്പ്, പൊതുമരാമത്ത് വകുപ്പ്, പൊലീസ് എന്നിവരുടെ സഹകരണത്തോടെയായിരുന്നു പരിശോധന. നേരത്തെ ആകാശപാതക്ക് വലിയ തോതിൽ ബലക്ഷയമില്ലെന്ന് പാലക്കാട് ഐ.ഐ.ടിയിലെ വിദഗ്ധസംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ തുടർച്ചയായിട്ടായിരുന്നു കലക്ടറുടെ നേതൃത്വത്തിലുള്ള പരിശോധന. ആറ് ലിഫ്റ്റുകളും മൂന്ന് ഗോവണികളുമാണ് പദ്ധതിയിലുള്ളത്. ഇവ നിർമിക്കുമ്പോൾ ഗതാഗതത്തെ ബാധിക്കുമോയെന്നായിരുന്നു സംഘം വിലയിരുത്തിയത്. ഇതിനിടെയാണ് പദ്ധതിയെ സർക്കാർ കൈവിട്ടിരിക്കുന്നത്. അതേസമയം, മുൻ ഗതാഗതമന്ത്രി ആന്റണി രാജു പദ്ധതി പൂർത്തിയാക്കണമെന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. ഇനി ഹൈകോടതിയുടെ തീരുമാനമാകും നിർണായകമാകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.